Connect with us

Kerala

പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആരോപണ പ്രത്യാരോപണങ്ങളും വാക്പയറ്റുകള്‍ക്കുമിടയില്‍ നടുത്തളത്തില്‍ വരെ പ്രതിഷേധമെത്തിയെങ്കിലും ഇറങ്ങിപ്പോക്കില്‍ അവസാനിച്ചു. ചോദ്യോത്തര വേളയില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും റൂള്‍ 50 അനുസരിച്ച് നല്‍കിയ നോട്ടീസ് ശൂന്യവേളയില്‍ പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ആരെങ്കിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചെന്ന് കരുതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും നിയമപരമായാണ് വിജിലന്‍സ് മുന്നോട്ടുപോകുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി.
മുപ്പത് സാക്ഷികളില്‍ നിന്ന് ഇതിനകം മൊഴിയെടുത്തു. ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് അന്വഷണം പുരോഗമിക്കുന്നത്. അഴിമതി നടത്തുന്നത് എത്ര ഉന്നത ഉദ്യോഗസ്ഥരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഘട്ടം ഘട്ടമായി മദ്യനിരോധം എന്ന് പറഞ്ഞ് ഘട്ടം ഘട്ടമായി കൈക്കൂലി വാങ്ങുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ബാറുടമകളുടെ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് തെളിവു സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. പണം കൈമാറിയവരുടെ പേര് വിവരങ്ങളും അദ്ദേഹം അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. സമയബന്ധിതമായി ഇവരെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. രണ്ട് ലക്ഷം രൂപ മുതല്‍ 25 ലക്ഷം വരെ ഓരോ ബാറുടമകളില്‍ നിന്ന് പിരിച്ചിട്ടുണ്ടെന്നാണ് അസോസിയേഷന്‍ പറയുന്നത്. മന്ത്രിമാര്‍ക്കും യു ഡി എഫ് നേതാക്കള്‍ക്കും നല്‍കാന്‍ വേണ്ടിയാണ് ഈ പണം പിരിച്ചത്.
ക്വിക്ക് വെരിഫിക്കേഷന്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. 45 ദിവസം കൊണ്ട് അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്. കേരള ഗവര്‍ണറായ ജസ്റ്റിസ് പി സദാശിവം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ക്വിക്ക് വെരിഫിക്കേഷന്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. തെളിവ് നല്‍കാന്‍ പ്രാപ്തരായ സാക്ഷികളെ ലഭിച്ചിട്ടും കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കോഴ വാങ്ങുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടുന്നതെന്ന് അവകാശപ്പെട്ട് സി ഡി സഭയില്‍ ഹാജരാക്കിയ കോടിയേരി അത് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണെന്നറിയിച്ചു. എന്നാല്‍, മുന്‍കൂര്‍ അനുമതിയില്ലാതെ സഭയുടെ മേശപ്പുറത്ത് വെക്കാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. മാണിക്ക് മന്ത്രിപദവിയില്‍ തുടരാന്‍ അവകാശമില്ലെന്നും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.