ചിട്ടിത്തട്ടിപ്പ്: ഒഡീഷയില്‍ ഡി ഐ ജിയെ ചോദ്യം ചെയ്തു

Posted on: December 1, 2014 4:56 am | Last updated: November 30, 2014 at 11:56 pm

page 05ഭൂവനേശ്വര്‍: ചിട്ടി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒഡീഷയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സി ബി ഐ ചോദ്യം ചെയ്തു. ഒഡീഷ നോര്‍ത്ത് സോണ്‍ ഡി ഐ ജി രാജേഷ് കുമാറിനെയാണ് സി ബി ഐ ചോദ്യം ചെയ്തത്. രാജേഷിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്താണ് വിട്ടയച്ചത്.
ഇയാള്‍ക്ക് ചിട്ടി തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ ശുഭാങ്കര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയതെന്ന് സി ബി ഐ അന്വേഷണ സംഘം പറഞ്ഞു. ഈ കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന ആദ്യ ഐ പി എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചിട്ടി തട്ടിപ്പില്‍ നേരിട്ട് പങ്കുള്ളതായാണ് സൂചന. ശുഭാശങ്കറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളില്‍ നിന്നാണ് രാജേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് സി ബി ഐ ക്ക് സൂചന ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇനിയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.