ഇസില്‍: തിരിച്ചെത്തിയയാളെ നുണപരിശോധനക്ക് വിധേയനാക്കിയേക്കും

Posted on: December 1, 2014 4:52 am | Last updated: November 30, 2014 at 11:54 pm

arif majeedന്യൂഡല്‍ഹി: ഇറാഖിലും സിറിയയിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന മുംബൈയിലെ കല്യാണ്‍ സ്വദേശി ആരിഫ് മജീദിനെ എന്‍ ഐ എ നുണപരിശോധനക്ക് വിധേയനാക്കുമെന്ന് സൂചന. ഇസില്‍ പ്രവര്‍ത്തിക്കുന്നതിനിടെ വെടികൊണ്ടത് ചികിത്സിക്കുന്നതിനാണ് ഇയാള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയമുള്ളതിനാലാണ് നുണപരിശോധന നടത്തുന്നത്.
ആരിഫ് മജീദിനെ ഈ മാസം എട്ട് വരെ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തീവ്രവാദ സംഘടനകളോട് ആഭിമുഖ്യമുണ്ടാകാന്‍ കാരണമായ ഉപദേശങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത്, ഇറാഖില്‍ എന്താണ് സംഭവിച്ചത് തുടങ്ങിയ വിവിധ വശങ്ങളെ സംബന്ധിച്ച് എന്‍ ഐ എ മജീദിനെ ചോദ്യം ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് തനിക്ക് ഇസിലിനെ സംബന്ധിച്ച് അറിയാന്‍ കഴിഞ്ഞതെന്നും ഇന്റര്‍നെറ്റില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതിലൂടെയാണ് ഇറാഖിലെ മൂസ്വിലില്‍ എത്തിയതെന്നും മജീദ് പറഞ്ഞു. ജൂലൈയില്‍ ഫലസ്തീന്‍ യുവതി ത്വാഹിറയുമായി മജീദിന്റെ വിവാഹം കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. മജീദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.
ഇറാഖില്‍ മതിയായ ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് ഇന്ത്യയിലെത്തിയതെന്ന വിശദീകരണം എന്‍ ഐ എ മുഖവിലക്കെടുക്കുന്നില്ല. ഇന്ത്യയില്‍ എന്തെങ്കിലും തീവ്രവാദി ആക്രമണമാകാം ലക്ഷ്യമെന്നും അപകടകരമായ പല ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലുണ്ടാകാമെന്നും എന്‍ ഐ എ കരുതുന്നു. മുംബൈ കല്യാണ്‍ സ്വദേശിയായ ആരിഫ് മജീദ് (23) കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. യു എ പി എ പ്രകാരവും ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏതെങ്കിലും ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധം നടത്തുന്ന കുറ്റം കൈകാര്യം ചെയ്യുന്ന ഐ പി സി 125 ാം വകുപ്പ് പ്രകാരവുമാണ് മജീദിനെതിരെ കേസെടുത്തത്. ഇന്ത്യയില്‍ നിന്ന് ഇറാഖിലേക്ക് പോയി കാണാതായ നാല് യുവാക്കളില്‍ ഒരാളായിരുന്നു ആരിഫ് മജീദ്. ഇയാളെ കൂടാതെ ഫഹദ് ശൈഖ്, അമാന്‍ ടണ്ടേല്‍, സഹീം താങ്കി എന്നിവരെയും കാണാതായിരുന്നു.
കഴിഞ്ഞ മെയ് 25നാണ് നാല്‍പ്പതംഗ തീര്‍ഥാടന സംഘത്തോടൊപ്പം ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലേക്ക് ഇത്തിഹാദ് വിമാനത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ നാല് പേരും പോയത്. മെയ് 31ന് മൂസ്വിലില്‍ വെച്ച് നാല് പേരെയും കാണാതാകുകയായിരുന്നു. ഇവര്‍ ഇവിടെ നിന്ന് കാര്‍ വിളിച്ച് പോകുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന മറ്റ് തീര്‍ഥാടകര്‍ പറഞ്ഞത്. ഇറാഖില്‍ ആക്രമണം തുടരുന്ന ഇസില്‍ സംഘത്തോടൊപ്പം ഇവര്‍ ചേര്‍ന്നുവെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ആഗസ്റ്റ് 26ന് സഹോദരനുമായി സഹീം ഫോണില്‍ ബന്ധപ്പെടുകയും ബോംബ് ആക്രമണത്തില്‍ ആരിഫ് കൊല്ലപ്പെട്ടതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, താന്‍ തുര്‍ക്കിയിലുണ്ടെന്നും തിരിച്ചുവരാന്‍ താത്പര്യമുണ്ടെന്നും പിതാവിനെ ആരിഫ് പിന്നീട് വിളിച്ചറിയിച്ചു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ആരിഫിനെ തിരിച്ചെത്തിച്ചത്.
ഇതേത്തുടര്‍ന്നാണ് നാല് യുവാക്കളെയും തിരിച്ചെത്തിക്കാനുള്ള ശ്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. ഇവരില്‍ ഒരാളെയാണ് ഇപ്പോള്‍ തിരിച്ചെത്തിച്ചത്. ശേഷിക്കുന്ന മൂന്ന് പേര്‍ ഇറാഖിലെ തെക്കന്‍ മേഖലയില്‍ ഉണ്ടെന്നാണ് കരുതുന്നത്.