കൊബാനെയില്‍ അമ്പതിലധികം ഇസില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: December 1, 2014 4:30 am | Last updated: November 30, 2014 at 10:30 pm

ദമസ്‌കസ് : സിറിയന്‍ നഗരമായ കൊബാനെയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലും അമേരിക്കന്‍ നേത്യത്വത്തിലുള്ള വ്യോമാക്രമണത്തിലുമായി 50 ഓളം ഇസില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു നിരീക്ഷകന്‍ പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ കൊബാനെ നഗരത്തില്‍ സെപ്തംബര്‍ മുതല്‍ ആക്രമണം നടത്തുന്ന ഇസില്‍ സംഘത്തിന് ഒരു ദിവസത്തിനുള്ളില്‍ ഇത്രയധികം ആളുകളെ നഷ്ടപ്പെട്ട ആപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്നാണിതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘം പറഞ്ഞു.
അഞ്ച് പേര്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലും രണ്ട് പേര്‍ തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുണ്ടായ ആക്രമ സംഭവങ്ങളിലുമാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക സംഘം പറഞ്ഞു. 11 പേര്‍ കുര്‍ദിഷ് പോരാളികളുമായുള്ള സംഘര്‍ഷത്തിലാണ് കൊല്ലപ്പെട്ടത്. കുര്‍ദിഷ് സേനയെ പിന്തുണക്കുന്ന ഒരു സിറിയന്‍ വിമത പോരാളിയും കൊല്ലപ്പെട്ടതായി സംഘം പറഞ്ഞു.
തുര്‍ക്കി അതിര്‍ത്തിപ്രദേശമായ കൊബാനെ സെപ്തംബര്‍ 16നാണ് ഇസില്‍ തീവ്രവാദികള്‍ ആക്രമിച്ചത്. ഏറെ താമാസിയാതെ ഇവര്‍ നഗരത്തില്‍ പിടിമുറുക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കുര്‍ദിഷ് സിറിയന്‍ പോരാളികളും അമേരിക്കയുടെ നേത്യത്വത്തിലുള്ള സഖ്യ സൈന്യവും ആക്രമണം നടത്തിവരികയാണ്. നഗരത്തിന്റെ നിയന്ത്രണം ഇപ്പോള്‍ ഇസിലിന്റെയും കുര്‍ദുകളുടെയും കൈകളിലാണ്.