Connect with us

Kozhikode

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

Published

|

Last Updated

ബാലൂശ്ശേരി: വ്യാപാരിക്കെതിരെ കള്ളക്കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ബാലുശ്ശേരി കൈരളി റോഡിലെ സ്റ്റേഷനറി കച്ചവടക്കാരനായ പുതിയോട്ടും കണ്ടി രാമകൃഷ്ണനെ പ്രതിയാക്കി അബ്കാരി നിയമപ്രകാരം പോലീസ് നല്‍കിയ കുറ്റപത്രത്തിലാണ് വിചാരണക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. രാമകൃഷ്ണനെ പ്രതിയാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ ബിജു മേനോനാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്
കേസിലെ മുഴുവന്‍ തെളിവുകളും സാഹചര്യങ്ങളും പരിഗണിച്ച കോടതി പ്രതികള്‍ക്കെതിരെയുള്ള കേസ് നുണകളുടെ ഒരു ഭാണ്ഡക്കെട്ടു മാത്രം എന്നാണ് വിധിയില്‍ പരാമര്‍ശിച്ചത്. കേസില്‍ പ്രതി അകാരണമായും അന്യായമായും ഇരുപത്തിമൂന്ന് ദിവസം ജയിലില്‍ കഴിയേണ്ടി വന്നിട്ടുള്ളതായി കോടതി വിലയിരുത്തി.
ബാലുശ്ശേരി സ്റ്റേഷനിലെ ഗിരീഷന്‍,റൈറ്റര്‍ ദിനേശന്‍ എന്നീ ഉദ്യോഗസ്ഥര്‍ പ്രതിയോടുള്ള വ്യക്തി വൈരാഗ്യം മൂലം അന്നത്തെ എസ് ഐ സുനില്‍ കുമാറിന്റെ സഹായത്തോടെ പ്രതികള്‍ക്കെതിരെ ഗൂഡാലോചന നടത്തി കള്ളക്കേസില്‍ കുടുക്കിയതാണെന്നായിരുന്നു പ്രതിഭാഗം കേസ്. പ്രതിക്കുവേണ്ടി അഡ്വ. എം ടി തോമസ് ഹാജറായി.