Connect with us

Malappuram

പതിനായിരം രൂപയുടെ ബൈക്കിന് 75 കിലോമീറ്റര്‍ ഇന്ധന ക്ഷമത

Published

|

Last Updated

മലപ്പുറം: ബൈക്ക് വാങ്ങണം. പക്ഷേ, അത്രക്ക് ചക്രം കൈയിലില്ല. അത്തരക്കാര്‍ക്ക് ആശ്വാസവുമായാണ് അടിമാലി എസ് എന്‍ ഡി പി വി എച്ച് എസ് എസ് വിദ്യാര്‍ഥികള്‍ ശാസ്‌ത്രോത്സവത്തിനെത്തിയത്.
സൈക്കിളിനെ ബൈക്കായി പരിവര്‍ത്തനം ചെയ്താണ് പയ്യന്‍സ് പോക്കറ്റിന് ആശ്വാസമേകുന്നത്. ബൈക്കില്‍ ചെത്തണമെങ്കില്‍ അര ലക്ഷം മുതല്‍ ഒരു ലക്ഷം വരെ മുടക്കണം. പതിനായിരം രൂപയുണ്ടെങ്കില്‍ ഓട്ടോ മൊബൈല്‍, ടൂവീലര്‍, ത്രീവീലര്‍ വിദ്യാര്‍ഥികളായ വി എസ് അഭിലാഷും വിനായക് എസ് കാര്‍ത്തികേയനും രൂപകല്‍പ്പന ചെയ്ത ബൈക്ക് റെഡി.
മീശ മുളക്കാത്തവരുടെ കണ്ടുപിടുത്തമെന്ന പുച്ഛം വേണ്ട. മൈലേജില്‍ കമ്പനി ബൈക്കിനെയും വെല്ലും ഈ സൈക്കിള്‍ ബൈക്ക്. 850 മില്ലീലിറ്റര്‍ പെട്രോള്‍ ഒഴിച്ചാല്‍ 75 കിലോമീറ്റര്‍ വരെ ഓടിക്കാം. ടു സ്‌ട്രോക്ക് എന്‍ജിനാണ് ഉപയോഗിച്ചിട്ടുളളത്. ഷോക്ക് അബ്‌സോര്‍ബര്‍ ക്ലച്ച്, ഗിയര്‍, ആക്‌സിലേറ്റര്‍ തുടങ്ങിയവയെല്ലാം ഈ ബൈക്കിലുമുണ്ട്.
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സൈക്കിള്‍ ബൈക്കിന് രൂപം നല്‍കിയത്. വിജയമായതോടെ ശാസ്ത്രമേളയില്‍ അവതരിപ്പിച്ചു. മേളയില്‍ അതൊരു സംഭവമായി. അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും നിര്‍മാണത്തിന് സഹായകമായി. പെട്രോള്‍ ഒഴിവാക്കി സോളാര്‍ പാനല്‍ ഘടിപ്പിച്ച് സൗരോര്‍ജ്ജമുപയോഗിച്ച് ഓടിക്കാവുന്ന ബൈക്ക് യാഥാര്‍ഥ്യമാക്കാനുളള പരിശ്രമത്തിലേക്ക് ശാസ്‌ത്രോത്സവം കഴിഞ്ഞാല്‍ ഇവരുടെ ലക്ഷ്യം.