വിദൂര വിഭാഗം കലോത്സവത്തിന് ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കും

Posted on: November 30, 2014 10:55 am | Last updated: November 30, 2014 at 10:55 am

വേങ്ങര: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം കലോത്സവത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ്. വേങ്ങര കുറ്റാളൂരില്‍ ആരംഭിച്ച വിദൂര വിഭാഗം വിദ്യാര്‍ഥികളുടെ ജില്ലാതല കലോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന കലോത്സവത്തില്‍ വരുന്ന ചിലവിലേക്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമ വശങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. എ പി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ അബ്ദുല്ല, ഊരകം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഹസ്സന്‍, വാര്‍ഡ് അംഗങ്ങളായ കെ പി അബൂബക്കര്‍, പി കെ ജാസിം സമദ്, അബ്ദുല്‍ കരീം പ്രസംഗിച്ചു. അഞ്ച് വേദികളിലായി നാല്‍പ്പത്തി ഏഴ് ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ അറുനൂറോളം മത്സരാര്‍ഥികളാണ് മാറ്റുരക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു ഉദ്ഘാടനം ചെയ്യും.
സമരം നടത്തും
തിരൂരങ്ങാടി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ അടുത്തമാസം 26ന് ധര്‍ണാ സമരം നടത്താന്‍ മൂന്നിയൂര്‍ പഞ്ചായത്ത് പിഡിപി യോഗം തീരുമാനിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. അഡ്വ. ശമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ്, ശാജഹാന്‍, നൗശാദ്, സക്കീര്‍ പ്രസംഗിച്ചു.