Connect with us

Kerala

കൊല്ലം കൊട്ടാരക്കരയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: സാമ്പിളുകള്‍ വീണ്ടും പരിശോധനക്കയച്ചു

Published

|

Last Updated

കൊല്ലം: കൊല്ലത്തും പക്ഷിപ്പനി ബാധിച്ചതായി അനൗദ്യോഗിക സ്ഥിരീകരണം. ജില്ലയിലെ കൊട്ടാരക്കരയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പിന്റെ പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ സതേണ്‍ റീജ്യനല്‍ ഡയഗ്‌നോസ്റ്റിക് ലാബിലേക്കയച്ച സാമ്പിളുകളുകളിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം പോസിറ്റീവായതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഭോപ്പാലിലെ ലാബിലേക്ക് വിശദമായ പരിശോധനക്ക് സാമ്പിളുകള്‍ അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം ഔദ്യോഗികമായി സ്ഥിരീകരിക്കാനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കൊല്ലത്തെ മയ്യനാട്, മങ്ങാട്, കൊട്ടാരക്കര പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലേക്കയച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ കൊട്ടാരക്കര ഒഴികെയുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലെ ഫലവും നെഗറ്റീവാണ്. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിയുടെ വീട്ടിലെ താറാവ് കുഞ്ഞുങ്ങളില്‍ നിന്നെടുത്ത സ്രവത്തിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറ്റിന്‍കര സ്വദേശിയായ ഗൃഹനാഥന്‍ വീട്ടില്‍ വളര്‍ത്തുന്നതിനായി വഴിയോരക്കച്ചവടക്കാരില്‍ നിന്ന് നൂറോളം താറാവ് കുഞ്ഞുങ്ങളെ വാങ്ങിയിരുന്നു. ഇതില്‍ ചിലത് ചത്തതിനെ തുടര്‍ന്നാണ് പരിശോധക്കായി സാമ്പിളുകള്‍ ശേഖരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവ മുഴുവനും ചത്തതിനാല്‍ മറ്റുള്ള സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി പടരില്ലെന്ന് പ്രതീക്ഷിക്കുന്നെങ്കിലും മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ പല സ്ഥലങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുണ്ട്. ജില്ലയില്‍ പക്ഷികള്‍ ചത്തൊടുങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അമ്പതോളം സാമ്പിളുകള്‍ ഇതിനോടകം ശേഖരിച്ച് പരിശോധന നടത്തി. ഇതില്‍ കൊട്ടാരക്കര ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലെയും ഫലം നെഗറ്റീവാണ്. ഭോപ്പാലിലെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Latest