Connect with us

Gulf

അജ്മാന്‍ ഭരണാധികാരിയുടെ കൂടെ ദേശീയദിനാഘോഷം

Published

|

Last Updated

അജ്മാന്‍: അറ്റ്‌ലസ് ഗ്രൂപ്പിന്റെ അജ്മാന്‍ ശാഖയായ ഇന്റര്‍നാഷണല്‍ കോളജ് ഓഫ് ലോ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ ദേശീയ ദിനാഘോഷം നടത്തി. യു എ ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയെ ഔദ്യോഗിക കാര്യാലയത്തില്‍ സന്ദര്‍ശിക്കാനുള്ള അനുമതി ലഭ്യമായിരുന്നു.
2002ല്‍ ശൈഖ് ഹുമൈദിന്റെ പ്രത്യേക ഉത്തരവ് പ്രകാരം രൂപംകൊണ്ട കോളജിലെ വിദ്യാര്‍ഥികള്‍ക്ക് തന്നെ സന്ദര്‍ശിക്കാന്‍ ഭരണാധികാരി അനുമതി കൊടുത്തപ്പോള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആഗ്രഹം യാഥാര്‍ഥ്യമാവുകയായിരുന്നു. യു എ ഇയുടെ പാരമ്പര്യ വസ്ത്രധാരണത്തോടെ 33 വിദ്യാര്‍ഥികളും പത്തു അധ്യാപക-അനധ്യാപക അംഗങ്ങളും ദേശീയപതാകയുമേന്തി പാതയോരത്തുകൂടി അജ്മാന്‍ ഭരണാധികാരിയായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ ഔദ്യോഗിക കാര്യാലയമായ അമീരി കോര്‍ട്ടിലേക്ക് അടുക്കും ചിട്ടയോടും കൂടി നടന്നുനീങ്ങിയപ്പോള്‍ വാഹനങ്ങള്‍ നിറുത്തിയിട്ടും ഹോണ്‍ മുഴക്കിയും കൈ വീശിക്കാട്ടിയും പൊതുജനങ്ങള്‍ വിദ്യാര്‍ഥികളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
അജ്മാന്‍ ഭരണാധികാരിയുടെ മുഖ്യ നിയമോപദേഷ്ടാവ് അബ്ബാസ് അല്‍ നീല്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അറ്റ്‌ലസ് ഗ്രൂപ്പിനുള്ള അംഗീകാരമായാണ് സന്ദര്‍ശനാനുമതിയെ കാണുന്നതെന്ന് ചെയര്‍മാന്‍ മുഹമ്മദ് മുന്‍സീറും സി ഇ ഒ പ്രമീളദേവിയും പറഞ്ഞു.