Kollam
കെ എം എം എല്‍ വര്‍ക്കര്‍ പരീക്ഷ മാറ്റിവച്ചത് ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക

ചവറ; സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കെ എം എല്ലിലെ വര്‍ക്കര്‍ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ മാറ്റിവച്ചതില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക. രേഖാമൂലം ഹാള്‍ ടിക്കറ്റ് ലഭിച്ച വിവിധ ജില്ലകളില്‍ നിന്ന് 13,500 ലധികം വരുന്ന ഉദ്യോഗാര്‍ഥികളാണ് പരീക്ഷ മാറ്റിവച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത്. ഈ മാസം 30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായപ്പോഴാണ് വ്യവസായ, തൊഴില്‍ മന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷ മാറ്റിവച്ചതായി ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞത്. സ്വകാര്യ ഏജന്‍സിക്കായിരുന്നു പരീക്ഷ നടത്താനുള്ള ഉത്തരവാദിത്വം.
കമ്പനിയില്‍ നിലവില്‍ ഒഴിവുള്ള 167 വര്‍ക്കര്‍മാരെ പരീക്ഷയിലൂടെ തെരഞ്ഞെടുക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ എഴുത്തുപരീക്ഷയും രണ്ടാംഘട്ടം അഭിമുഖവും അവസാനഘട്ടം കായിക്ഷമതാ പരീക്ഷയുമാണ് നടത്താനിരുന്നത്. നേരത്തെ പ്രദശവാസികളുടെ സംഘടനയായ ലാപ്പയ്ക്ക് കൊടുത്തിരുന്ന ഉറപ്പ് ലംഘിച്ചുകൊണ്ടാണ്167 പേരെ തെരഞ്ഞെടുക്കാന്‍ പരീക്ഷയുള്‍പ്പെടെയുള്ള നടപടിക്ക് ബന്ധപ്പെട്ടവര്‍ തയ്യാറായത്. കമ്പനിയില്‍ ഒഴിവ് വരുന്ന മുറയ്ക്ക് നിലവിലുള്ള കോണ്‍ട്രാക്ടറുടെ കീഴില്‍ വര്‍ക്ക് ചെയ്യുന്ന കരാര്‍ തൊഴിലാളികളെ കാഷ്വല്‍ തൊഴിലാളികളാക്കാമെന്ന് അന്നുറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ 167 തൊഴിലാളികള്‍ക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ 21 നും 35നും ഇടയ്ക്കുള്ളവരെയാണ് നിയമനത്തിനായി പരിഗണിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. 937 ലാപ്പതൊഴിലാളികളില്‍ 130 ല്‍പരം പേരും 45 വയസ്സുകഴിഞ്ഞവരാണ്.
ഈ സാഹചര്യത്തില്‍ ഈ കരാര്‍ തൊഴിലാളികളെ നിയമനത്തില്‍ നിന്നും ഒഴിവാക്കും. ലാപ്പ തൊഴിലാളികള്‍ പൂര്‍ണമായും നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. തൊഴില്‍ പരിചയവും സാങ്കേതിക വൈദഗ്ധ്യവുമുള്ളവരെ ഒഴിവാക്കി യാതെരുവിധ പരിചയവും ഇല്ലാത്തവരെ ഈ കെമിക്കല്‍ ഫാക്ടറിയില്‍ നിയമിക്കാനുള്ളനീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. നിയമനത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക അഴിമതിക്ക് കളമൊരുക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
കമ്പനിയില്‍ നിന്നും ഉണ്ടാകുന്ന കര-അന്തരീക്ഷ മലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രദേശവാസികള്‍ക്ക് വര്‍ക്കര്‍ നിയമനത്തില്‍ മുന്‍ഗണ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.