കുന്നംകുളം നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പേക്കും

Posted on: November 29, 2014 11:58 am | Last updated: November 29, 2014 at 11:58 am

കുന്നംകുളം: ജനകീയാസൂത്രണ പദ്ധതികളില്‍ നടപ്പാക്കാന്‍ കഴിയാത്തവ നവീകരിച്ച് പദ്ധതികളാക്കി സമര്‍പ്പിക്കാന്‍ നഗരസഭാ യോഗം തീരുമാനിച്ചു.
അജന്‍ഡ ചര്‍ച്ച ചെയ്യാന്‍ വൈകുന്നതായി പരാതിപ്പെട്ട പ്രതിഭക്ഷം ശേഷിക്കുന്ന അജന്‍ഡ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന നിര്‍ദേഷം ഭരണപക്ഷം തളളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ അധ്യക്ഷ വേദിക്ക് മുന്നില്‍ ബഹളം വെച്ച് ഇറങ്ങിപ്പോയി.
അധ്യക്ഷന്‍ സി കെ ഉണ്ണികൃഷ്ണന്‍ അജന്‍ഡ പാസാക്കിയതായി പ്രഖ്യാപിച്ചു. താത്കാലിക അടിസ്ഥാനത്തില്‍ തുടരുന്ന വണ്‍വേ പരിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു. യേശുദാസ് റോഡിലെ പഴയ വണ്‍വേ പുനഃസ്ഥാപിക്കണമെന്ന കെ ലക്ഷ്മിക്കുട്ടിയുടെ പ്രമേയം ഭേദഗതികളോടെ അംഗീകരിച്ചു. ബധിര വൈകല്യമുളള സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളെ അന്നദാനത്തെ കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കെ ബി ഷിബു ആവശ്യപ്പെട്ടു. വാര്‍ഡ് കൗണ്‍സിലറായ തന്നെ ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചില്ലെന്ന് ഭരണപക്ഷ അംഗം കെവി ഗീവര്‍ ആരോപണം ഉന്നയിച്ചത് കൗണ്‍സിലില്‍ ഒച്ചപ്പാടുണ്ടാക്കി.
സ്ഥിരം സമിതി അധ്യക്ഷനെന്ന നിലയില്‍ തന്നെയും ഇത് അറിയിച്ചില്ലെന്ന് എം വി ഉല്ലാസ് കുറ്റപ്പെടുത്തി. നഗരസഭയുടെ പുറം പോക്ക് ഭൂമിയില്‍ കെട്ടിടം പണിയുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കെ മുരളി കെ ബി ശ്രീഹരി എന്നിവര്‍ ആവശ്യപ്പെട്ടു. അനധികൃത കെട്ടിടം പൊളിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സി വി ബേബി ഉന്നയിച്ചു. തെരുവ് വിളക്ക് തെളിയിക്കണമെന്ന ആവശ്യം ഏറെ നേരത്തെ ചര്‍ച്ചക്ക് വഴിവെച്ചു.