കരിമണല്‍ ഖനനം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Posted on: November 29, 2014 11:57 am | Last updated: November 29, 2014 at 8:45 pm

karimanalതിരുവനന്തപുരം; കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്കും അനുമതി നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കരിമണല്‍ ഖനന മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കി. പ്രശ്‌നം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യണമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
കരിമണല്‍ ഖനനം സ്വകാര്യ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന സിംഗില്‍ ബഞ്ച് ഉത്തരവ് വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചത്.
അതേസമയം കരിമണല്‍ ഖനനത്തിനു സ്വകാര്യ മേഖലയെയും പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണു കെഎംഎംഎല്ലിലെ ട്രേഡ് യൂനിയനുകളുടെ ആലോചന.
കരിമണല്‍ ഖനനം അനുവദിച്ചാല്‍ സംയുക്ത പ്രക്ഷോഭം ആരംഭിക്കുമെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം, ചവറ ഐആര്‍ഇയുടെയും കെഎംഎംഎല്ലിന്റെയും ദൗര്‍ബല്യം ചൂഷണം ചെയ്യാനാണ് സ്വകാര്യ കരിമണല്‍ ലോബിയുടെ ശ്രമമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.