താമരശ്ശേരി ടൗണിലെത്തുമ്പോള്‍ മൂക്ക് പൊത്താതെ നിവൃത്തിയില്ല

Posted on: November 29, 2014 9:31 am | Last updated: November 29, 2014 at 9:31 am

താമരശ്ശേരി: താലൂക്ക് ആസ്ഥാനമായ താമരശ്ശേരി ടൗണിലെത്തുമ്പോള്‍ മൂക്ക് പൊത്തതെ നടക്കാനാകില്ല. ദേശീയപാതയില്‍ താമരശ്ശേരി റസ്റ്റ് ഹൗസിന് മുന്നിലെത്തുമ്പോള്‍ അറിയാതെ കൈ മൂക്കിനുമുകളിലെത്തും. ഓട്ടോ തൊഴിലാളികളും വ്യാപാരികളും തൂവാലകൊണ്ട് മൂക്ക് കെട്ടിയാണ് കഴിച്ചുകൂട്ടുന്നത്. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ലോഡ്ജുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ നിന്നും കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഓവുചാലില്‍ കെട്ടിക്കിടക്കുന്നത്. അരമീറ്ററോളം ആഴമുള്ള ഓവുചാലില്‍ ചപ്പുചവറുകള്‍ നിറഞ്ഞതിനാല്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ റോഡിലൂടെ പരന്നൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്തിനും ഏതിനും പ്രതിഷേധിക്കുന്ന യുവജന സംഘടനകളോ സാസ്‌കാരിക നായകന്‍മാരോ ഇക്കാര്യം അറിഞ്ഞ മട്ടില്ല. എല്ലാം അറിഞ്ഞിട്ടും ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ്. ടൗണില്‍ നിത്യേന കഴിച്ചുകൂട്ടുന്നവരും ടൗണിനോട് ചേര്‍ന്ന് താമസിക്കുന്നവരും പകര്‍ച്ച വ്യാധികളുടെ പിടിയിലാകുമെന്ന ഭീതിയിലാണ്.