Connect with us

Ongoing News

രക്ഷിതാവോ വിദ്യാര്‍ഥിയോ മരിച്ചാല്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണം

Published

|

Last Updated

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ഥിയോ രക്ഷാകര്‍ത്താവോ മരണപ്പെട്ടാല്‍ വായ്പ എഴുതിത്തള്ളാന്‍ തയ്യാറാകണമെന്ന് ബന്ധപ്പെട്ട ബേങ്ക് അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനതല ബേങ്കിംഗ് അവലോകന സമിതിയോഗത്തില്‍ ആസൂത്രണവകുപ്പാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുവായ ഒരു സമീപനം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബേങ്കിംഗ് അവലോകന സമിതിയുടെ സ്റ്റിയറിംഗ് കമ്മിറ്റി വ്യക്തമാക്കി. ഓരോ സംഭവങ്ങളുടെയും സാഹചര്യം പരിശോധിച്ച് ഇക്കാര്യത്തില്‍ ബേങ്കുകള്‍ക്ക് അന്തിമതീരുമാനം എടുക്കാം. നാലുലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനേക്കുറിച്ച് ആലോചിക്കാവുന്നതാണെന്നും സ്റ്റിയറിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 2014 ഒക്‌ടോബര്‍ പത്തുമുതലുള്ള മൊറട്ടോറിയത്തിന്റെ ആനുകൂല്യം വിദ്യാഭ്യാസ വായ്പ എടുത്ത അര്‍ഹരായ എല്ലാവര്‍ക്കും അനുവദിക്കണമെന്നും ആസൂത്രണ വകുപ്പ് നിര്‍ദേശിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പലിശ സബ്‌സിഡിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ യാതൊരു കാരണവശാലും ജപ്തി നടപടികള്‍ക്ക് വിധേയരാക്കാന്‍ പാടില്ല, വിദ്യാഭ്യാസ വായ്പയുടെ സാമൂഹിക പ്രതിബദ്ധത മാനിച്ച് വായ്പയെടുത്തവരെ ജപ്തി, കോടതി നടപടികളില്‍ നിന്ന് ഒഴിവാക്കണം. വായ്പയില്‍ പരമാവധി ഇളവ് നല്‍കിയോ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കിയോ വായ്പ തുക പുനഃക്രമീകരണം നല്‍കിയോ സഹായിക്കണമെന്നും ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആസൂത്രണ വകുപ്പ് നിര്‍ദേശിച്ചു. വിവിധ ബേങ്കുകള്‍ നല്‍കു്‌നന വിദ്യാഭ്യാസ വായ്പകളുടെ പലിശ പരമാവധി താഴ്ന്ന നിരക്കില്‍ ഏകീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും തിരികെയെത്തിയ നഴ്‌സുമാരുടെ വിദ്യാഭ്യാസ വായ്പയില്‍ ഇളവു നല്‍കുന്നതിന് കാനറ ബാങ്ക് അംഗീകരിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ മറ്റുബേങ്കുകള്‍ക്ക് കൈമാറിയതായി ബേങ്കേഴ്‌സ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest