പ്രവാസി നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന

Posted on: November 29, 2014 12:37 am | Last updated: November 28, 2014 at 11:37 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 20.46 ശതമാനത്തിന്റെ റെക്കോഡ് വേഗതയാണ് കൈവരിച്ചിരിക്കുന്നത്. സെപ്തംബര്‍ 30വരെയുള്ള കണക്കുപ്രകാരം വാണിജ്യ ബേങ്കുകളിലെ ആകെ പ്രവാസി നിക്ഷേപം 97,465 കോടി രൂപയായി. 16,556 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറുമാസത്തില്‍ മാത്രം 3582 കോടി രൂപയുടെ വര്‍ധനവുണ്ടായതായി സംസ്ഥാനതല ബേങ്കേഴ്‌സ് സമിതിയുടെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രവാസി നിക്ഷേപത്തിന്റെ 40.06 ശതമാനവും സ്വകാര്യ ബേങ്കുകളിലാണ്. സ്റ്റേറ്റ് ബേങ്ക് ഗ്രൂപ്പുകളില്‍ 38,211 കോടിയുടെയും മറ്റു ദേശസാത്കൃത ബേങ്കുകളില്‍ 19,914 കോടിയുടെയും സ്വകാര്യ ബേങ്കുകളില്‍ 39,040 കോടിയുടെയും പ്രവാസി നിക്ഷേപമാണുള്ളത്. ആകെ പ്രവാസി നിക്ഷേപത്തിന്റെ 64.34 ശതമാനവും അര്‍ധനഗര പ്രദേശങ്ങളിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി കഴിയുമ്പോള്‍ സംസ്ഥാനത്തെ വാണിജ്യബേങ്കുകളിലെ ആകെ നിക്ഷേപം 2,92,709 കോടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഇത് 2,52,338 കോടിയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 40,371 കോടിയുടെ (15.99 ശതമാനം) വര്‍ധനവാണുണ്ടായത്.
സംസ്ഥാനത്തെ ആഭ്യന്തര നിക്ഷേപം 1,95,244 കോടിയായി. 2013 സെപ്തംബറിനെ അപേക്ഷിച്ച് 23,815 കോടിയുടെ വര്‍ധന. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൊത്തം നിക്ഷേപത്തില്‍ ആഭ്യന്തര നിക്ഷേപത്തിന്റെ പങ്ക് 67.93 ശതമാനമായിരുന്നത് ഇപ്പോള്‍ 66.70 ശതമാനമായി കുറഞ്ഞു. ആകെ നിക്ഷേപത്തിന്റെ 35.62 ശതമാനവും സ്വകാര്യബാങ്കുകളിലാണ്. അതേസമയം, സംസ്ഥാനത്തെ വായ്പാ നിക്ഷേപാനുപാതം 1.97 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം വായ്പാ നിക്ഷേപാനുപാതം 69.83 ശതമാനമാണ്. ഗ്രാമീണ മേഖലകളില്‍ വായ്പാ നിക്ഷേപാനുപാതം 81.02 ശതമാനവും അര്‍ധ നഗരപ്രദേശങ്ങളില്‍ 60.22ശതമാനവും നഗരപ്രദേശങ്ങളില്‍ 82.36 ശതമാനവുമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വാണിജ്യ ബേങ്കുകള്‍ 38,916 കോടി രൂപ മുന്‍ഗണനാ മേഖലയില്‍ വിനിയോഗിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതിന്റെ 42 ശതമാനമാണിത്.
19,591 കോടി രൂപയും കാര്‍ഷിക മേഖലയിലാണ് വിനിയോഗിച്ചത്.
7725കോടി ദ്വിതീയ മേഖലയിലും 11,599 കോടി സേവന മേഖലയിലും ചെലവിട്ടു. സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് വാണിജ്യ ബാങ്കുകള്‍ 2,04,405 കോടിയുടെ വായ്പകള്‍ നല്‍കി. വാണിജ്യബേങ്കുകളുടെ ശാഖകളുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധനവുണ്ടായി. ഒരുവര്‍ഷത്തിനുള്ളില്‍ 409 പുതിയ ശാഖകളാണ് തുറന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ബേങ്ക് ശാഖകളുടെ എണ്ണം 5828 ആയി ഉയര്‍ന്നു. ഒരുവര്‍ഷത്തിനുള്ളില്‍ പുതുതായി 2295 എ ടി എമ്മുകളും തുറന്നിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി ചെയര്‍മാനും കനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി എസ് റാവത്ത്, കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രതാ ബിശ്വാസ്, പ്ലാനിംഗ് ആന്‍ഡ് എക്കണോമിക് അഫയേര്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി മാരപാണ്ഡ്യന്‍, ധനകാര്യസെക്രട്ടറി ആര്‍ കെ അഗര്‍വാള്‍, റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ശാന്തകുമാര്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്‍ രമേശ്, എസ് എല്‍ ബി സി കണ്‍വീനര്‍ കെ ആര്‍ ബാലചന്ദ്രന്‍, കനറാബേങ്ക് ജനറല്‍ മാനേജര്‍ യു രമേഷ്‌കുമാര്‍ സംസാരിച്ചു.