കലം, കുട; വ്യത്യസ്ത സമര മുറകളുമായി തൃണമൂല്‍ എം പിമാര്‍

Posted on: November 29, 2014 12:22 am | Last updated: November 28, 2014 at 11:22 pm

്‌ന്യൂഡല്‍ഹി: പാര്‍ലിമെന്റില്‍ പുതിയ പ്രതിഷേധ മാര്‍ഗവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റം വരുത്തുന്നതിനെതിരെ പ്രതിഷേധിക്കാന്‍ കലവുമായാണ് തൃണമൂല്‍ എം പിമാര്‍ പാര്‍ലിമെന്റിലെത്തിയത്.
പാര്‍ലിമെന്റ് സമ്മേളിച്ച ആദ്യ നാളുകളില്‍ കറുത്ത കുട പിടിച്ചാണ് സഭക്കുള്ളില്‍ എം പിമാര്‍ പ്രതിഷേധിച്ചത്. പിറ്റേന്ന് കറുത്ത ഷാള്‍ ധരിച്ചെത്തി. ഗ്രാമീണ പ്രദേശങ്ങളില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ 100 ദിവസത്തെ ജോലി ഉറപ്പുനല്‍കുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് പകരം കൂലി വര്‍ധിപ്പിക്കണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെടുന്നത്. യു പി എ ആരംഭിച്ച ജനകീയ പദ്ധതി തുടച്ചുനീക്കുന്നതിനെതിരെ രാജ്യസഭയില്‍ വിവിധ പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് യു പി എ സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതെന്ന് രാജ്യസഭയില്‍ സി പി ഐ നേതാവ് ഡി രാജ പറഞ്ഞിരുന്നു. നിയമത്തെ ബലഹീനപ്പെടുത്തി അട്ടിമറിക്കാനുള്ള ശ്രമമാണ് ബി ജെ പി സര്‍ക്കാറിന്റെതെന്നും ഇത് സ്ഥിതി ഗുരുതരമാക്കുമെന്നും രാജ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കുള്ള വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറക്കുകയും ചില ജില്ലകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ഈ പദ്ധതിക്ക് കീഴിലുള്ള തൊഴില്‍, തൊഴിലുപകരണങ്ങള്‍ തുടങ്ങിയവ വെട്ടിക്കുറക്കുകയും ചെയ്തു.