Connect with us

Editorial

കാശ്മീരിലെ സൈനികാതിക്രമം

Published

|

Last Updated

മധ്യകാശ്മീരിലെ ബദ്ഗാമില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സൈനിക വെടിവെയ്പ് അകാരണമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ്. സംഭവത്തിനുത്തരവാദികളായ രാഷ്ട്രീയ റൈഫിള്‍സിലെ ഒമ്പത് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സൈനികാന്വേഷണ സംഘം ഇവരെ സൈനിക കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നാല് പേര്‍ സഞ്ചരിച്ച കാറിന് നേരെ നവംബര്‍ രണ്ടിനാണ് സൈന്യം വെടിയുതിര്‍ത്തത്. പരിക്കേറ്റ മറ്റു രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ചെക്‌പോസ്റ്റില്‍ വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് തവ്രവാദികളെന്ന ധാരണയില്‍ വെടിയുതിര്‍ത്തതാണെന്നായിരുന്നു സൈനികരുടെ വിശദീകരണം. ഇത് വസ്തുതാ വിരുദ്ധമാണെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.
2010 ഏപ്രിലില്‍ ജമ്മുകാശ്മീര്‍ ബാരാമുള്ള സ്വദേശികളായ ഷഹസാദ് അഹമ്മദ് ഖാന്‍,റിയാസ് അഹമ്മദ് ലോണ്‍,മുഹമ്മദ് ഷാഫി ലോണ്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കമാന്‍ഡിംഗ് ഓഫീസറടക്കം അഞ്ച് സൈനികര്‍ക്ക് പട്ടാള കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് അടുത്ത ദിവസമാണ്. പാക്കിസ്ഥാനി ഭീകരരായിരുന്നു ഇവരെന്നും, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിവെച്ചതെന്നുമായിരുന്നു സൈനികരുടെ വാദം. എന്നാല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഈ യുവാക്കളെ അതിര്‍ത്തിയിലേക്ക് വിളിച്ചുകൊണ്ടുപോയി നിഷ്‌കരുണം കൊല്ലുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2000ല്‍ പത്രിബാളില്‍ ലശ്കറെ ത്വയ്യിബ തീവ്രവാദികളെന്ന പേരില്‍ സൈന്യം വധിച്ച അഞ്ചു പേരുടെ മൃതദേഹം പ്രതിഷേധത്തെ തുടര്‍ന്ന് പിന്നിട് പുറത്തെടുത്തു പരിശോധിച്ചപ്പോള്‍ നിരപരാധികളായ ഗ്രാമവാസികളായിരുന്നു അവരെന്ന് തെളിയുകയുണ്ടായി.
പാരിതോഷികവും മെഡലും മോഹിച്ചു കാശ്മീരില്‍ നിരപരാധികള്‍ക്കെതിരെ കടുത്ത അതിക്രമങ്ങളാണ് സൈനികര്‍ നടത്തി വരുന്നത്. യുവാക്കളെ അകാരണമായി കൊല്ലുന്ന നിരവധി സംഭവങ്ങള്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചെന്നോ, തീവ്രവാദികളായിരുന്നുവെന്നോ ആരോപിച്ചായിരിക്കും വെടിയുതിര്‍ക്കുന്നത്. മിക്കപ്പോഴും ഈ വിശദീകരണത്തോടെ ആ അധ്യായം അവസാനിക്കുകയും ചെയ്യും. ചില സംഭവങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോഴാണ് അന്വേഷണത്തിന ്ഉത്തരവിടുന്നത്. അന്വേഷണം നടന്ന മിക്ക സംഭവങ്ങളിലും സൈനികര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് സൈന്യത്തിന് എതിരാണെന്ന് കണ്ടാല്‍ അന്വേഷണോദ്യോഗസ്ഥരെ സ്വാധീനിച്ച് തിരുത്തുകയോ, പൂഴ്ത്തുകയോ ചെയ്യുന്നതിനാല്‍ ശിക്ഷാനടപടികള്‍ അപൂര്‍വമാണ്. 1991 ഫെബരുവരിയില്‍ കുപ്‌വാര ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ നൂറോളം സ്ത്രീകളെ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം അന്വേഷിച്ച അന്നത്തെ കുപ്‌വാര ഡെപ്യുട്ടി കമ്മീഷണര്‍ എസ് എം യാസീനെ സ്വാധീനിക്കാന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നുണ്ടായ നീക്കങ്ങളെക്കുറിച്ചു അദ്ദേഹം വെളിപ്പെടുത്തിയതാണ്. സൈനികര്‍ തീര്‍ത്തും കുറ്റക്കാരാണെന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് തിരുത്താന്‍ വന്‍ തുകയും ഐ എ എസ് ഉദ്യോഗമടക്കമുള്ള മറ്റു നിരവധി ഓഫറുകളും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നുവത്രെ. അദ്ദേഹം പക്ഷേ, അതിന് വിസമ്മതിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു പതിനഞ്ചാം ദിവസം അദ്ദേഹത്തെ വഖ്ഫ് ബോര്‍ഡ് ആസ്ഥാനത്തേക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിയമിക്കുകയും ചെയ്തു.
സമാധാനം സ്ഥാപിക്കാനാണ് കശ്മീരില്‍ സേനയെ വിന്യസിച്ചത്. എന്നാല്‍, വ്യാജ ഏറ്റുമുട്ടലിലൂടെ നിരപരാധികളെ കൊന്നും കാശ്മീരി യുവതികളുടെ മാനം കവര്‍ന്നും എരിതീയില്‍ എണ്ണയൊഴിക്കുകയാണ് സൈനികര്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന സമാധാന പ്രവര്‍ത്തനങ്ങളും ജനാധിപത്യ പ്രക്രിയയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികളും നിഷ്ഫലമാകുന്നതിന്റെ മുഖ്യകാരണം സൈനികാതിക്രമങ്ങളാണ്. സുരക്ഷിത ബോധത്തിന് പകരം അരാജകത്വ ബോധമാണ് സൈന്യം കാശ്മീരികളില്‍ സൃഷ്ടിക്കുന്നത്. പ്രതിഷേധവുമായി കശ്മീര്‍ ജനത തെരുവിലിറങ്ങേണ്ടിവന്ന സാഹചര്യങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ ഏറിയ പങ്കും പട്ടാളത്തിന്റെ ക്രൂരതകളെ തുടര്‍ന്നായിരുന്നുവെന്ന് വ്യക്തമാകും. രാജ്യത്തിന്റെ സത്‌പേരിന് പോലും ഇത് കളങ്കം സൃഷ്ടിക്കുന്നുണ്ട്. ആഗോള മനുഷ്യാവകാശ സംഘടനകള്‍ പലതവണ കാശ്മീരിലെ സൈനികാതിക്രമത്തിനെതിരെ പ്രതിഷേധിച്ചതാണ്. സംസ്ഥാനത്ത് അടുത്തിടെ നടന്ന സൈനിക വെടിവെയ്പുകളില്‍ പലതും നിയമ വിധേയമായിരുന്നില്ലെന്ന് തെളിഞ്ഞിരിക്കെ, ഇനിയെങ്കിലും കാശ്മീരിലെ സൈന്യത്തിന് മൂക്കുകയറിട്ട് ജനങ്ങള്‍ക്ക് സുരക്ഷിത ബോധം നല്‍കാനും അവരെ വിശ്വാസത്തിലെടുക്കുന്ന നയപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും കേന്ദ്രവും സംസ്ഥാന സര്‍ക്കാറും സന്നദ്ധമാകേണ്ടതുണ്ട്.

Latest