ഷാര്‍ജയില്‍ വാടകയില്‍ 5.3 ശതമാനം വര്‍ധനവ്‌

Posted on: November 28, 2014 7:23 pm | Last updated: November 28, 2014 at 7:23 pm

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിട വാടക 5.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ഷാര്‍ജയില്‍ കെട്ടിട വാടകയില്‍ വര്‍ധനവ് സംഭവിച്ചത്. താമസക്കാരുടെ എണ്ണം വര്‍ധിക്കുകയും ആവശ്യത്തിന് കെട്ടിടങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്തതിനാലാണ് വര്‍ധനവുണ്ടായതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്ലട്ടണ്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഷാര്‍ജ റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് ഔട്ട്‌ലുക്ക് ക്യൂ 3 2014 എന്ന പേരില്‍ പഠനം, റിപ്പോര്‍ട്ടായി ക്ലട്ടണ്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 5.7 ശതമാനമായിരുന്നു ഷാര്‍ജയിലെ വാടക വര്‍ധനവെന്ന് മുമ്പ് കമ്പനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അബുദാബിയിലും ദുബൈയിലും സംഭവിച്ച വാടക വര്‍ധനവിന്റെ തുടര്‍ച്ചയാണ് ഷാര്‍ജയിലും സംഭവിക്കുന്നതെന്ന് ക്ലട്ടണ്‍സ് ഇന്റര്‍നാഷനല്‍ റിസേര്‍ച്ച് ആന്‍ഡ് ബിസിനസ് മാനേജര്‍ ഫൈസല്‍ ദുറാനി വ്യക്തമാക്കി. ഷാര്‍ജ കമ്പോളത്തില്‍ പൊതുവില്‍ ആളുകള്‍ക്ക് താങ്ങാവുന്ന വര്‍ധനവാണ് കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 18 മാസത്തെ കണക്കെടുത്താല്‍ രാജ്യത്ത് പൊതുവില്‍ വന്‍ വര്‍ധനവാണ് കെട്ടിട വാടകയില്‍ പ്രത്യേകിച്ചും താമസ സ്ഥലങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അപാര്‍ട്‌മെന്റുകള്‍ക്കുണ്ടായ വാടക വര്‍ധനവ് 35 ശതമാനത്തോളമാണ്. എന്നാല്‍ ഇതേ കാലയളവില്‍ അഥവാ 2013ന്റെ ആദ്യ പാദം മുതല്‍ 2014ന്റെ ആദ്യ പാദം വരെ വില്ലകള്‍ക്ക് ഏഴു ശതമാനം വര്‍ധനവ് മാത്രമാണ് സംഭവിച്ചത്. 2014ന്റെ രണ്ടാം പാദത്തില്‍ 8.2 ശതമാനമായിരുന്നു വാടകയിലെ വര്‍ധനവ്. വര്‍ഷത്തിന്റെ അവസാന പാദത്തിലും വാടകക്കാരുടെ എണ്ണത്തില്‍ വര്‍ധനവാണ് കാണിക്കുന്നത്.
മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ താമസക്കാര്‍ വാടക വര്‍ധിക്കുന്ന അവസ്ഥയിലും അതേ ഫഌറ്റില്‍ തുടരാന്‍ നിര്‍ബന്ധിതരാവുന്ന സ്ഥിതിയാണ് കാണുന്നത്. കമ്പോളത്തില്‍ കെട്ടിടം വാടകക്ക് ലഭിക്കാന്‍ കൂടുതല്‍ ആവശ്യക്കാരുള്ളതാണ് ഈ സ്ഥിതിക്ക് ഇടയാക്കുന്നത്. ഷാര്‍ജ നഗരസഭ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വാടകയില്‍ വര്‍ധനവ് വരുത്താന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശിക്കുമ്പോഴും വാടക വര്‍ധിക്കുന്നതിന് ഇടയാക്കുന്നത് ആവശ്യത്തിന് കെട്ടിടങ്ങള്‍ വാടകക്കാര്‍ക്ക് ലഭിക്കാത്തതിനാലാണ്. കെട്ടിടങ്ങള്‍ കുറവാണെന്നു പറഞ്ഞാല്‍ അതിനര്‍ഥം താമസക്കാര്‍ക്ക് വാടക വര്‍ധിച്ചാലും അതേ കെട്ടിടത്തെ ആശ്രയിക്കേണ്ടി വരുന്നൂവെന്നാണെന്ന് ക്ലട്ടണ്‍സ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് മോര്‍ഗണ്‍ അഭിപ്രായപ്പെട്ടു.