സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

Posted on: November 28, 2014 12:21 pm | Last updated: November 28, 2014 at 12:21 pm

ഒറ്റപ്പാലം: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. കൈയില്‍ പൊള്ളലേറ്റ പാലപ്പുറം എരഞ്ഞിക്കല്‍ സമീറ(26)യെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചു വര്‍ഷം മുമ്പ് വിവാഹിതരായ സമീറയെ ഭര്‍ത്താവ് നെന്മാറ അടിപ്പെരണ്ട തകരംമട ബശീറും(31) ബന്ധുക്കളും ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പീഡനം സഹിക്കാന്‍ വയ്യാതെ രണ്ട് മാസം മുമ്പ് സമീറ സ്വന്തം വീട്ടിലെത്തിയിരുന്നു. അന്നത്തെ പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇരുമഹല്ല് കമ്മിറ്റികളും ഇടപെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രശ്‌നം പരിഹരിച്ച് സമീറ ഭര്‍തൃവീട്ടിലെത്തിയത്. എന്നാല്‍ ചൊവ്വാഴ്ച മര്‍ദ്ദനമേറ്റ നിലയില്‍ യുവതിയെയും ഒന്നും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെയും പാലപ്പുറത്തെ വീട്ടിന് മുന്‍പില്‍ തള്ളി ബഷീറും കുടുബവും ഓട്ടോയില്‍ സ്ഥലം വിടുകയായിരുന്നുവത്രെ.
തിളച്ച ചായ ദേഹത്തൊഴിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും സ്റ്റീല്‍ പാത്രം കൊണ്ട് തലക്കടിക്കുകയും ചെയ്‌തെന്ന് സമീറ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിഗ്ദധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നെന്മാറ പോലീസാണ് കേസ് അന്വേഷിക്കുന്നത്.