Connect with us

Wayanad

ചൂഷണത്തിന്റെ ലോകം തുറന്ന് കാട്ടി കനിവിന്റെ തീരങ്ങള്‍ ശ്രദ്ധ നേടി

Published

|

Last Updated

കല്‍പ്പറ്റ: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സ്ത്രീധന-ഗാര്‍ഹിക പീഡന നിരോധന ദിനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കനിവിന്റെ തീരങ്ങള്‍ എന്ന നാടകം ശ്രദ്ധ നേടി. സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങളെ പ്രമേയമാക്കിയാണ് നാടകം അവതരിപ്പിച്ചത്. പണിയ വിഭാഗക്കാരുടെ ഭാഷയില്‍ അവതരിപ്പിച്ച നാടകം കാണികള്‍ക്കു മുന്നില്‍ തികച്ചും ലളിതവും ഹൃദ്യവുമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രത്യേകത. മാധവന്‍ എന്ന കൃഷിക്കാരന്റെ കുടുംബജീവിതവും മദ്യപാനത്തിനടിമപ്പെടുന്നതിലൂടെ കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നാടകത്തിന്റെ പ്രമേയം.
മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പാല്‍വെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന മഹിളാ ശിക്ഷക് കേന്ദ്രയിലെ പതിമൂന്നോളം ആദിവാസി വിദ്യാര്‍ത്ഥികളാണ് നാടകത്തില്‍ കഥാപാത്രങ്ങളായത്. നാടകത്തിന്റെ രചന- സംവിധാനം നിര്‍വ്വഹിച്ചതും ഇവര്‍ തന്നെയാണ്. പഠിത്തത്തില്‍ നിന്നു കൊഴിഞ്ഞുപോയ കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത – തുല്യതാ വിദ്യാഭ്യാസം എന്നിവ നല്‍കി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യവുമായി മാനവ വിഭവശേഷി വകപ്പു നടത്തി വരുന്ന മഹിളാ സമഖ്യ സൊസൈറ്റി 1998 ലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 35 പെണ്‍കുട്ടികളാണ് മഹിളാ ശിക്ഷക് കേന്ദ്രയില്‍ ഇന്നുള്ളത്.

Latest