മാവോയിസ്റ്റ് സാന്നിധ്യം: നീലഗിരി വനമേഖലയില്‍ പരിശോധന നടത്തി

Posted on: November 28, 2014 11:02 am | Last updated: November 28, 2014 at 11:02 am

ഗൂഡല്ലൂര്‍: മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന നടത്തി. മഞ്ചൂര്‍ വനമേഖലയിലെ അപ്പര്‍ഭവാനി, കോരകുന്ദ, മുള്ളി, കിണ്ണകോരൈ തുടങ്ങിയ ഗ്രാമങ്ങളിലാണ് പരിശോധന നടത്തിയത്. പേരാണ് സംഘത്തിലുണ്ടായിരുന്നത്. മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്‌നാട് ദൗത്യ സേന എസ് ഐ ഹൈദരലി, ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പഴനിസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള എണ്‍പത് അംഗ സംഘമാണ് പരിശോധന നടത്തിയത്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കായി ശക്തമായ പരിശോധന നടത്തുന്നതിനെത്തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ദൗത്യ സേന 24 മണിക്കൂറും റോന്ത് ചുറ്റുന്നുണ്ട്. കേരളത്തില്‍ പരിശോധന നടക്കുന്നത് കാരണം മാവോയിസ്റ്റുകള്‍ തമിഴ്‌നാട്ടിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്. ആദിവാസി ഗ്രാമങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. മഞ്ചൂര്‍ വനമേഖലയില്‍ സൈനിക വേഷത്തിലുള്ള തോക്കേന്തിയ ഏഴ് പേര്‍ നടന്നുപോകുന്നത് കണ്ടുവെന്ന് ആദിവാസികള്‍ മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയതിരുന്നുവെങ്കിലും ഈ മേഖലയില്‍ വനത്തില്‍ കണ്ടെത്തിയ സംഘം മാവോയിസ്റ്റുകളാണെന്നാണ് പോലീസിന്റെ ബലമായ സംശയം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനമേഖലയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നതാണ് മഞ്ചൂര്‍ വനമേഖല.