എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്കരണം ശ്രദ്ധേയമായി

Posted on: November 28, 2014 10:38 am | Last updated: November 28, 2014 at 10:38 am

തിരൂര്‍: മദ്യപാനത്തിന്റെയും മഴയക്കുമരുന്നിന്റെയും മായാ വലയങ്ങളില്‍ അകപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി ശാസ്‌ത്രോത്സവ നഗരിയില്‍ ഒരുക്കിയ എക് സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്കരണം കാണാന്‍ വന്‍ ജനത്തിരക്ക്. സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടോ മറ്റ് സമ്മര്‍ദ്ദങ്ങളാലോ ഒരാള്‍ മദ്യപാനിയായി മാറുമ്പോള്‍ സമൂഹത്തിനും കുടുംബത്തിനും അയാള്‍ ഒരു ഭാരമായി തീരുകയാണെന്നും പ്രദര്‍ശനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മദ്യപാനിയുടെ കരള്‍, ആമാശയം, ഹൃദയം, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി തകരാറിലായി ഉറക്കമില്ലായ്മ, ഓര്‍മക്കുറവ്, ഡിമന്‍ഷ്യ തുടങ്ങി ഒരുപിടി രോഗങ്ങളുടെ തടവറയില്‍ അകപ്പെട്ട് അവസാനം വേദന തിന്ന് മരിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പ് ഭീതി ഉളവാക്കുന്നു. പുകവലി, പാന്‍മസാല, എന്നിവയുടെ ഉപയോഗം ശ്വാസകോശം മറ്റ് ആന്തരിക അവയവങ്ങള്‍ തകരാറിലാക്കി അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ക്ക് പെട്ടെന്ന് അടിമപ്പെടുമെന്ന് നമ്മെ ഉണര്‍ത്തുന്നു. ചെറിയ പാക്കറ്റിലൂടെ സഞ്ചരിക്കുന്നവനാണ് ലഹരിയെന്നും നിങ്ങള്‍ക്ക് ലഹരി വസ്തുക്കളെ നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അര്‍ബുദത്തിന് കഴിയുമെന്നുള്ള മുന്നറിയിപ്പ് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നവയാണ്. രണ്ട് ഗ്രാം കഞ്ചാവ് കൊണ്ട് ഒരാളില്‍ ലഹരിയുടെ അതിപ്രസരം സൃഷ്ടിക്കാനാവുമെങ്കില്‍ നിരവധി ആളുകളെ സ്വബോധം നഷ്ടപ്പെടുത്തുവാന്‍ ചെറിയൊരു പാക്കറ്റ് മതി.
അതേസമയം ഈ കേസില്‍ പിടിക്കപ്പെടുന്നവര്‍ സമാന സംഭവത്തില്‍ വീണ്ടും പിടിക്കപ്പടാന്‍ കാരണം ഈ കേസില്‍ ഇവര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷയാണ് ഏല്ലാവര്‍ക്കും അഭിപ്രായമുണ്ട്.
വെറും അയ്യായിരം രൂപ പിഴ അടച്ചാല്‍ ഒരു കിലോ വരെ കഞ്ചാവ് കൈവശം വെക്കുന്നയാള്‍ക്ക് പുറത്തിറങ്ങാമെന്ന നിയമ വൃവസ്ഥ പൊളിച്ചെഴുതി കുറഞ്ഞ അളവ് കഞ്ചാവ് കൈവശം വെക്കുന്നവര്‍ക്കും ഗുരുതരമായ ശിക്ഷ ചുമത്തണമെന്നാണ് ഏവരുടെയും ആവശ്യം.