കുത്തക പിരിവിനെതിരെ യൂത്ത് ലീഗ്; പ്രശ്‌നം കൗണ്‍സില്‍ ചര്‍ച്ചക്ക്

Posted on: November 28, 2014 10:15 am | Last updated: November 28, 2014 at 10:15 am

കോട്ടക്കല്‍: ടൗണിലെ കുത്തക പിരിവിനെതിരെ യൂത്ത് ലീഗ് രംഗത്തിറങ്ങിയതോടെ പ്രശ്‌നം നഗരസഭ കൗണ്‍സില്‍ ചര്‍ച്ചക്ക് വെച്ചു. നാളെ ചേരുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് യൂത്ത് ലീഗിന്റെ മുഖ്യപരാതികള്‍ ചര്‍ച്ചക്ക് വെച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റിയില്‍ പിരിവിന് വിളിച്ചെടുത്ത ആളിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നാവശ്യമാണ് പ്രമേയത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. കാലങ്ങളായി ടൗണിലെ പിരിവ് ലീഗ് അനുയായിയാണ് വിളിച്ചെടുക്കുന്നത്. ബസ് സ്റ്റാന്‍ഡിന്റെ വടക്ക് വശത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പെടെ വ്യാജ റസിപ്റ്റാണ് നല്‍കുന്നത്. തെരുവു കച്ചവടക്കാരില്‍ നിന്നും മറ്റും ഭീഷണിപ്പെടുത്തിയും മറ്റുവിധേനയും പലരും പിരിവു നടത്തി വരുന്നുണ്ട്. പരാതിപെടാറുണ്ടെങ്കിലും നടപടികള്‍ ഉണ്ടാവാറില്ല. നേരത്തെ പത്രങ്ങളുടെ ഇടപെടലിലെ തുടര്‍ന്ന് റസിപ്റ്റില്‍ സീല്‍ പതിച്ചിരുന്നു. സ്റ്റാന്‍ഡ് പിരിവെന്ന പേരില്‍ പലരും പണം പറ്റുന്നുണ്ട്. ഇതെ തുടര്‍ന്ന് ലീഗ് അണികളില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗ് മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കിയത്. ഐറിഷ് നിര്‍മാണത്തിലെ അശാസ്ത്രീയതയും പ്രമേയത്തില്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതോടൊപ്പം ടൗണിന്റെ തെക്ക് ഭാഗത്തും ഐറിഷ് നിര്‍മിക്കണമെന്നാവശ്യവും ഉന്നയിച്ചു. സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലും അനധികൃതമായി നടക്കുന്ന മുഴുവന്‍ കച്ചവടക്കാര്‍ക്കെതിരെയും നടപടി വേണമെന്നാണ് മറ്റൊരാവശ്യം. നേരത്തെ മാര്‍ക്കറ്റിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും ഭരണസ്വാധീനം പറ്റി ഇപ്പോഴും ഇത് തുടരുകയാണ്. മുഖം നോക്കാതെയുള്ള നടപടികളാണ് ആവശ്യപ്പെടുന്നതെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.