കേന്ദ്രീയ വിദ്യാലയങ്ങളില്‍ മൂന്നാം ഭാഷ സംസ്‌കൃതമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Posted on: November 28, 2014 4:26 am | Last updated: November 27, 2014 at 11:26 pm

smrithi iraniന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ആറ് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ സംസ്‌കൃതം മൂന്നാം ഭാഷയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംസ്‌കൃതത്തിന് പകരം ജര്‍മന്‍ മൂന്നാം ഭാഷയായി തിരഞ്ഞെടുക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഒരു കൂട്ടം രക്ഷിതാക്കള്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചത്. കേസ് പരിഗണിക്കവേ, സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് ഇത് അനുവദിക്കുകയും ഇന്നലത്തേക്ക് മാറ്റുകയുമായിരുന്നു.
ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ നല്‍കിയ ഹരജിയില്‍ അടിയന്തര പരിഗണന നല്‍കി വാദം കേള്‍ക്കാന്‍ ബഞ്ച് തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഈ മാസം 21 ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയായിരുന്നു. മൂന്നാം ഭാഷയായി എന്ത് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും ഇതുവരെ തുടര്‍ന്നു വരുന്ന സമ്പ്രദായം അധ്യയന വര്‍ഷത്തിന്റെ ഇടയില്‍ വെച്ച് മാറ്റം വരുത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹരജിക്കാര്‍ വാദിച്ചു.
കേന്ദ്രീയ വിദ്യാലയ സമിതിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് കഴിഞ്ഞ മാസം 27ന് ചേര്‍ന്ന യോഗത്തിലാണ് സംസ്‌കൃതത്തിന് ഓപ്ഷനലായി ജര്‍മന്‍ പഠിക്കാനുള്ള അവസരം റദ്ദാക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജര്‍മന്‍ അധിക വിഷയമായി തുടരുമെന്നും യോഗം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. എന്ന് വെച്ചാല്‍ മൂന്നാം ഭാഷയായി സംസ്‌കൃതം പഠിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ജര്‍മന്‍ തിരഞ്ഞെടുക്കാം. സംസ്‌കൃതം വേണ്ടെന്നു വെച്ച് ജര്‍മനിലേക്ക് വരാനാകില്ല. രാജ്യത്തെ 500 കേന്ദ്രീയ വിദ്യാലയങ്ങളിലായി 70,000 വിദ്യാര്‍ഥികളെയാണ് തീരുമാനം ബാധിക്കുക.
തീരുമാനം വിവാദമായതോടെ സ്വരം മയപ്പെടുത്തി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. താന്‍ നടപ്പാക്കുന്നത് ആര്‍ എസ് എസിന്റെ അജന്‍ഡ അല്ലെന്നും സംസ്‌കൃതം നിര്‍ബന്ധമാക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ജര്‍മന്‍ തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് കടകവിരുദ്ധമായ പ്രതികരണമാണ് സുപ്രീം കോടതിയില്‍ നടത്തിയിരിക്കുന്നത്.