Connect with us

Kerala

തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴികള്‍ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നു

Published

|

Last Updated

പാലക്കാട്: പക്ഷിപ്പനിയെ തുടര്‍ന്ന് ഇറച്ചിക്കോഴിക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള ഇറച്ചിക്കോഴി വരവ് കുറഞ്ഞു. 1,000 ലോഡ് കോഴികളാണ് പൊള്ളാച്ചിയിലെ അതിര്‍ത്തി പ്രദേശത്ത് കെട്ടിക്കിടക്കുന്നത്. കേരളത്തിലെ മൊത്ത വ്യാപാരികള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ട ഇറച്ചിക്കോഴി ലോഡുകളും റദ്ദാക്കിത്തുടങ്ങി. പൊള്ളാച്ചി, പല്ലടം, നാമക്കല്‍, ഉദുമല്‍പേട്ട എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ കോഴികള്‍ എത്തുന്നത്. ദിവസേന 10 ലോഡ് ആണ് ഇവിടെ നിന്ന് എത്തുന്നത്. ഇവിടത്തെ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന 80 ശതമാനം ഇറച്ചിക്കോഴികളും കേരളത്തിലേക്കാണ്. കോഴികള്‍ വളര്‍ച്ചയെത്തിയതിനാല്‍ തുടര്‍ന്നു തീറ്റ നല്‍കുന്നത് ചെലവ് വര്‍ധിപ്പിക്കുമെന്നാണ് കോഴി കര്‍ഷകര്‍പറയുന്നത്. കിലോക്ക് 140 രൂപയുണ്ടായിരുന്ന കോഴി വില 85 രൂപയായി കഴിഞ്ഞ ദിവസം കുറഞ്ഞു.
കേരളത്തില്‍ കാണപ്പെട്ട പക്ഷിപ്പനി തമിഴ്‌നാട്ടിലേക്ക് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാറും ജാഗ്രത പാലിക്കുകയാണ്. പല്ലടം, നാമക്കല്‍ പ്രദേശങ്ങളില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തി. കോയമ്പത്തൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പല്ലടത്തു നിന്ന് നിത്യേന 50,000 കിലോഗ്രാം കോഴിയും കോഴിമുട്ടയും കേരളത്തിലേക്ക് പോകുന്നു. കേരളം ഇതര സംസ്ഥാനങ്ങളില്‍നിന്ന് കോഴിയിറച്ചി വരുന്നത് നിരോധിച്ചാല്‍ ഉത്പാദനം നിര്‍ത്തേണ്ടിവരുമെന്ന് ബ്രോയിലേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പല്ലടം പ്രസിഡന്റ് സ്വാതികണ്ണന്‍ പറയുന്നു.
ആഴക്കടല്‍ മീന്‍പിടിത്തത്തിന് നിരോധമുണ്ടാകുന്ന സമയത്തും ക്രിസ്മസ് കാലത്തുമാണ് കോഴിക്കും കോഴിമുട്ടക്കും കേരളത്തില്‍ വലിയ ഡിമാന്‍ഡ്. ക്രിസ്മസ് അടുത്തപ്പോള്‍ വന്ന പക്ഷിപ്പനി കര്‍ഷകരെ ആശങ്കയിലാഴ്ത്തി. നാമക്കല്ലിലെ കോഴികര്‍ഷകരും ആശങ്കയിലാണ്. ഇതിനിടെ രണ്ടു ദിവസത്തിനുള്ളില്‍ കോഴി വിലയില്‍ 25 രൂപയോളം കുറവുണ്ടായിട്ടുണ്ട്.
അതേസമയം, പക്ഷിപ്പനി പ്രചാരണത്തിന്റെ മറവില്‍ സംസ്ഥാനത്തെ കോഴിഫാമുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുവെന്ന് കോഴികര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കോഴിക്കടത്ത് കുറഞ്ഞുവെങ്കിലും പാലക്കാട് ജില്ലയിലെ ഗോപാലപുരം ചെക്ക്‌പോസ്റ്റിലൂടെയും ചെറിയ വാഹനങ്ങളില്‍ അനധികൃതമായി കോഴികള്‍ വരുന്നുണ്ട്.
ഇവിടെ മൃഗസംരക്ഷണ വകുപ്പിന് ചെക്ക്‌പോസ്റ്റ്‌പോലുമില്ല. നികുതിവെട്ടിച്ച് ഊടുവഴികളിലൂടെ വരുന്നവക്ക് രോഗമുണ്ടെങ്കിലും കണ്ടെത്താനാവാത്തത്ഭീതിയും പടര്‍ത്തുന്നുണ്ട്.