ആലത്തൂര്‍ ഏരിയ, ലോക്കല്‍ കമ്മിറ്റികളില്‍ വി എസ് പക്ഷം ആധിപത്യം നിലനിര്‍ത്തി

Posted on: November 28, 2014 12:56 am | Last updated: November 27, 2014 at 11:00 pm

പാലക്കാട്: ജില്ലയില്‍ വി എസ് പക്ഷത്തിന്റെ ശക്തികേന്ദ്രമായ ആലത്തൂര്‍ ഏരിയാ കമ്മിറ്റിയില്‍ ലോക്കല്‍ സെക്രട്ടറിമാരായി വീണ്ടും വി എസ് പക്ഷത്തിന്റെ അമരക്കാര്‍ തന്നെ തിരെഞ്ഞടുക്കപ്പെട്ടു.
വി എസിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ആലത്തൂരില്‍ ഇത്തവണ പിടിച്ചെടുക്കാമെന്ന വ്യമോഹത്തോടെ ഔദ്യോഗിക പക്ഷം കരുക്കള്‍ നീക്കിയെങ്കിലും അതെല്ലാം തകര്‍ത്തുകൊണ്ടാണ് വി എസ് പക്ഷം മുന്നേറ്റം നടത്തിയത്. എരിമയൂര്‍, കുനിശേരി, ആലത്തൂര്‍, കാട്ടുശേരി, കാവശേരി, പാടൂര്‍, തരൂര്‍, മേലാര്‍ക്കോട് എട്ട് ലോക്കല്‍ കമ്മിറ്റികളാണുള്ളത്. ഇതില്‍ തരൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ മാത്രമാണ് രൂക്ഷമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്കിടയാക്കിയതും വിഭാഗീയതക്ക് കളമൊരുക്കിയതും. ഭൂമി, കരിങ്കല്‍, മണല്‍, മണ്ണ് മാഫിയകളുമായുള്ള നേതാക്കള്‍ക്കുള്ള ബന്ധം, ആഡംബരപൂര്‍ണ്ണമായ ജീവിതം, വീട് നിര്‍മാണം, മദ്യപാനം, വിവാഹ ധൂര്‍ത്ത്, വലത് പക്ഷ കൂട്ടുക്കെട്ട്, പാര്‍ട്ടി പരിപാടികളിലെ അജ്ഞത, പാര്‍ട്ടി അംഗങ്ങളുടെ മക്കളുടെ എയ്ഡഡ് സ്‌കൂളിലെ വിദ്യാഭ്യാസം, പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളുടെ നടത്തിപ്പ്, നിയമനങ്ങള്‍, നേതാക്കളുട ധാര്‍ഷ്ട്യം, സദാചാര ലംഘനം, ഫണ്ട് പിരിവുകള്‍, സമരങ്ങളുടെ പരാജയം, സാമ്പത്തിക വളര്‍ച്ചകള്‍, കേസുകളില്‍ നേതാക്കള്‍ ഒഴിഞ്ഞുമാറി യുവാക്കളെ പ്രതിയാക്കി പോലീസിന് ഏല്‍പ്പിക്കല്‍ തുടങ്ങി വിഷയങ്ങള്‍ ആയുധമാക്കിയാണ് എട്ട് ലോക്കല്‍ സമ്മേളനങ്ങളിലും ഇരുപക്ഷങ്ങളും ചര്‍ച്ചയില്‍ ഏറ്റുമുട്ടിയത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വര്‍ഗ്ഗ ബഹുജന സംഘടനകളിലെ നേതൃത്വം വഹിക്കുന്നവര്‍ക്കും യുവാക്കള്‍ക്കും ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിനിധ്യം വര്‍ധിച്ചിട്ടുണ്ടെങ്കിലും പാടൂരിലും കുനിശേരിയിലുമാണ് യുവാക്കള്‍ സെക്രട്ടറിമാരായത്.
തരൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷക്കാരനായ ജില്ലാകമ്മിറ്റിയംഗം കെ എന്‍ നാരായണന്റെ പിന്നില്‍ അണി നിരന്നവരെയെല്ലാം എതിര്‍ പക്ഷം വെട്ടിനിരത്തുകയായിരുന്നു. 15 അംഗ കമ്മിറ്റിയെ മേല്‍ കമ്മിറ്റി നിര്‍ദേശിച്ചപ്പോള്‍ ഇവര്‍ക്കെതിരെ നാല് വി എസ് പക്ഷക്കാരും മൂന്ന് ഔദ്യോഗിക പക്ഷക്കാരും മത്സരിക്കുകയായിരുന്നു.
മത്സരത്തില്‍ വി എസ്പക്ഷക്കാരനായ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ഔദ്യോഗിത പക്ഷത്തിന്റെ അംഗങ്ങളെല്ലാം പരാജയമേറ്റുവാങ്ങി. 9, 6 എന്നതാണ് തരൂര്‍ കമ്മിറ്റിയിലെ ഇപ്പോഴത്തെ പക്ഷങ്ങളുടെ ബലാബലം. പഴമ്പാലക്കോട് ജനങ്ങള്‍ക്ക് ദുരിതമായി പ്രവര്‍ത്തിക്കുന്ന എല്ലുപൊടി ഫാക്ടറിയാണ് ചര്‍ച്ചയില്‍ പൊട്ടിത്തെറിയിലെത്തിച്ചത്.
നിലവിലെ സെക്രട്ടറി വാസുവിനെ ഇതിന്റെ ഭാഗമായാണ് മാറ്റിയതെന്ന് പറയുന്നു. കുനിശേരിയിലും പാടൂരിലും വിഭാഗീയത മത്സരത്തോട് എത്തിച്ചെങ്കിലും മേല്‍കമ്മിറ്റി ഇടപെട്ട് ഇത് പരിഹരിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറിമാരായി എട്ടില്‍ അഞ്ച് പേര്‍ പഴയ ആളുകള്‍ തന്നെ നിലനില്‍ക്കുകയും മൂന്നെണ്ണത്തില്‍ മാത്രമാണ് പുതിയ സെക്രട്ടറിമാര്‍ വന്നത്. ഡി വൈ എഫ് ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളില്‍ നിന്നും കാട്ടുശേരിയിലെ ഒരു വനിത ജി്ല്ലാ കമ്മിറ്റി അംഗത്തിനെയും ആലത്തൂരിലെയും ഒരു അംഗത്തേയും ഒഴിച്ച് ബാക്കി എല്ലാവരേയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളാക്കി പരിഗണിച്ചിരുന്നുസമ്മേളനങ്ങളില്‍.
ലോക്കല്‍ സെക്രട്ടറിമാരായ എ ബാബു( ഏരിമയൂര്‍), അരവിന്ദാക്ഷന്‍( കുനിശേരി), ടി രാജന്‍( ആലത്തൂര്‍), ടി ജി ഗംഗാധരന്‍( കാട്ടുശേരി), കെ മുഹമ്മദാലി( കാവശേരി), പി സി പ്രമോദ്( പാടൂര്‍), പി കെ ചന്ദ്രന്‍( തരൂര്‍), എ പ്രഭാകരന്‍ (പാടൂര്‍)എന്നിവരെയാണ് തിരെഞ്ഞടുക്കപ്പെട്ടത്.
ഏരിയാ സമ്മേളനം 2, 3 തീയതികളിലായി കുനിശേരിയില്‍ നടക്കും. നിലവിലെ ഏരിയാ സെക്രട്ടറി കെ ഡി പ്രസേനന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.