പത്ത് പെറ്റാല്‍ !

Posted on: November 28, 2014 5:17 am | Last updated: November 27, 2014 at 10:18 pm

vhpലക്‌നൗവില്‍ നിന്നൊരു വാര്‍ത്ത. പത്ത് മക്കളില്‍ കൂടുതലുള്ള കുടുംബത്തിന് പാരിതോഷികം നല്‍കുന്നു എന്നതാണത്. ആദിവാസികളുടെതോ ഗോത്രവര്‍ഗത്തിന്റെയോ വംശനാശ ഭീഷണിയിലുള്ള ഏതെങ്കിലും വിഭാഗത്തെ സംരക്ഷിക്കാനാണ് പദ്ധതി എന്ന് തോന്നിപ്പോകും ഇതു കാണുന്ന മാത്രയില്‍. അങ്ങനെയാണെങ്കില്‍ അതിശയോക്തിയില്ല താനും. പക്ഷേ, വാര്‍ത്തയുടെ ഉള്ളറയിലേക്കിറങ്ങുമ്പോഴാണ് കാര്യം ബോധ്യമാകുക. പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് ശിവസേനയാണ്. പാരിതോഷികം കൊടുക്കുന്നതോ ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദു മതസ്ഥര്‍ക്കും. സംഭവത്തിന് പിന്നില്‍ വംശനാശ ഭീഷണിയല്ലെന്ന് ഉറപ്പ്.
ശിവസേനയുടെ ഉത്തര്‍പ്രദേശ് യൂനിറ്റാണ് പദ്ധതി നടത്തുന്നത്. പത്ത് മക്കളുള്ള ഓരോ കുടുംബത്തിനും 25,000 രൂപ വീതമാണ് പാരിതോഷികം. രാജ്യത്ത് മുസ്‌ലിംകളില്‍ പ്രസവം കൂടുതലാണെന്നും അവര്‍ രാജ്യത്തെ കുടുംബാസൂത്രണ നയങ്ങള്‍ പാലിക്കാത്തവരാണെന്നും പറഞ്ഞ് മുസ്‌ലിംകള്‍ക്കെതിരെ ക്രൂരാധിക്ഷേപങ്ങള്‍ എയ്തവരാണ് ഇപ്പോള്‍ കുടുംബാസൂത്രണ പദ്ധതിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ പേരിലും മറ്റും ജനസംഖ്യാ നിയന്ത്രണത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് ശിവസേനയുടെ ഈ പദ്ധതി. ബി ജെ പിയും ശിവസേനയടക്കമുള്ള പരിവാര്‍ സംഘടനകളും ആദ്യ കാലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യമാണ് ‘ഹം ദോ, ഹമാരെ ദോ; വോ പാഞ്ച് ഉന്‍കോ പച്ചീസ്.’ നാം രണ്ട് നമുക്ക് രണ്ട്, അവര്‍ അഞ്ച് അവര്‍ക്ക് ഇരുപത്തഞ്ച് എന്നര്‍ഥം. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി പെരുകുന്നത് മുസ്‌ലിംകളെക്കൊണ്ടാണെന്ന് ധ്വനിപ്പിക്കുന്നതിനായി മെനഞ്ഞുണ്ടാക്കിയതാണ് ഈ മുദ്രാവാക്യം. അതിലൂടെ രാജ്യത്തിന്റെ ‘പുരോഗതി’ക്ക് മുമ്പില്‍ വലിയൊരു വിലങ്ങുതടിയാണ് മുസ്‌ലിംകളെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഈ ഛിദ്രശക്തികള്‍.
അത്യാവശ്യമെങ്കില്‍ ഒരാള്‍ക്ക് നാല് ഭാര്യമാരെ വരെ വേള്‍ക്കാന്‍ നിബന്ധനകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ അത് ചെയ്യുന്നതിനെ ശക്തമായി വിമര്‍ശിക്കുന്നുമുണ്ട് ഇസ്‌ലാം. ഇസ്‌ലാമിലെ ഒരു ആശയത്തിന്റെ സാംഗത്യമറിയാതെയും അറിയാന്‍ ശ്രമിക്കാതെയും മുസ്‌ലിംവിമര്‍ശനത്തിന് എന്തെങ്കിലും കച്ചിത്തുരുമ്പ് തേടി നടക്കുകയാണ് പരിവാറുകാരന്‍.
നമ്മുടെ രാജ്യത്ത് ദാരിദ്ര്യ പ്രശ്‌നം തീര്‍ന്നിട്ടൊന്നുമല്ല ശിവസേനക്കാര്‍ ഈ പദ്ധതിയുമായി വന്നിരിക്കുന്നത്. മറ്റു സമുദായങ്ങളില്‍ ജനസംഖ്യ വര്‍ധിക്കുന്നത് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ന്യായീകരണം. കുടുംബാസൂത്രണ നയങ്ങള്‍ പാലിക്കാത്തതിനാല്‍ അവര്‍ രാജ്യത്ത് പെരുകുകയും അതുമൂലം ഹിന്ദുക്കള്‍ കുറഞ്ഞ് പോകുകയും ചെയ്യുമെന്ന ആശങ്കയാണ് ശിവസേനക്ക്. ഉത്തര്‍ പ്രദേശിലാകട്ടെ. 16 കോടിയിലേറെ വരുന്ന ആകെ ജനസംഖ്യയില്‍ 13 കോടിയോളം ഹൈന്ദവ മതക്കാരാണ്. ആകെ ജനസംഖ്യയുടെ 80 ശതമാനവും അവിടെ ഹൈന്ദവ ജനതയാണ്. എന്നിട്ടും സമുദായ ജനസംഖ്യ കുറയുമെന്ന ആശങ്കയാണ് പദ്ധതിക്ക് പ്രേരകമെന്ന് പറയുന്നതില്‍ കാപട്യത്തിന്റെ നനവുണ്ട്. പ്രസ്ഥാനത്തിലേക്ക് ആളെക്കൂട്ടാനുള്ള തന്ത്രമാണിത്.
രാജ്യത്ത് ഹൈന്ദവരുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ഗൂഢാലോചനകളും ബി ജെ പിയും പരിവാര്‍ സംഘടനകളും ആദ്യകാലം മുതലേ ആരംഭിച്ചതാണ്. ഏത് വിധേനയും മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കാന്‍ അനുവദിക്കരുത് എന്നായിരുന്നു പരിവാര്‍ സംഘടനകളുടെ മുഖ്യ ആഹ്വാനം. ഇന്നും ബി ജെ പി യുടെയും ആര്‍ എസ് എസിന്റെയും വാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങളില്‍ ഇതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്.
ബാബരി മസ്ജിദ് ആക്രമണം നടക്കുന്നതിന്റെ പിന്നിലും ഇത്തരം ഒരു അജന്‍ഡയുണ്ടായിരുന്നു എന്ന് സംശയിക്കാവുന്നതാണ്. മുസ്‌ലിംകളെ ക്ഷുഭിതരാക്കി പരസ്പരം കലഹം സൃഷ്ടിച്ച് ആ കലഹത്തിന്റെ പേരില്‍ അവരെ കൊന്നൊടുക്കുകയായിരുന്നു പദ്ധതി. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. മുസ്‌ലിംകള്‍ക്കെതിരില്‍ നടന്ന കലാപങ്ങള്‍ക്കൊക്കെ മുസ്‌ലിം ആള്‍ബലം കുറയ്ക്കുക എന്നൊരു ലക്ഷ്യവുമുണ്ടായിരുന്നു. 2002ലെ ഗുജ്‌റാത്ത് കലാപത്തില്‍ അന്നത്തെ ഗുജ്‌റാത്ത് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് 790 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍ ശരിയായ കണക്ക് ഇതിലും മീതെയാണ്. യു പി എ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കനുസരിച്ച് കുട്ടികള്‍ മാത്രം 606 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2000ത്തിന് മുകളിലായിരിക്കും ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിംകളുടെ യഥാര്‍ഥ കണക്കെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശരിയായ കണക്ക് എത്രയാകുമെന്ന് ആര്‍ക്കറിയാം? 223 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട ഓരോ കലാപത്തിന് പിന്നിലും പരിവാര്‍ സംഘടനകള്‍ക്ക് ഇങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നു. പാക്കിസ്ഥാന് ബദലാക്കി ഇന്ത്യയെ മാറ്റാനായിരുന്നു അവരുടെ പദ്ധതി.
ഇതിന് പുറമെയാണ് പാരിതോഷിക പദ്ധതികള്‍. രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതികള്‍ ഹിന്ദുക്കള്‍ക്ക് ബാധകമല്ലെന്ന് ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു മഹാരാഷ്ട്രയിലെ ഒരു വേദിയില്‍ മുഖ്യമന്ത്രി ഉണ്ടായിരിക്കെ ശിവസേനാ വക്താവ് പ്രസംഗിച്ചത്. പതിനായിരങ്ങള്‍ പങ്കെടുത്ത പൊതു പരിപാടിയിലായിരുന്നു കുടുംബാസൂത്രണ പദ്ധതിയെ നിരാകരിക്കാനുള്ള പരസ്യമായ പ്രഖ്യാപനം. ബംഗ്ലാദേശില്‍ നിന്ന് അഭയാര്‍ഥികളായി നിരവധി പേര്‍ ഇന്ത്യയിലെത്തിയ സമയത്തായിരുന്നു ഈ പ്രഖ്യാപനം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നായിരുന്നു അന്നും ഇവര്‍ ചൂണ്ടിക്കാണിച്ചത്.
കേവലം എണ്ണത്തില്‍ സമുദായത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണുള്ളതെങ്കില്‍ ഈ പദ്ധതിക്ക് പിറകെ പോകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഹിന്ദുക്കളായാലും മുസ്‌ലിംകളായാലും മതേതര രാജ്യമായ ഇന്ത്യയില്‍ സാമാധാന ജീവിതം ആഗ്രഹിക്കുന്നവരാരും വര്‍ഗീയതക്ക് കൂട്ടുനില്‍ക്കുകയില്ല. അപ്പോള്‍ കേവലം ഹിന്ദുക്കളെ ഉണ്ടാക്കലല്ല ലക്ഷ്യം എന്ന് വ്യക്തം. സ്വന്തം സമുദായത്തിലെ തന്നെ ആളുകളെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് കിട്ടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം മാറ്റലായിരിക്കും അഭികാമ്യം.