ഈര്‍ച്ചപ്പൊടിയില്‍ നിന്ന് പെട്രോള്‍ ഉല്‍പാദിപ്പിക്കാമെന്ന് ഗവേഷകര്‍

Posted on: November 27, 2014 8:27 pm | Last updated: November 27, 2014 at 8:27 pm

petroliumഈര്‍ച്ചപ്പൊടിയില്‍ നിന്ന് പെട്രോള്‍ ഉല്‍പാദിപ്പിക്കാമെന്ന് ഗവേഷകര്‍. ഈര്‍ച്ചപ്പൊടിയില്‍ നിന്ന് പെട്രോള്‍ ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ ഹൈഡ്രോകാര്‍ബണുകള്‍ ബെല്‍ജിയത്തിലെ കതോലിക് യൂണിവേഴ്‌സിറ്റി ല്യൂവനിലെ ഗവേഷകര്‍ വേര്‍തിരിച്ചെടുത്തു. ഒരു പുതിയ രാസപ്രക്രിയ ഉപയോഗിച്ചാണ് ഈര്‍ച്ചപ്പൊടിയിലടങ്ങിയ സെല്ലുലോസിലെ ഹൈഡ്രോകാര്‍ബണ്‍ ചെയിനുകളെ ഗവേഷകര്‍ വേര്‍തിരിച്ചത്. ഈ ഹൈഡ്രോകാര്‍ബണുകള്‍ ഉപയോഗിച്ച് ഗാസോലിനും പ്ലാസ്റ്റിക്കും ഉല്‍പാദിപ്പിക്കാനാവുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

‘സസ്യങ്ങള്‍, പരുത്തി, പേപ്പറുകള്‍ തുടങ്ങിയവയിലെല്ലാം സെല്ലുലോസ് അടങ്ങിയിട്ടുണ്ട്. സെല്ലുലോസിലെ കാര്‍ബണ്‍ ചെയിനുകളെ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് ഞങ്ങളുടേത്. ഗാസോലിനില്‍ കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ ഉണ്ടാകുന്നത് അനുപേക്ഷണീയമല്ലാത്തത് കൊണ്ട് കാര്‍ബണുമായി രാസ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓക്‌സിജന്‍ തന്‍മാത്രകളെ ഒഴിവാക്കേണ്ടതുണ്ട്’. ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ ബെര്‍ട്ട് സെല്‍സ് പറയുന്നു. സെല്ലുലോസില്‍ നിന്ന് ഹൈഡ്രോകാര്‍ബണുകള്‍ വേര്‍തിരിച്ച് എടുക്കുന്നതിനാവശ്യമായ രാസപ്രക്രിയ കണ്ടെത്തിയത് ഗവേഷകനായ ബ്യൂ ഒപ് ഡി ബീക്ക് ആണ്.

ഹൈഡ്രോകാര്‍ബണ്‍ ചെയിനുകളുപയോഗിച്ച് പ്ലാസ്റ്റിക്, റബ്ബര്‍, നൈലോണ്‍ തുടങ്ങിയവ നിര്‍മ്മിക്കാനാവശ്യമായ എഥിലീന്‍,പ്രൊപ്പിലീന്‍, ബെന്‍സീന്‍ തുടങ്ങിയവയും നിര്‍മ്മിക്കാനാവും. എനര്‍ജി ആന്റ് എന്‍വിയോണ്‍മെന്റ് സയിന്‍സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.