Connect with us

Gulf

അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്നത് മരണങ്ങള്‍ക്ക് വഴിവെക്കുന്നു

Published

|

Last Updated

അജ്മാന്‍: അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്നത് അജ്മാനില്‍ മരണങ്ങള്‍ക്ക് വഴിവെക്കുന്നു. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദ് റോഡില്‍ അലക്ഷ്യമായി റോഡ് മുറിച്ചു കടന്നതിനെ തുടര്‍ന്ന് രണ്ട് ഏഷ്യക്കാര്‍ കാറിടിച്ച് മരിച്ചിരുന്നു. കോര്‍ണിഷ് സ്ട്രീറ്റിലായിരുന്നു അപകടം. ആളുകള്‍ മേല്‍പാലങ്ങള്‍ ഉപയോഗിക്കാതെ റോഡ് മുറിച്ചു കടക്കുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. മേഖലയില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ മേല്‍പാലങ്ങള്‍ കുറവാണെന്നും ഇതാണ് കാല്‍നടക്കാര്‍ അപകടത്തില്‍പെടാനും മരിക്കാനും ഇടയാക്കുന്നതെന്നും സിവില്‍ എഞ്ചിനിയറും ജോര്‍ദാന്‍ സ്വദേശിയുമായ യസാന്‍ ബാഷര്‍ അഭിപ്രായപ്പെട്ടു. പല സ്ഥലങ്ങളിലും കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ പ്രത്യേക ഇടങ്ങളില്ലാത്തത് മറ്റിടങ്ങളില്‍ മുറിച്ചു കടക്കാന്‍ കാല്‍നടക്കാരെ പ്രേരിപ്പിക്കുകയാണ്. ഇത് പലപ്പോഴും ദാരുണമായ മരണങ്ങളിലാണ് ചെന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അജ്മാന്‍ കോര്‍ണിഷില്‍ റോഡ് മുറിച്ചു കടക്കാന്‍ നിരവധി സീബ്ര ക്രോസുകള്‍ ഉണ്ടെങ്കിലും അജ്മാന്‍ സിറ്റി സെന്ററിന് സമീപം ഉമ്മുല്‍ ഖുവൈനിലേക്കുള്ള ഫ്‌ളൈഓവറിലൂടെ റോഡ് മുറിച്ചു കടക്കേണ്ട സ്ഥിതിയാണ്. താമസ മേഖലയില്‍ റോഡ് മുറിച്ചു കടക്കാന്‍ കൂടുതല്‍ സീബ്ര ക്രോസുകള്‍ അടയാളപ്പെടുത്തുകയോ മേല്‍പാലങ്ങളോ സിഗ്നല്‍ സംവിധാനമോ ഏര്‍പ്പെടുത്തുകയോ വേണമെന്ന് ഇവിടുത്തെ താമസക്കാരില്‍ ഒരാളായ മഹ്മൂദ് അബൂഹിബ ആവശ്യപ്പെട്ടു. അതേ സമയം അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്നവര്‍ സ്വന്തം ജീവനാണ് അപകടത്തിലാക്കുന്നതെന്ന് അജ്മാന്‍ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം തലവന്‍ മേജര്‍ സെയ്ഫ് അബ്ദുല്ല അല്‍ ഫലാസി അഭിപ്രായപ്പെട്ടു. വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരോട് ആളുകള്‍ കൂടുതല്‍ മുറിച്ചു കടക്കുന്ന മേഖലകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. റോഡ് മുറിച്ചു കടക്കാന്‍ അനുമതിയില്ലാത്തിടത്ത് അതിന് മുതിരരുതെന്നു കാല്‍നടക്കാരോട് ആവര്‍ത്തിച്ചു ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.