ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് 118 ചിത്രങ്ങള്‍

Posted on: November 27, 2014 7:29 pm | Last updated: November 27, 2014 at 7:29 pm

DIFF press conference 2ദുബൈ: 11-ാമത് ദുബൈ രാജ്യാന്തര ചലചിത്രോത്സവത്തില്‍ 48 രാജ്യങ്ങളില്‍ നിന്ന് 118 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലചിത്രോത്സവം ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ജുമ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. 34 ഭാഷകളില്‍ നിന്നായി ചലചിത്രങ്ങളെത്തും.
ഡിസംബര്‍ 10 മുതല്‍ 17 വരെയാണ് ചലച്ചിത്രോത്സവം. 55 ചിത്രങ്ങളുടെ രാജ്യാന്തര പ്രദര്‍ശനോദ്ഘാടനം മേളയില്‍ നടക്കും. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ആത്മകഥാ ചിത്രമായ ദി തിയറി ഓഫ് എവരിതിംഗ് ആണ് ഉദ്ഘാടന ചിത്രം. മലയാളത്തില്‍ നിന്ന് ഞാന്‍ സ്റ്റീവ് ലോപ്പസ് അടക്കം ഏഴ് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഇന്ത്യയില്‍ നിന്ന് നടന്മാരായ ജോണ്‍ എബ്രഹാം, അനില്‍കപൂര്‍, നാനാ പടേക്കര്‍, പരേശ് റാവു എന്നിവര്‍ എത്തും. ഒരു ലക്ഷം യു എസ് ഡോളര്‍ സമ്മാനമാണ് മികച്ച സംവിധായകന് നല്‍കുന്നത്.
സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് പ്രമുഖ ഈജിപ്ഷ്യന്‍ നടന്‍ നൂര്‍ അല്‍ ശരീഫിന് നല്‍കും. യു എ ഇയില്‍ നിന്ന് നിരവധി ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റസല്‍ ക്രോ അഭിനയിച്ച ദി വാട്ടര്‍ ഡിവൈനര്‍, ചൈനീസ് ചലചിത്രമായ ഡിയറസ്റ്റ്, ഇമാറാത്തി സംവിധായകന്‍ വലീദ് അല്‍ ശിഹിയുടെ ഡോള്‍ഫിന്‍സ് തുടങ്ങിയവ ശ്രദ്ധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മദീന ജുമൈറ അറീന, മദീന തിയേറ്റര്‍, സൂഖ് മദീന ജുമൈറ, വോക്‌സ് സിനേമാസ്, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാകും. നാളെ ബോക്‌സ് ഓഫീസ് തുറക്കുമെന്നും അബ്ദുല്‍ ഹമീദ് ജുമുഅ അറിയിച്ചു.
ഡിഫ് എം ഡി ശിവാനി പാണ്ഡ്യ, ആര്‍ടിസ്റ്റ് ഡയറക്ടര്‍ മസൂദ് അംറല്ല പങ്കെടുത്തു.