നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ

Posted on: November 27, 2014 11:02 am | Last updated: November 27, 2014 at 11:02 am

കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം പാലക്കാട്: നഗരത്തില്‍ നിന്നും പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. കാറില്‍ കയറ്റി കൊണ്ടുപോയ കുട്ടി പാതിവഴിയില്‍ വണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കല്‍മണ്ഡപത്തിനടുത്ത് മണലി റോഡിലാണ് സംഭവം.
സ്വകാര്യ ഐ ടി സിയിലെ വിദ്യാര്‍ഥിനിയായ 17 കാരിയെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. രാവിലെ ഐ ടി സിയിലേക്ക് പോകുന്നതിനായി തോട്ടുപാലം സ്‌റ്റോപ്പില്‍ ബസ് ഇറങ്ങി നടക്കുകയായിരുന്ന കുട്ടിയെ പുറകിലൂടെ എത്തിയ വെള്ള മാരുതി ഒമ്‌നി വാനില്‍ ഉണ്ടായിരുന്ന അജ്ഞാതന്‍ മേല്‍വിലാസം എഴുതിയ പേപ്പറുമായി സമീപിച്ചു. വിലാസം അറിയില്ലെന്ന് പറയുന്നതിനിടെ അയാള്‍ പെണ്‍കുട്ടിയെ ബലമായി വാഹനത്തിലേക്ക് പിടിച്ചുകയറ്റി. സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് തിരിച്ച് പോകുന്നതിനിടെ ബഹളം വച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ക്ലോറോഫോം ടവലിലാക്കി മണപ്പിച്ച് മയക്കി. പിന്നീട് ബോധംവീണപ്പോള്‍ മലമ്പുഴ ഉദ്യാനം എത്തുന്നതിന് തൊട്ടുമുമ്പുള്ള സ്ഥലത്ത് വണ്ടി നിര്‍ത്തി അജ്ഞാതര്‍ പുറത്തിറങ്ങി മൊബൈലില്‍ സംസാരിക്കുന്നതാണ് കണ്ടത്. ഉടനെ പുറത്തുചാടി ഓടി സമീപത്തെ വീട്ടില്‍ അഭയംതേടുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും വാനുമായി അജ്ഞാതര്‍ രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.