പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും പീഡിപ്പിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

Posted on: November 27, 2014 10:56 am | Last updated: November 27, 2014 at 10:56 am

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും, യുവതിയേയും പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുയുവാക്കളെ കോട്ടായി പോലീസ് അറസ്റ്റു ചെയ്തു.
അംബികാപുരം തോണിപ്പാടം വീട്ടില്‍ അനീഷ് (27), ഒലവക്കോട് പൂക്കാരത്തോട്ടം അബ്ബാസ് (32) എന്നിവരെയാണ് കോട്ടായി പോലീസ് അറസ്റ്റു ചെയ്തത്. കോട്ടായി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയും കോട്ടായിയിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന പതിനെട്ടുകാരിയുമാണ പീഡനത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ച കാമുകന്മാരോടൊപ്പം ഒളിച്ചോടാനെത്തിയ പെണ്‍കുട്ടികള്‍ പാലക്കാട് കോട്ട മൈതാനിയില്‍ രാവിലെ പത്തുമണിവരെ അവരെ കാത്തു നില്‍ക്കുകയായിരുന്നു.
കോട്ടമൈതാനിയില്‍ ഏറെ നേരെമായി കാത്തു നില്‍ക്കുന്ന പെണ്‍കുട്ടികളെ ആദ്യം കണ്ടെത്തിയത് ഓട്ടോ ഡ്രൈവര്‍ അനീഷായിരുന്നു. തങ്ങളുടെ ദയനീയാവസ്ഥ പെണ്‍കുട്ടികള്‍ അനീഷിനെ അറിയിച്ചു. വീട്ടിലേക്ക് ഇനി മടങ്ങാന്‍ സാധിക്കില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികളോട് ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് അനീഷ് ഓട്ടോറിക്ഷയില്‍ കയറ്റി പലയിടത്തുമായി അലഞ്ഞു.
നഗരത്തിലെ ഒരു ലോഡ്ജിലെത്തിച്ചെങ്കിലും അവര്‍ റൂം നല്‍കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് അനീഷ് സുഹൃത്ത് അബ്ബാസിനെ വിളിച്ചുവരുത്തി. അബ്ബാസിന്റെ സഹായത്തോടെ ആദ്യം പല്ലശനയിലും പിന്നീട് വൈകുന്നേറത്തോടെ ധോണിയിലെ വിജനമായ സ്ഥലത്തുവെച്ചും ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു. പെണ്‍കുട്ടികളെ രാത്രിയായിട്ടും കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പിറ്റേദിവസം ഇരുവരും വീടുകളിലേക്കു മടങ്ങിയെത്തുകയും ചെയ്തു.
അടുത്തദിവസം കോട്ടായി സ്‌കൂളിലെത്തിയ പെണ്‍കുട്ടി ക്ലാസ് ടീച്ചറോട് പീഡനവിവരം പറയുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സംഭവത്തില്‍ അനീഷിനെയും യുവതിയെ പീഡിപ്പിച്ച വിഷയത്തില്‍ അബ്ബാസിനെയും കോട്ടായി പോലീസ് അറസ്റ്റു ചെയ്തു.പെണ്‍കുട്ടികളില്‍ ഒരാളില്‍നിന്ന് ലഭിച്ച മൊബൈല്‍ നമ്പറില്‍നിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
പ്രതികള്‍ രണ്ടുപേരും വിവാഹിതരാണ്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കോട്ടായി എസ്‌ഐ ആര്‍ ശിവശങ്കരന്‍, സിപിഒമാരായ കൃഷ്ണപ്രകാശ്, കനകാംബരന്‍, രംകേഷ്, സുദര്‍ശനന്‍, എസ്‌സിപിഒ സ്വരൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.