അപകടക്കെണിയൊരുക്കി പാറമട

Posted on: November 27, 2014 10:15 am | Last updated: November 27, 2014 at 10:15 am

അമ്പലവയല്‍: ജില്ലയിലെ പാറമടകള്‍ അപകടക്കെണിയൊരുക്കിയിട്ടും അധികൃതര്‍ മൗനം പാലിക്കുന്നു.
മുന്‍ ജില്ലാ കലക്ടര്‍ പാറമടകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇപ്പോഴും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ പാറമടകള്‍ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നില്ല. അമ്പലവയല്‍ വികാസ് കോളനിക്കു സമീപത്തെ പാറമടയാണ് നാട്ടുകാര്‍ക്ക് വന്‍ ഭീഷണിയുയര്‍ത്തുന്നത്. ശരിയായ വേലി ഇല്ലാത്തതും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നു.
സമീപകാലത്ത് രണ്ടുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. 40ലേറെ കുടുംബങ്ങളാണ് പാറമട വഴി കടന്നുപോവുന്നത്. 50ലധികം വിദ്യാര്‍ഥികളും ആശ്രയിക്കുന്നത് ഈ വഴിയെയാണ്.
അമ്പലവയല്‍ പഞ്ചായത്തിലും ഗ്രാമസഭകളിലും നാട്ടുകാര്‍ നിരന്തരം പ്രശ്‌നം ഉന്നയിച്ചിട്ടും ഇതിനുവേണ്ട യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. ഫണ്ടില്ലെന്ന കാരണമാണ് പഞ്ചായത്തിന്റേത്. റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ രണ്ടുവര്‍ഷം മുമ്പ് അളവെടുത്തു പോയെങ്കിലും ഇതുവരെ തുടര്‍നടപടിയുണ്ടായില്ല. ഇതിനു ശാശ്വതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.