നാലാം തരം തുല്യതാ പരീക്ഷക്ക് ജില്ലയില്‍ 18,899 പേര്‍

Posted on: November 27, 2014 9:30 am | Last updated: November 27, 2014 at 9:30 am

notpennccകോഴിക്കോട്: ജില്ലയില്‍ 18899 പേര്‍ നാലാംതരം തുല്യതാ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തു. 2015 ഏപ്രില്‍ 18 ഓടെ കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ ലക്ഷ്യമിടുന്ന അതുല്യം പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ ഇത്രയും പേര്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ സമ്പൂര്‍ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ച 1991 ഏപ്രില്‍ 18 ന്റെ വാര്‍ഷിക ദിനത്തിലാണ് എല്ലാവരും നാലാംതരം പരീക്ഷ പാസായ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്തവര്‍ക്കായി തുടര്‍വിദ്യാ കേന്ദ്രങ്ങള്‍, വായനശാല കള്‍, അങ്കണ്‍വാടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദിവസവും രണ്ട് മണിക്കൂര്‍ ക്ലാസ് നടത്തും. പത്താം ക്ലാസ് പാസായവരെയാണ് ഇന്‍സ്ട്രക്ടര്‍മാരായി നിയോഗിക്കുക. ഇന്‍സ്ട്രകര്‍മാരെ പരിശീലിപ്പിക്കുന്ന 60 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക പരിശീലനം കൊടുക്കും. ഇവര്‍ പിന്നീട് ബ്ലോക്ക്തലത്തില്‍ 950 ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. ക്ലാസുകളുടെയും പരിശീലനത്തിന്റെയും അക്കാദമിക മേല്‍നോട്ടം ഡയറ്റിനാണ്. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ സംസ്ഥാനം എന്ന ലക്ഷ്യം നേടിയശേഷം 2017 ല്‍ സമ്പൂര്‍ണ്ണ ഏഴാം തരം തുല്യതാ പരീക്ഷ പാസായ സംസ്ഥാനം, 2020 ല്‍ സമ്പൂര്‍ണ്ണ പത്താംതരം തുല്യതാ പരീക്ഷ പാസായ സംസ്ഥാനം എന്നീ ലക്ഷ്യങ്ങള്‍ക്കായി തുടര്‍നടപടികളുണ്ടാവും. 2025 ല്‍ ഹയര്‍സെക്കന്ററി പരീക്ഷ പാസാകാത്ത ഒരു കേരളീയനും ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ പദ്ധതികളാവിഷ്‌കരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനുള്ള ചിലവ് വഹിക്കുന്നത്.
സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനും പ്രതിപക്ഷ നേതാവ്, പഞ്ചായത്ത്, നഗരവികസന മന്ത്രിമാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും വിദ്യാഭ്യാസ മന്ത്രി വര്‍ക്കിംഗ് ചെയര്‍മാനും സാക്ഷരതാമിഷന്‍ ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപന ഭാരവാഹികളും നേതൃത്വം നല്‍കിവരുന്നു.