Connect with us

Kerala

ഇബ്‌റാഹീം മാസ്റ്റര്‍ പടിയിറങ്ങി; ഓര്‍ഫനേജ് ബോര്‍ഡിന് മേല്‍വിലാസമുണ്ടാക്കിയെന്ന ചാരിതാര്‍ഥ്യവുമായി

Published

|

Last Updated

തിരുവനന്തപുരം: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനെ ജീവനുള്ള സ്ഥാപനമാക്കിയതിന്റെ ചാരിതാര്‍ഥ്യത്തില്‍ പി സി ഇബ്‌റാഹീം മാസ്റ്റര്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞു. അനാഥരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാന്‍ ലക്ഷ്യമിട്ട് 1963ലാണ് ബോര്‍ഡ് സ്ഥാപിതമായതെങ്കിലും 2009 മെയ് വരെയുള്ള പ്രവര്‍ത്തനം സാമൂഹികക്ഷേമ വകുപ്പിന് കീഴിലെ ഒരു ക്ലര്‍ക്കിന്റെ ചുമതലയിലായിരുന്നു.

ഓഫീസ് സംവിധാനമോ പ്രത്യേകം സെക്രട്ടറി പോലുമോ ഇല്ലാതിരുന്ന ബോര്‍ഡിനെ ഇബ്‌റാഹീം മാസ്റ്റര്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്തതോടെയാണ് ഉടച്ചുവാര്‍ത്തത്. സമൂഹത്തില്‍ ഏറ്റവും അധികം പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിന് വേണ്ടിയാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാപിതമായതെങ്കിലും മതിയായ പരിഗണന ലഭിച്ചിരുന്നില്ല. അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, യാചക പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയന്ത്രണം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനാണ്. 2009 മെയ് മാസമാണ് പി സി ഇബ്‌റാഹീം മാസ്റ്റര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നത്. സ്വന്തമായി ഓഫീസും ജീവനക്കാരെയും സംഘടിപ്പിക്കുകയായിരുന്നു ആദ്യദൗത്യം. അന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി കെ ശ്രീമതിക്ക് ഇത് സംബന്ധിച്ച് വിശദമായ നിവേദനം നല്‍കി.
വികാസ്ഭവനില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ പ്രത്യേക ഓഫീസ് ബ്ലോക്ക് സംവിധാനിച്ചു. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മാത്രമായി ഏഴ് തസ്തികകളും അനുവദിച്ചു. അതുവരെ സാമൂഹ്യകക്ഷേമ വകുപ്പിന് കീഴില്‍ ഒരു ക്ലര്‍ക്കിന്റെ അധിക ചുമതലയിലായിരുന്നു ബോര്‍ഡിന്റെ പ്രവര്‍ത്തനം. അഡീഷനല്‍ സെക്രട്ടറി അധികചുമതല വഹിക്കുന്നതിന് പകരം സ്വന്തമായി മെംബറെ നിയമിക്കുന്നതിനും ഇബ്രാഹിം മാസ്റ്ററുടെ പ്രവര്‍ത്തനം മൂലം സാധിച്ചു. 1782 അനാഥമന്ദിരങ്ങളാണ് നേരത്തെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഇത് 2128 ആയി ഉയര്‍ന്നു.
ഒരു കുട്ടിക്ക് പ്രതിമാസം 180 രൂപയായിരുന്നു ഗ്രാന്റ്. ഇത് 350 രൂപയായും പിന്നീട് 525 ആയും 700 രൂപയായും ഉയര്‍ത്തി. ഏറ്റവുമൊടുവിലായി ഇത് ആയിരം രൂപയാക്കി. ആദ്യം എല്‍ ഡി എഫ് സര്‍ക്കാറും പിന്നീട് യു ഡി എഫും ഗ്രാന്റ് ഉയര്‍ത്തുന്നതില്‍ സഹായിച്ചു. അനാഥാലയങ്ങളില്‍ പഠിച്ച് എസ് എസ് എല്‍ സി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇഷ്ടമുള്ള വിദ്യാലയങ്ങളില്‍ ഉപരിപഠനത്തിന് സൗകര്യമേര്‍പ്പെടുത്തി ഉത്തരവിറക്കിയതും കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടപെടല്‍ മൂലമായിരുന്നു.
അനാഥശാലകളില്‍ പഠിച്ച ശേഷം വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് ധനസഹായം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും സൗജന്യനിരക്കില്‍ അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവ ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടിയും ആത്മനിര്‍വൃതി നല്‍കുന്നതാണെന്ന് ഇബ്രാഹിം മാസ്റ്റര്‍ പറഞ്ഞു. വഴിപാട് പോലെ നടന്നിരുന്ന ഓര്‍ഫനേജ് കലോത്സവങ്ങള്‍ സജീവമാക്കിയതും അംഗീകാരത്തിനായി കാത്തുകെട്ടി കിടന്ന അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചതും ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു.അനാഥാലയങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന രണ്ട് വന്‍വിവാദങ്ങളില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സ്വീകരിച്ച നിലപാട് നിര്‍ണായകമായിരുന്നു. കോഴിക്കോട്ടെ അറബി കല്ല്യാണം, അനാഥാലയങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് ആരോപണം എന്നിവയായിരുന്നു ഇത്.
പ്രാരംഭകാലം മുതല്‍ കാരന്തൂര്‍ മര്‍കസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഇബ്‌റാഹിംമാസ്റ്റര്‍, കോഴിക്കോട് ലാന്റ് ബോര്‍ഡ് മെംബര്‍, ഹജ്ജ് കമ്മിറ്റിഅഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ ഇബ്രാഹിം മാസ്റ്റര്‍ക്ക് ഇന്നലെ തിരുവനന്തപുരത്ത് യാത്രയയപ്പ് നല്‍കി. എ സൈഫുദ്ദീന്‍ ഹാജി പൊന്നാടയണിയിച്ചു.

Latest