കേരളം മാഫിയകളുടെ പിടിയിലമരുന്നു

Posted on: November 27, 2014 4:31 am | Last updated: November 26, 2014 at 10:33 pm

Oommen Chandyകേരളത്തിലെ ബാറുകള്‍ ഒരു മാഫിയ ആണെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം? അവര്‍ ഒരിക്കലും നിയമം പാലിക്കുകയോ നിയമാനുസൃത നികുതികള്‍ സര്‍ക്കാറിലേക്കടയ്ക്കുകയോ ചെയ്തിരുന്നില്ല. പകരം, അതാതുകാലത്തെ ഭരണാധികാരികള്‍ക്കു തരംപേലെ കൈക്കൂലികൊടുത്ത് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിച്ചു പോരുകയായിരുന്നു. ബാറുടമകളില്‍ നിന്നും കൈപ്പറ്റുന്ന പണത്തിന് രാഷ്ട്രീയക്കാര്‍ കോഴ എന്ന് പറയാറില്ല. അതു സംഭാവനയാണത്രെ! രാഷ്ടീയപാര്‍ട്ടികള്‍ക്ക് ആരില്‍ നിന്നൊക്കെ എത്ര പണം സംഭാവനയായി വാങ്ങിക്കാം എന്നതിന് കൃത്യമായ ചട്ടങ്ങളുണ്ട്. അതുവല്ലതും ഉണ്ടോ ആരെങ്കിലും പാലിക്കുന്നു? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കോ ധനകാര്യമന്ത്രി കെ എം മാണിക്കൊ ബാറുടമകളില്‍ നിന്നു കൈക്കൂലി വാങ്ങി സ്വന്തം കീശവീര്‍പ്പിക്കേണ്ട ഗതികേടൊന്നും ഇല്ലെന്ന് അവരെ അറിയുന്ന ആരും സമ്മതിക്കും. രണ്ടു പേരും നല്ല തറവാട്ടുകാരാണ്. രണ്ടു മൂന്നു തലമുറക്ക് വെറുതെ ഇരുന്നുണ്ണാനും ഉറങ്ങാനും അവരുടെ കാരണവന്മാര്‍ ശേഖരിച്ചു വെച്ചിട്ടുണ്ട്. എന്നിട്ടും എന്തിനിങ്ങനെ അവരിന്നും അഴിമതി ആരോപണങ്ങളെ നേരിടണം? ഉത്തരം വ്യക്തമല്ലേ.ആനക്കമ്പം മൂലം കുത്തുപാളയെടുക്കുന്ന ചില പഴയ ജന്മികുടുംബങ്ങളെക്കുറിച്ചു കെട്ടിട്ടില്ലേ. ആനയ്ക്കു പകരം പശുവിനെയാണ് പോറ്റുന്നതെങ്കില്‍ കുറഞ്ഞ ചെലവില്‍ പാലും ചാണകവുംകിട്ടും. ആനയെ പോറ്റുന്നതുകൊണ്ടെന്തു ഗുണം? ആനപ്പാപ്പാന്മാര്‍ വേണം. തളയ്ക്കാനുള്ള ചങ്ങലയും നയിക്കാനുള്ള തോട്ടിയും വേണം. വയറു നിറയെ വല്ലതും തിന്നാന്‍ നല്‍കണമെങ്കില്‍ അതിനും നല്ല ഒരു തുക ദിനംപ്രതി കണ്ടെത്തണം. പക്ഷേ ആന തറവാടിന്റെ മുമ്പില്‍ ചെവിയും ആട്ടി പനംപട്ടയും തിന്നു നില്‍ക്കുന്ന ആ കാഴ്ചയുണ്ടല്ലൊ? അതിന്റ പ്രൗഢി ഒന്നു വേറെ തന്നെ. ഇങ്ങനെ സ്വന്തമായി ഓരോ ആനയെ പോറ്റുന്നവരാണ് ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും ഒക്കെ. ഇവിടെ ആന എന്ന് ഉദ്ദേശിക്കുന്നത് അവരുടെ സ്വന്തം രാഷ്ടീയ പാര്‍ട്ടികളെയും അവരുടെ ഗ്രൂപ്പുകളെയും ആണ്.
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ പോലും അവരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നു. ശ്രീ കെ എം മാണിയുടെ പാര്‍ട്ടിയിലെ തന്നെ പ്രാദേശിക നേതാക്കളുടെ കാര്യം എടുത്താല്‍ മതി. തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥികളും അയാളുടെ മുഖ്യ ഏജന്റുമാരും പോലും അനേക ലക്ഷങ്ങള്‍ അവരുടെ സ്വകാര്യ നിക്ഷേപങ്ങളിലേക്കു മുതല്‍കൂട്ടുന്നു. അതിന് പുറമെ, വഴിവിട്ടുള്ള സ്വാധീനം വഴി സ്വന്തക്കാര്‍ക്ക് ഉദ്യോഗങ്ങള്‍, ഉയര്‍ന്ന ഗവര്‍മെന്റ് കമ്പനികളില്‍ കൂറ്റന്‍ സിറ്റിംഗ് ഫീസ് കിട്ടുന്ന സ്ഥാനമാനങ്ങള്‍.
ശ്രീ കെ എം മാണിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള തല മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ പേരുകേട്ട ആശ്രിതവത്സരാണ്. നിയമാനുസൃത വരുമാനം കൊണ്ടുമാത്രം ഇത്രയേറെ ആശ്രിതവാത്സല്യം കാണിക്കാന്‍ ആര്‍ക്കാണു കഴിയുക? ഇതല്ലാം കണക്കിലെടുക്കുമ്പേള്‍ സ്വന്തം വീട്ടുമുറ്റത്തെ ആനകളെ തീറ്റിപ്പോറ്റാന്‍ ഭാരിച്ച ചെലവുണ്ട.് പനംപട്ടയും ശര്‍ക്കരയും ഒന്നും പോരാ ഇവറ്റകള്‍ക്ക്. മിക്ക അനുയായികളും തങ്ങളുടെ നേതാവില്‍ നിന്നുപ്രതീക്ഷിക്കുന്നത് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ ഒരു ജീവിതമാണ്. തിരഞ്ഞെടുപ്പ് കാലം ഈ പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും ചാകരക്കാലം കൂടിയാണ്. ‘എമ്പ്രാന്‍ അല്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്നാണല്ലോ പ്രമാണം. മന്ത്രിമാരും പാര്‍ട്ടിക്കാരും സര്‍വത്ര കൈയിട്ടുവാരുമ്പോള്‍ സെക്രട്ടറിമാരും മറ്റും എന്തിന് അവസരം കളഞ്ഞു കുളിക്കണം? അതാണിപ്പോള്‍ നമ്മുടെ ഐ എ എസ് കാരും, ഐ പി എസ്‌കാരും ചോദിക്കുന്നതും പ്രവര്‍ത്തിച്ചു കാണിക്കുന്നതും. ശ്രീ കെ എം മാണിക്ക് താനുള്‍പ്പെടെയുള്ള ബാറുടമകള്‍ പിരിച്ചെടുത്ത 20 കോടിയില്‍ ഒരു കോടി നല്‍കിയെന്നും കാര്യങ്ങള്‍ എല്ലാം ശരിപ്പെടുത്തിക്കൊടുത്താല്‍ മറ്റൊരു നാലു കോടി കൂടെ നല്‍കാമെന്നുറപ്പു നല്‍കിയിരുന്നെന്നും, അവരുടെ സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് പറയുമ്പോള്‍ അതെന്തിനു അവിശ്വസിക്കണം.ഏതെങ്കിലും സത്യം പുറത്തു കൊണ്ടുവന്ന് നാട്ടുകാരുടെ സാക്ഷ്യപത്രം മേടിക്കാനാണ് ശ്രീമാന്‍ ബിജു രമേശ് എന്ന മദ്യമുതലാളി ഈ ഒരാരോപണം കേരളത്തിന്റെ ധനകാര്യമന്ത്രിക്കെതിരെ ഉന്നയിച്ചതെന്ന് അരി ആഹാരം കഴിക്കുന്ന ആരും വിശ്വസിക്കുന്നില്ല. ടി വിക്കു മുമ്പില്‍ ബിജു രമേശിന്റെ സഹായത്തിനെത്തി കോഴയാരോപണത്തെ പിന്തുണച്ച മനോഹരന്‍ എന്ന മറ്റൊരു നക്ഷത്ര ഹോട്ടലുടമ പറഞ്ഞത്, മദ്യലഹരിയില്‍ ആയിരുന്നപ്പോള്‍ അറിയാതെ പറഞ്ഞുപോയതാണെന്നാണ്!
മദ്യ മാഫിയ, കോഴ മാഫിയ, മണല്‍ മാഫിയ എന്നു വേണ്ട ഏതാണ്ട് എല്ലാ മാഫിയകളും ഭരണകക്ഷികള്‍ക്കു ധാരാളം പാല്‍ നല്‍കുന്ന കറുവപ്പശുക്കള്‍ തന്നെ. ഈ പശുക്കളെ തീറ്റിപ്പോറ്റുന്നത് ഇവിടുത്തെ നികുതിദായകന്റെ പണം കൊണ്ടാണെന്ന കാര്യം നമ്മള്‍ മറന്നു പോകുന്നു. വെറുതെയൊന്നു മല്ല ഇവര്‍ മന്ത്രിമാര്‍ക്ക് പണക്കിഴികള്‍ സമ്മാനിക്കുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ നമ്മുടെ സംസ്ഥാനത്തുണ്ടായത് 10,000 കോടി രൂപയുടെ നികുതി ചോര്‍ച്ചയാണ്. ബജറ്റില്‍ ലക്ഷ്യമിട്ട നികുതി വരുമാനത്തില്‍ ആണ്ടു തോറും കുറവു സംഭവിക്കുന്നു.2011-12 വര്‍ഷത്തില്‍ ലക്ഷ്യമിട്ടതില്‍ നിന്നും 922 കോടി കുറവു മാത്രമാണ് ഈടാക്കാന്‍ കഴിഞ്ഞത്. 2012-13 ല്‍ ഈ കുറവ് 2046 കോടിയായിരുന്നു.2013-14 ല്‍ ആകട്ടെ, കുറവു സംഭവിച്ചത് 6777 കോടിയാണ്. ഈ സര്‍ക്കാര്‍ കഴിഞ്ഞ നാല് ബജറ്റുകളിലൂടെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച അധിക നികുതിഭാരം 5000 കോടി രൂപ ആയിരുന്നു. ഇത്തരം ഇളവുകള്‍ അനുവദിച്ചു കൊടുക്കുന്നതിലൂടെയാണ് കോഴ ഒഴുകുന്നത്. പാര്‍ട്ടികളുടെയും മന്ത്രിമാരുടെയും എണ്ണം പെരുകുന്നതോടെ ഖജനാവിന്റെ ചോര്‍ച്ച വര്‍ധിക്കുന്നു. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ ആത്മാഹുതി ചെയ്യുമെന്നുവരെ വീരവാദം മുഴക്കിയ ശ്രീ ബിജു രമേശും താനങ്ങനെയൊക്കെ മദ്യലഹരിയില്‍ മുഴുകി പറഞ്ഞുപോയതാണെന്നും പറഞ്ഞ് തടി തപ്പിക്കൂടായ്കയില്ല. മദ്യലഹരിയില്‍ ആയിക്കഴിഞ്ഞാല്‍പ്പിന്നെ ആര്‍ക്കും എന്തും പറയാം, എന്തും ചെയ്യാം എന്നു വിശ്വസിക്കുന്നവരാണ് മലയാളികളിലധികം പേരും- ഇതെക്കെ കേട്ടുകൊണ്ടു തദ്‌സമയം കെ എം മാണിയുടെ രക്ഷക്കെത്തിയ ഭരണകക്ഷിയുടെ ചീഫ് വീപ്പ് പറയുന്നത്, ആരൊക്കെ എത്രയെത്ര കോടി വാങ്ങി എന്നു തനിക്ക് കൃത്യമായി അറിയാം എന്നാണ്. ബിജു രമേശിനെക്കൊണ്ടിതു പറയിക്കുന്നതാരാണെന്നും തനിക്കറിയാമത്രേ. ഒടുവില്‍ ഈ കോഴ വിവാദം കേരളചരിത്രത്തിലെ മറ്റൊരു സ്മാര്‍ത്ത വിചാരമായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്. വിചാരണ പുരോഗമിച്ചപ്പോള്‍, തന്നെ പിഴപ്പിച്ചവരുടെ ലിസ്റ്റില്‍ നാട്ടിലെ മാന്യന്മാര്‍ മാത്രമല്ല, സ്വന്തം പിതാവും ഉണ്ടെന്നായിരുന്നു താത്രിക്കുട്ടി അന്തര്‍ജനം പറഞ്ഞത്. തന്റെ പേരായിരിക്കുമോ ഇനി പറയുക എന്ന് മുഖ്യ വിചാരണക്കാരന്‍ സംശയിച്ചതോടെ വിചാരണ അവിടെ അവസാനിച്ചു. കേരളത്തില്‍ പിന്നീടൊരു സ്മാര്‍ത്ത വിചാരം നടന്നിട്ടേയില്ല.
മദ്യ കോഴ വിവാദം നീണ്ടുപോയാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാത്രമല്ല മദ്യ വിരോധം ഘോരഘോരം പ്രസംഗിക്കുന്ന പാതിരിമാരും വരെ കുടുങ്ങുമെന്നാണ് ഇതിനിടെ ഒരു ബാറുടമ പറഞ്ഞത്. ഖജനാവില്‍ നികുതിയടയ്ക്കുന്നതിനു പകരം അധികാരസ്ഥാനങ്ങളില്‍ കോഴനല്‍കി സ്വന്തം വ്യവസായം നിര്‍വിഘ്‌നം തുടര്‍ന്നുപോകുന്ന പതിവ് ഇതിവിടെ ഇന്നും ഇന്നെലയും ഒന്നും തുടങ്ങിയതല്ല. മദ്യം സര്‍വതിന്മകളുടെയും മാതാവാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു. കേരളത്തെ സംബന്ധിച്ച് ഇങ്ങനെ കൂടി പറയാമെന്നു തോന്നുന്നു. മദ്യം എല്ലാ അഴിമതികളുടെയും മാതാവും കൂടിയാണ് .”കൈക്കുലി പണമായും മദ്യമായും സ്വീകരിക്കപ്പെടും” എന്ന് കേരളത്തിലെ പല സര്‍ക്കാറാഫീസുകളെക്കുറിച്ചും തമാശ പറയാറുണ്ട്.ബാററ്റാച്ചഡ് ഹോട്ടലുകള്‍ മാത്രമല്ല, ബാററ്റാച്ചഡ് ഓഫീസുകളും കേരളത്തില്‍ സാര്‍വത്രികമാണ്. ഗവണ്‍മെന്റിന്റെ ധനകാര്യ സ്വരൂപണത്തില്‍ കാര്യമായ പങ്കുവഹിക്കുന്ന പി ഡഡ്യു ഡി, സെയില്‍ ടാക്‌സ്, എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റെുകളിലാണ് മദ്യത്തിന്റെ ഒഴുക്ക് കാര്യമായി നടക്കുന്നത്. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് വകുപ്പുമന്ത്രിമാരുടെ പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ പണം പിരിക്കുന്ന പതിവ് നിലവിലുണ്ട്. ബാറുടമകളെ തെരുവാധാരം ആക്കിയാല്‍ ഈ പതിവ് കലാപരിപാടികളൊക്കെ എങ്ങനെ നടക്കുമെന്നാണ് അഴിമതിയുടെ ഗുണഭോക്താക്കള്‍ ആയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ആശങ്കപ്പെടുന്നത്.
കേരളത്തിലെ ബാറുടമകളെല്ലാംതന്നെ അതി സമ്പന്നരാണ്. എല്ലാ മുട്ടകളും ഒരേ കൊട്ടയില്‍ തന്നെ ഇടാനുള്ള ബുദ്ധിമോശം ഒന്നും അവര്‍ക്കില്ല. ബാറുകള്‍, ടൂറിസ്റ്റ് ഹോട്ടലുകള്‍, സ്വര്‍ണ്ണക്കടകള്‍, കയറ്റുമതി ഇറക്കുമതി ഏജന്‍സികള്‍ , റിയല്‍ എസ്റ്റേറ്റ്, വന്‍കിട കോണ്‍ട്രാക്റ്റുകള്‍ ഇങ്ങനെ പലതാണ് ഇവരില്‍ പലരുടെയും വ്യാപാര മേഖലകള്‍. ഒന്നില്‍ പൊട്ടിയാല്‍ മറ്റേതില്‍ പിടിച്ചുനിന്നുകൊള്ളും എന്നവര്‍ക്കുത്തമബോധ്യമുണ്ട്. എന്നാല്‍, ഇതല്ലല്ലോ ബാര്‍ മുതലാളിമാരെ കറവപ്പശുവായി മാത്രം കാണുന്ന ഭരണകക്ഷി രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവാദികളുടെയും അവസ്ഥ? ഇതറിയാവുന്നതുകൊണ്ടു കൂടിയാകണം ശ്രീ വെള്ളാപ്പള്ളി നടേശന്‍ മുതലാളി പറഞ്ഞത്, ബാര്‍ കോഴ അന്വേഷണം ഒരിടത്തും എത്താന്‍ പോകുന്നില്ല, തെളിവുകളൊന്നും പുറത്തുവരാന്‍ പോകുന്നില്ല എന്നൊക്കെ.
ബാറുടമകളുടെ സംഘടന തീരുമാനിച്ചത് തത്കാലം ഗവണ്‍മെന്റിനെ വളച്ചാല്‍ മതി ഒടിക്കാനൊന്നും പോകേണ്ട എന്നാണ്. വളയ്ക്കാന്‍ പറ്റിയത് കെ എം മാണിയെയാണെന്നവര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തത് ഉമ്മന്‍ചാണ്ടി തന്നെയാണെന്നാണ് പി സി ജോര്‍ജ് പറയുന്നത്. ഒരിക്കല്‍ അങ്ങനെ ഒക്കെ പറഞ്ഞു എന്നതുകൊണ്ട് പി സി ജോര്‍ജ് മാത്രമല്ല, ബിജു രമേശും നേരത്തെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കണമെന്നില്ല. എപ്പോള്‍ വേണമെങ്കിലും മാറ്റിപ്പറയാവുന്നതേയുള്ളൂ അവര്‍ പറഞ്ഞ വാക്കുകള്‍. ഇവര്‍ക്കൊന്നും സ്ഥിരമായ താത്പര്യങ്ങളല്ലാതെ സ്ഥിരമായ അഭിപ്രായങ്ങളോ നിഗമനങ്ങളോ ഒന്നുമില്ല. കെ എം മാണി സാറിനു നല്‍കിയത് കോഴയല്ല, സംഭാവനയാണ്. ബാറുടമകളില്‍ നിന്നുള്ള സംഭാവന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള നിര്‍ബന്ധിത വഴിപാടാണ്. സ്വന്തം സ്ഥാനാര്‍ഥികളെ ജയിപ്പിച്ചെടുക്കാന്‍ ഈ ജനങ്ങളുടെ വോട്ടിനേക്കാള്‍ പ്രധാനം പണമാണ്. ഇതൊന്നും അറിയാത്തവര്‍ വല്ല ആം ആദ്മി പാര്‍ട്ടിയിലും പോയി ചേരട്ടെ. ഇവിടുത്തെ മുഖ്യധാരാ കക്ഷികള്‍ക്ക് കൂറ്റന്‍ പണപ്പിരിവെന്നാല്‍ ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. ഇതൊക്കെ രാഷ്ട്രീയ പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളീയരെ ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല -എന്നൊക്കെ വായിച്ചെടുക്കാവുന്ന ഒരന്വേഷണ റിപ്പോര്‍ട്ടാകും രമേശ് ചെന്നിത്തല ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ഭാഗമായ വിജിലന്‍സ് ‘ക്വിക്ക് വെരിഫിക്കേഷന്‍ ടീം’ നല്‍കാന്‍ പോകുന്നതെന്നും ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.
പക്ഷേ അതുകൊണ്ടൊന്നും ധനകാര്യ മന്ത്രി കെ എം മാണി രക്ഷപ്പെടാന്‍ പോകുന്നില്ല. കാരണം, മൂന്ന് മുഖ്യ പാര്‍ട്ടികളും ഏതാനും അനുബന്ധ പാര്‍ട്ടികളും സംയുക്തമായി നേരിട്ട ഒരു പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു മന്ത്രിമാത്രം ഒരു കോടി കൈപ്പറ്റിയെങ്കില്‍ മറ്റു മന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും ഈ ബാര്‍ മുതലാളിമാര്‍ എത്ര കോടി വീതം കൊടുത്തു എന്ന ചോദ്യം ഉയരും. കെ എം മാണി കൈപ്പറ്റിയ ഒരു കോടിയുടെ കണക്ക് തിരഞ്ഞെടുപ്പു കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ? തുകയ്ക്കു രസീതു നല്‍കിയിട്ടുണ്ടോ? തിരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച കണക്കില്‍ ഈ തുക പെടുത്തിയിട്ടില്ലെങ്കില്‍ കോട്ടയത്തുനിന്നും സ്വന്തം മകന്‍ ജോസ് കെ മാണിയെ ജയിപ്പിച്ചു വിടാന്‍ ഈ തുക അത്രയും ചെലവാക്കിയോ? ഇതിനായി വേറെ പണമൊന്നും ആരില്‍ നിന്നും പിരിച്ചിട്ടില്ലേ. പിരിച്ച തുക എത്ര വീതം ആര്‍ക്കൊക്കെ പങ്കു വെച്ചു- ഇതിനെല്ലാം മറുപടി പറയാന്‍ കെ എം മാണി നിര്‍ബന്ധിതനാകും. തങ്ങളുടെ നേതാവിനു മുകളില്‍ ഇത്തരം വല്ല ബാധ്യതകളും ഈ വയസ്സുകാലത്ത് ചുമത്താനാണ് ഉമ്മന്‍ചാണ്ടി -രമേശ് ചെന്നിത്തല അച്ചുതണ്ടിന്റെ പുറപ്പാടെങ്കില്‍- തങ്ങള്‍ ആരേയും വെറുതെവിടാന്‍ പോകുന്നില്ലെന്നതിന്റെ സൂചനയാണ് സി എഫ് തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി ഗൂഢാലോചന, അന്വേഷണ സമിതിയുടെ പ്രവര്‍ത്തനം. ഗൂഢാലോചനകളുടെ സ്രോതസ്സ് കൃത്യമായി അറിയാവുന്ന പി സി ജോര്‍ജിനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും അര്‍ഥഗര്‍ഭമാണ്. എന്തായാലും സി എഫ് തോമസ് സമിതിയുടെ കണ്ടെത്തല്‍ കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ മാത്രമല്ല, കേരളത്തിലെ മുന്നണി ബന്ധങ്ങളുടെ ചരിത്രത്തിലും വഴിത്തിരിവാകും.