വെളുക്കാത്ത പാശ്ചാത്യന്‍ മനസ്സ്

Posted on: November 27, 2014 4:29 am | Last updated: November 26, 2014 at 10:30 pm

നീഗ്രോ ബാലനെ നിഷ്ഠൂരമായി കൊന്ന വെള്ളക്കാരനായ പോലീസുകാരനെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ് അമേരിക്കയില്‍. കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പതിനെട്ടുകാരനായ മൈക്കിള്‍ ബ്രൗണിനെ, ആഗസ്റ്റ് ഒമ്പതിനാണ് ഡാറന്‍ വില്‍സന്‍ എന്ന പോലീസുകാരന്‍ അകാരണമായി വെടിവെച്ചു കൊന്നത്. പന്ത്രണ്ട് തവണയാണ് മൈക്കിള്‍ ബ്രൗണിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. ഈ രംഗം കണ്ടവരില്‍ പന്ത്രണ്ട് പേര്‍ സാക്ഷി പറഞ്ഞിട്ടും, ഡാറന്‍ വില്‍സനെതിരെ തെളിവില്ലെന്ന് പറഞ്ഞ് മസൂറിലെ ഗ്രാന്റ് ജുറി അയാളെ വെറുതെ വിടുകയായിരുന്നു. ഇത് വ്യക്തമായ വര്‍ണവെറിയും നീതി നിഷേധവുമാണെന്നാരോപിച്ചാണ് കറുത്ത വര്‍ഗക്കാര്‍ തെരുവിലിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം നീഗ്രോ വിദ്യാര്‍ഥിയായ ട്രേവിയോണ്‍ മാര്‍ട്ടിനെ കൊന്ന കേസിലെ പ്രതി ജോര്‍ജ് സിമ്മര്‍മാനെ വെറുതെവിട്ട കോടതി വിധിയും അമേരിക്കയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതാണ്. 2012 ഫെബ്രുവരി 26നാണ് പതിനേഴുകാരന്‍ ട്രേവിയോണ്‍ മാര്‍ട്ട് വെടിയേറ്റു മരിച്ചത്. ഈ മാസം എട്ടിന് വോണ്ടെറിക് മയേര്‍സ എന്ന നീഗ്രോ യുവാവ് കൊല്ലപ്പെട്ടതും വെള്ളക്കാരന്‍ പോലീസിന്റെ വെടിയേറ്റാണ്. ഡ്യൂട്ടിയിലല്ലാതിരുന്ന പോലീസുകാരനാണ് ഈ പതിനെട്ടുകാരന് നേരെ പതിനേഴ് തവണ വെടിയുതിര്‍ത്തത്. നാല് വര്‍ഷത്തിനിടെ 62 തവണ അറസ്റ്റ് ചെയ്യപ്പെട്ട നീഗ്രോവംശജനായ സാംപ്‌സനും അമേരിക്കന്‍ വര്‍ണ വിവേചനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും മറ്റും സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിക്കുന്ന സാംപ്‌സന്റെ മേല്‍ വ്യാജമായി മോഷണക്കുറ്റം ചുമത്തിയായിരുന്നു നിരന്തരം അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. കറുത്തവന്റെ തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയായിരുന്നു ഇതുവഴി വെളുത്ത വര്‍ഗം.
കറുത്തവര്‍ക്കും നേരെയുള്ള പോലീസ് ഭീകരതയുടെ കഥകള്‍ അമേരിക്കയില്‍ നിന്ന് ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പുറംലോകമറിയാത്ത സംഭവങ്ങള്‍ ഇതിലേറെയും. കറുത്തവരെ വേട്ടയാടുന്നതും ദ്രോഹിക്കുന്നതും വെളുത്തവര്‍ക്ക് ഹോബിയാണ്. തൊലിവെളുത്തവന്റെ മനസ്സിനിപ്പോഴും കടുംകറുപ്പാണ് പടിഞ്ഞാറന്‍ ലോകത്ത്. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ ഇരുന്നിട്ടും വെള്ളക്കാരന്റെ വംശവെറിക്ക് മാറ്റം വന്നിട്ടില്ല. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലും കടകളിലുമെല്ലാം ക്രൂരമായ അവഗണനയും പീഡനവുമാണ് ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍ അനുഭവിക്കുന്നത്. ട്രേവിയോണ്‍ മാര്‍ട്ടിന്റെ കൊലയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അരങ്ങേറിയ കലാപത്തിനിടെ യു എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘മുമ്പ് ഞാനും ഒരു ട്രേവിയോണ്‍ മാര്‍ട്ടിനായിരുന്നു. സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത് വരെ എനിക്കും വര്‍ണവെറിക്ക് നിരന്തരം ഇരയാകേണ്ടി വന്നിട്ടുണ്ട്. കടകളിലും തെരുവോരങ്ങളിലും ഞാന്‍ വിവേചനം അനുഭവിച്ചു. കറുത്ത വര്‍ഗക്കാര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറുന്ന വെള്ളക്കാരിയായ സ്ത്രീ അതില്‍ നിന്നും ഇറങ്ങുന്നത് വരെ ശ്വാസം വിടാതെ മൂക്ക് പൊത്തി നില്‍ക്കുന്ന ദുരവസ്ഥ അനുഭവിക്കാത്ത കറുത്തവര്‍ കുറവായിരിക്കും. വര്‍ണ വിവേചനം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ നാം എത്ര വിജയിച്ചുവെന്ന് ഓരോ അമേരിക്കനും ആത്മപരിശോധന നടത്തണ’മെന്നും ഒബാമ അന്ന് വേദനയോടെ പറയുകയുണ്ടായി. എങ്കിലും വര്‍ണവിവേചന പ്രശ്‌നങ്ങളില്‍ ഗൗരവമായി ഇടപെടാനോ, നടപടികള്‍ സ്വീകരിക്കാനോ ഒബാമ തയാറാകാത്തത് തൊലി വെളുത്തവര്‍ക്ക് ആധിപത്യമുള്ള ഒരു ഭരണകൂടത്തില്‍ അതിന് മുതിരുന്നതിന്റെ ഭവിഷ്യത്ത് ഓര്‍ത്തായിരിക്കണം.
ആഫ്രിക്കന്‍ വംശജര്‍ മാത്രമല്ല, ഏഷ്യന്‍ വംശജരും അമേരിക്കയില്‍ വര്‍ണവെറിയുടെ ദുരിതം അനുഭവിക്കുന്നുണ്ട്. ‘സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ ്ടുഗെദര്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അമേരിക്കന്‍ രാഷ്ട്രീയ പ്രതിനിധികളും ഗവ. ഉദ്യോഗസ്ഥരും ഏഷ്യന്‍ വംശജര്‍ക്കെതിരെ പരസ്യമായി നടത്തിയ വംശീയ അധിക്ഷേപത്തിന്റെ 150 ഉദാഹരണങ്ങള്‍ വിവരിക്കുന്നുണ്ട്. 2010നു ശേഷം ഇത്തരം സംഭവങ്ങളില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനാധിപത്യത്തെയും പൗരാവകാശത്തെയും കുറിച്ചു വാതോരാതെ സംസാരിക്കാറുണ്ട് യു എസ് നേതാക്കള്‍. ഇറാക്കിലും അഫ്ഗാനിലും ലിബിയയിലുമെല്ലാം അമേരിക്ക ഇടപെട്ടത് മനുഷ്യാവകാശ ലംഘനത്തിന്റെ പേരുപറഞ്ഞായിരുന്നു. എന്നാല്‍, രാജ്യത്തിനകത്തു തന്നെ കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശ നിഷേധവുമാണ് അരങ്ങേറുന്നതെന്നാണ് അവിടെ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന വര്‍ണവെറിയുടെ ഞെട്ടിപ്പിക്കുന്ന കഥകളും ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമവും ജൂഡീഷ്യറിയും സ്വീകരിക്കുന്ന വിവേചനപരമായ നിലപാടുകളും ബോധ്യപ്പെടുത്തുന്നത്. വെളുത്തവന്റെ അപ്രമാദിത്വവും കറുത്തവന്റെ അധമത്വവും സൃഷ്ടിച്ച സാമൂഹികമായ അസന്തുലിതാവസ്ഥയില്‍ സംഘര്‍ഷ ഭരിതമാണ് അമേരിക്കയിലെ പല പ്രദേശങ്ങളും. തൊലി കറുത്തവനെ മനുഷ്യനായി കാണാനുള്ള സാംസ്‌കാരിക വളര്‍ച്ച പോലും കൈവരിക്കാത്തവരാണ് മറ്റുള്ളവര്‍ക്ക് മനുഷ്യാവകാശം പഠിപ്പിക്കാന്‍ ഒരുമ്പെടുന്നത്! വെളുത്ത തൊലിക്കല്ല മനസ്സിന്റെ വെളുപ്പിനാണ് മഹത്വം.