മാധ്യമപ്രവര്‍ത്തകന് എസ് ഐയുടെ മര്‍ദനം മനുഷ്യാവകാശ കമ്മീഷനില്‍ ഇരുവരും മൊഴി നല്‍കി

Posted on: November 26, 2014 12:15 pm | Last updated: November 26, 2014 at 12:15 pm

പാലക്കാട്: രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ അകാരണമായി തടഞ്ഞുനിര്‍ത്തി എസ് ഐ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് മുമ്പില്‍ ഇരുവരും മൊഴി നല്‍കി.
പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷനംഗം എല്‍ നടരാജന്‍ മുമ്പാകെയാണ് ദിനകരന്‍ പത്രത്തിന്റെ ലേഖകന്‍ എല്‍ ശിവമുരുകനും ഇപ്പോള്‍ ഗുരുവായൂര്‍ എസ്.ഐയായ എം ശശീധരനും മൊഴി നല്‍കിയത്.
2013 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിനകരന്‍ പത്രത്തിന്റെ പാലക്കാട് ലേഖകന്‍ എല്‍ ശിവമുരുകനാണ് മര്‍ദനമേറ്റത്. സംഭവദിവസം രാത്രി പാലക്കാട് നിന്ന് ജോലികഴിഞ്ഞ് ചിറ്റൂരില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയി വഴിയരികില്‍ മൂത്രം ഒഴിക്കുമ്പോള്‍ ജീപ്പിലെത്തിയ ചിറ്റൂര്‍ എസ് ഐ എം ശശീധരന്‍ തടഞ്ഞുനിര്‍ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനാണെന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞിട്ടും മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റുകയും പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോവുകയുമായിരുന്നു. പത്രക്കാരനാണെന്നും വിവരം സഹജീവനക്കാരെ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും എസ് ഐ അതിനു സമ്മതിച്ചില്ല.
കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഒരു രാത്രി മുഴുവന്‍ പോലിസ് സ്‌റ്റേഷനില്‍ ഇരുത്തുകയും പിറ്റേന്ന് രാവിലെ കള്ളക്കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് 2 ആളുകളുടെ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. സംഭവമറിഞ്ഞ സഹപ്രവര്‍ത്തകര്‍ നിരവധി തവണ എസ് ഐയെ നേരില്‍കണ്ടും ഫോണില്‍ വിളിച്ചും ശിവമുരുകനെ വിട്ടയക്കണമെന്നഭ്യര്‍ഥിച്ചെങ്കിലും കള്ളക്കേസ് ചാര്‍ജ് ചെയ്തുമാത്രമാണ് പോലിസ് വിട്ടയച്ചത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായ ശിവമുരുകനെ ചിറ്റൂര്‍ പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പിന്‍മാറിയില്ല. സംഭവം വിവാദമായതോടെ എസ് പി അന്വേഷണത്തിന് ഉത്തരവിടുകയും ഡി വൈ എസ് പി വിജയപ്പന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എസ് ഐയുടെ ഭാഗത്തുനിന്നാണ് അപമര്യാദയായ പെരുമാറ്റം ഉണ്ടായതെന്ന് ബോധ്യമായതോടെ എം ശശീധരനെ ചിറ്റൂരില്‍ നിന്നും കേരള പോലിസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
എം ശശീധരന്റെ ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ശിവമുരുകന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ എല്‍ ശിവമുരുകനില്‍ നിന്ന് നേരിട്ട് മൊഴിയെടുത്തത്. അന്നത്തെ എസ് ഐയായിരുന്ന എം ശശീധരന്‍ കമ്മീഷന് മുമ്പാകെ ഹാജരായി മൊഴി എഴുതി നല്‍കി പോകാന്‍ ശ്രമിച്ചെങ്കിലും നേരിട്ട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്രകാരം മൊഴി നല്‍കേണ്ടിയും വന്നു. അടുത്ത സിറ്റിംഗിലും കമ്മീഷന്‍ ഈ പരാതി പരിഗണിക്കും.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഭാര്യക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെടും. 2013 ജൂലായ് 20നാണ് കേസിനാസ്പദമായ സംഭവം.
നെന്മാറ കയ്പ്പഞ്ചേരി പുത്തന്‍ വീട്ടില്‍ ഉഷാദേവി ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി(56)യെ സംഭവദിവസം രാത്രി 11ന് കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും മൂലം നെന്മാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചികില്‍സ നല്‍കാതെ മടക്കി അയച്ചുവെന്നാണ് പരാതി. സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നാണ് കൃഷ്ണന്‍കുട്ടി മരിച്ചതെന്ന് ഉഷാദേവി ആരോപിച്ചു. ആശുപത്രി ഡ്യൂട്ടി ഡോക്ടര്‍, നഴ്‌സിങ്ങ് അസിസ്റ്റന്റ്, നഴ്‌സ് എന്നിവരെ പ്രതികളാക്കി ഇവര്‍ കേസ് നല്‍കുകയായിരുന്നു. പാലക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ 74 കേസുകളില്‍ 32 കേസുകള്‍ തീര്‍പ്പാക്കി. 17 പൂതിയ പരാതികള്‍ ലഭിച്ചു. പുതിയതും ബാക്കി വന്ന കേസുകളും ജനുവരി 29ന് നടക്കുന്ന അടുത്ത അദാലത്തില്‍ പരിഗണിക്കും.