മുന്നറിയിപ്പില്ലാതെ കനാല്‍ പുറമ്പോക്കില്‍ നിര്‍മിച്ച വീട് പൊളിച്ചു; പിറകെ വിവാദം

Posted on: November 26, 2014 12:10 pm | Last updated: November 26, 2014 at 12:10 pm

വടക്കഞ്ചേരി: മംഗലം കനാല്‍ പുറമ്പോക്കില്‍ നിര്‍മിച്ച വീട് മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ പൊളിച്ച് മാറ്റിയത് വിവാദത്തില്‍.
പ്രധാനിക്ക്‌സമീപം മംഗലം മെയിന്‍കനാലിന് സമീപത്തായി പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ച് കുഞ്ഞുമുഹമ്മദിന്റെ മകള്‍ സബീന(35)യുടെ വീടാണ് വടക്കഞ്ചേരി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചത്.
കഴിഞ്ഞ 16 വര്‍ഷത്തോളമായി ഈ പ്രദേശത്തെ പുറമ്പോക്ക് ഭൂമിയില്‍ 23 കുടുംബങ്ങള്‍ താമസിച്ച് വരുകയാണ്. ഈ വീടുകള്‍ക്ക് പഞ്ചായത്ത് താത്ക്കാലിക നമ്പറും നല്‍കിയിട്ടുണ്ട്. പലവീടുകളിലും വൈദ്യുതിയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സബീനയും മകന്‍ ഷാനു(7)വും ചെറിയകുടില്‍ കെട്ടിയാണ് ഇവിടെ താമസിച്ച് വരുന്നത്. ഇത് കുടില്‍ തകര്‍ച്ചയുടെ വക്കിലെത്തിയപ്പോള്‍ ജനശ്രീ സുസ്ഥിരമിഷനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വീട് പുതുക്കി നിര്‍മിച്ച് നല്‍കി. സബീനയുടെ വീടിനും വീട്ട് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിയമപ്രകാരം പുറമ്പോക്കിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെങ്കില്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കുകയും നല്‍കിയ കാലാവധി കഴിഞ്ഞാല്‍ മാത്രമേ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കാന്‍ പാടുള്ളൂ. എന്നാല്‍ യാതൊരു മുന്നറിയിപ്പ് കൂടാതെ സബീനയുടെ കുടില്‍ തിങ്കളാഴ് വൈകീട്ട് നാലുമണിയോടെ ആരുമില്ലാത്ത സമയത്ത് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കുടില്‍ നശിപ്പിച്ചത്. ഈ സമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നതായും പരാതിയുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ ജലസേചന വകുപ്പ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും ഉപരോധസമരവും നടത്തി.
വടക്കഞ്ചേരി എസ് ഐ സി രവീന്ദ്രന്‍ കോണ്‍ഗ്രസ് നേതാക്കളായ റെജി കെ മാത്യു, ഡോ അര്‍സ്സലന്‍ നൈസാം, ബാബുമാധവന്‍, എം എസ് അബ്ദുള്‍ഖുദ്ദൂസ്, എ ടി വര്‍ഗീസ്, കെ കെ പ്രദീപ്, റോബിന്‍ പൊന്‍മല എന്നിവര്‍ എ ഇയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
രണ്ട് ദിവസനത്തിനകം പരിഹാരം കാണാത്തപക്ഷം പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വീട് പൊളിച്ചതോടെ പെരുവഴിയിലായ സബീനയും മകനും സഹോദരിക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്.