ടൗണില്‍ ഗതാഗത ക്രമീകരണം നടപ്പാക്കുന്നു

Posted on: November 26, 2014 12:09 pm | Last updated: November 26, 2014 at 12:09 pm

കൊപ്പം: ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ടൗണില്‍ ഗതാഗത ക്രമീകരണം വരുത്താന്‍ പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
ഇതനുസരിച്ച് നാല് റോഡുകളില്‍ നിന്നും 100 മീറ്റര്‍ ദൂരത്തേക്ക് ബസ്‌റ്റോപ്പുകള്‍ മാറ്റും. ജംഗ്ഷനില്‍ വാഹനപാര്‍ക്കിംഗ് നിരോധിച്ചു. വിവിധ കടകളിലേക്ക് ചരക്കുകളുമായി എത്തുന്ന ചരക്ക്‌ലോറികള്‍ രാവിലെ തിരക്ക് അനുഭവപ്പെടുന്നതിന് മുന്‍പായി ചരക്ക് ഇറക്കി കുരുക്ക് ഒഴിവാക്കുന്നതിന് സഹകരിക്കാന്‍ വ്യാപാരികളോട് പോലീസ് അഭ്യര്‍ഥിച്ചു.
പെരിന്തല്‍മണ്ണ റോഡിലെ വ്യാപാരി വ്യവസായി ഏകോപന സമിതി നിര്‍മിച്ച പഴയ ബസ്‌സ്റ്റോപ്പ് പൊളിച്ചു 50 മീറ്റര്‍ അകലത്തേക്ക് മാറ്റി പുനര്‍നിര്‍മിക്കുക, റോഡിലേക്ക് ഇറക്കിക്കെട്ടിയ മേല്‍പ്പുരകളും കയ്യേറ്റങ്ങളും മാറ്റുക, പഞ്ചായത്ത് ഓഫീസിനു മുന്നിലെയും നാലുംകൂടിയ ജംഗ്ഷനിലെയും ഫുട്പാത്ത് കച്ചവടക്കാരെ പുനരധിവസിപ്പിക്കുക, ടൗണിലും പരിസരത്തുമായി യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടായ എല്ലാ തടസ്സങ്ങളും ഒഴിവാക്കുക, ജംഗ്ഷനിലെ ഓട്ടോപാര്‍ക്കിംഗ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുക തുടങ്ങിയ തീരുമാനങ്ങളും കൈകൊണ്ടു.
ജംഗ്ഷനില്‍ നിന്നും പെരിന്തല്‍മണ്ണ റോഡില്‍ ആശുപത്രിപ്പടി വരെയും വളാഞ്ചേരി റോഡില്‍ പെട്രോള്‍ പമ്പ് വരെയും മുളയംകാവ് റോഡില്‍ ഹൈസ്‌കൂള്‍ പടി വരെയും പട്ടാമ്പി റോഡില്‍ നക്ഷത്ര റീജന്‍സി വരെയും ഇലക്ട്രിക് പോസ്റ്റുകളിലും തൂണുകളിലുമുള്ള വിവിധ പാര്‍ടികളുടെയും സംഘടനകളുടെയും ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും 27നകം മാറ്റാനും ധാരണയായി. നിശ്ചിത തിയ്യതിക്കം ബോര്‍ഡുകള്‍ മാറ്റിയില്ലെങ്കില്‍ പോലീസ് എടുത്ത്മാറ്റുമെന്നും പട്ടാമ്പി സി ഐ ജോണ്‍സണ്‍ അറിയിച്ചു. കൊപ്പം ഗ്രാമ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ലതിക, പഞ്ചായത്തംഗങ്ങളായ കെ വി ഷംസുദ്ദീന്‍, വേലായുധന്‍, ഖൈറുന്നിസ അലി, റഹ്മത്ത്, സി പി സുഹറ, ടി അബ്ദുസ്സമദ്, മുസ്തഫ കല്ലിങ്ങല്‍, പട്ടാമ്പി സിഐ ജോണ്‍സണ്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ സോമന്‍, ഇ പി ശങ്കരന്‍, എം അബ്ദു, രാജരാജന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ പി. ശിഹാബ്, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.