പക്ഷിപ്പനി: വയനാട്ടിലും ജാഗ്രതാ നിര്‍ദേശം

Posted on: November 26, 2014 11:35 am | Last updated: November 26, 2014 at 11:35 am

കല്‍പ്പറ്റ: കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വയനാട്ടിലും ജാഗ്രതാ നിര്‍ദേശം. രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കാനാണ് നിര്‍ദേശം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
മുള്ളന്‍കൊല്ലിയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആരോഗ്യവകുപ്പ് കൂടുതല്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്നലെ രാവിലെയാണ് മുള്ളന്‍കൊല്ലിയില്‍ അഞ്ച് കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വെറ്ററിനറി സര്‍ജന്‍ പ്രാഥമിക പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നതാകാം കാക്കകള്‍ കൂട്ടത്തോടെ ചകാന്‍ കാരണമെന്നാണ് നിഗമനം.
കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കാനാവൂ. വയനാട്ടില്‍ ഇറച്ചി കടകളിലും, കോഴി ഫാമുകളിലും ഇന്നു മുതല്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ കോഴികള്‍ ജില്ലയിലെത്തുന്നതും പുറത്തേക്ക് പോകുന്നതും കൂടുതല്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനി വാര്‍ത്തകള്‍ പരന്നതോടെ ജില്ലയില്‍ ഇറച്ചിക്കോഴി വില്‍പ്പനയും വന്‍തോതില്‍ കുറഞ്ഞു.
ഒരാഴ്ച മുമ്പ് വരെ കോഴിയിറച്ചിയുടെ വില 150 മുതല്‍ 130 വരെയായിരുന്നു. എന്നാല്‍ ഈ ആഴ്ച 100 മുതല്‍ 110 രൂപവരെയായി വില ഇടിഞ്ഞിട്ടുണ്ട്.