Connect with us

Kozhikode

മെഡലുകള്‍ക്കായി മലയോരത്ത് തീവ്രപരിശീലനം

Published

|

Last Updated

താമരശ്ശേരി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണം വാരിക്കൂട്ടാന്‍ മലയോരത്ത് തീവ്ര പരിശീലനം. കോടഞ്ചേരി നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ ഇരുപത്തിരണ്ട് കായിക താരങ്ങളാണ് കഠിന പരിശീലനം നടത്തുന്നത്. കഴിഞ്ഞ ദേശീയ സ്‌കൂള്‍ മീറ്റില്‍ മെഡലുകള്‍ വാരിക്കൂട്ടിയ കെ ആര്‍ ആതിരയും കെ ആര്‍ സുജിതയും സംസ്ഥാന ചാമ്പ്യന്‍ അമലും ഉള്‍പ്പെടെയുള്ളവരാണ് മലയോര ടീമിലെ പ്രധാനികള്‍.
ദീര്‍ഘദൂര ഓട്ടങ്ങളായ 3000, 1500, 800, 400 മീറ്ററുകളിലും 5000, 3000 മീറ്റര്‍ നടത്തങ്ങളിലും ഇവര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ സ്‌കൂള്‍ മീറ്റില്‍ കെ ആര്‍ ആതിര 3000 മീറ്ററില്‍ സ്വര്‍ണവും 1500ല്‍ വെള്ളിയും കെ ആര്‍ സുജിത 3000 മീറ്ററില്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു. സംസ്ഥാന സ്‌കൂള്‍ മീറ്റിലാണ് വി എസ് അമല്‍ സ്വര്‍ണം നേടിയത്. റവന്യൂ ജില്ലയില്‍ 20 ഇനങ്ങളില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കുന്നത് ഈ മലയോര സേനയിലെ 19 പേരാണ്. മത്സരം നടക്കാന്‍ ബാക്കിയുള്ള 12 ഇനങ്ങളിലും ഇവര്‍ക്ക് പ്രതീക്ഷയുണ്ട്. കായികാധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമരം അവസാനിച്ചാല്‍ അടുത്തമാസം നാലിന് റവന്യൂജില്ലാ മത്സരങ്ങളും എട്ടിന് സംസ്ഥാന കായികമേളയും നടക്കും. നീട്ടിക്കിട്ടിയ പരിശീലന കാലയളവ് ഉപയോഗപ്പെടുത്താന്‍ കായികാധ്യാപകന്‍ മിനീഷിന്റെ നേതൃത്വത്തില്‍ ഇവര്‍ തീവ്രശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം നേടിയ 3000 മീറ്ററിലെ സ്വര്‍ണത്തോടൊപ്പം കൂടുതല്‍ മുന്നേറ്റം നടത്തണമെന്നാണ് കെ ആര്‍ ആതിരയുടെ മോഹം. സംസ്ഥാന കായിക മേളയില്‍ മുപ്പതിലേറെ ഇനങ്ങളില്‍ ഒരേ സ്‌കൂളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്നതില്‍ കോഴിക്കോടിനും അഭിമാനിക്കാം.