Connect with us

Kerala

പക്ഷിപ്പനി: ഭീതി വേണ്ട; കര്‍ശന ജാഗ്രത

Published

|

Last Updated

തിരുവനന്തപുരം: കുട്ടനാട് മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവയുടെ വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ മേഖലയിലെ താറാവ്, കോഴി, വളര്‍ത്തുപക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും കൊന്നൊടുക്കും. രണ്ട് മാസം വരെ പ്രായമുള്ളവക്ക് 75 രൂപയും രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവക്ക് 150 രൂപയും നഷ്ടപരിഹാരം നല്‍കും. മാരകമായ എച്ച് 5 വൈറസ് ആണ് കണ്ടെത്തിയതെന്നും ഈ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തിന് ശേഷം കൃഷി, മൃഗസംരക്ഷണ മന്ത്രി കെ പി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആലപ്പുഴയിലെ പുറക്കാട്, കൈനകരി, തലവടി എന്നിവിടങ്ങളിലും കോട്ടയത്തെ അയ്മനത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയില്‍ കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് പക്ഷികളെ കടത്തുന്നത് കര്‍ശനമായി തടയും. ആരോഗ്യം, റവന്യൂ, പോലീസ്, ഗതാഗതം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും നടപടികള്‍. പക്ഷിപ്പനിബാധിത മേഖലകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മാംസം, മുട്ട, താറാവ്, കോഴിവളം തുടങ്ങിയവയുടെ വില്‍പ്പന നിരോധിക്കും. രോഗം ബാധിച്ച പക്ഷികളെ പാകം ചെയ്ത് കഴിക്കരുതെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങളടങ്ങിയ പത്രപ്പരസ്യവും നല്‍കും. ആരോഗ്യ വകുപ്പും വെറ്ററിനറി സര്‍വകലാശാലയും ചേര്‍ന്ന് തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ വീടുകളില്‍ വിതരണം ചെയ്യും. ഇതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തും. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല. ശരിയായി വേവിച്ച ഇറച്ചിയും മുട്ടയും കഴിക്കുന്നത് അപകടമല്ലെങ്കിലും താറാവുകളും കോഴികളുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. പ്രധാനമായും ഇവ കൃഷി ചെയ്യുന്നവരും പാചകം ചെയ്യുന്നവരും മുറിവുകളില്‍ കൂടി രോഗം പടരാതിരിക്കാന്‍ കൂടുതല്‍ സൂക്ഷിക്കണം. ഇവര്‍ക്കാവശ്യമായ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.
രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിന് നിയുക്തരാവുന്നവര്‍ക്ക് പ്രത്യേകം വസ്ത്രം, മുഖാവരണം, കണ്ണട, പ്രതിരോധ മരുന്ന് എന്നിവ വിതരണം ചെയ്യും. ഇവ മതിയായ തോതില്‍ ലഭ്യമാകുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ മാസ്‌ക് ധരിക്കാത്ത ആരെയും കടത്തിവിടില്ല. നാല് പേരടങ്ങുന്ന പതിനാല് സംഘങ്ങളെയാണ് താറാവുകളെയും കോഴികളെയും കൊന്നൊടുക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. പക്ഷിപ്പനി ബാധിച്ച ജില്ലയില്‍ ഒരു അഡീഷനല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാര്‍ എന്നിവരെ വീതം വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മരുന്നെത്തിക്കുന്നത്. കേരളത്തില്‍ ലഭ്യമായ മരുന്നുകള്‍ ഇതിനകം വിതരണം ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് വിദഗ്ധര്‍ കേരളത്തിലെത്തും.
ഹൈലി പത്തോജനിക് ഏവിയന്‍ ഇന്‍ഫഌവന്‍സ (എച്ച് 5) വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദേശാടനപ്പക്ഷികളുടെ കാഷ്ഠത്തില്‍ നിന്ന് വൈറസ് പടര്‍ന്നതാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. വെള്ളത്തിലൂടെയും ഉപരിതലത്തിലൂടെയും രോഗം വരാനുള്ള സാധ്യത കണക്കിലെടുത്താണ് കൂട്ടത്തോടെ താറാവുകളെ കത്തിച്ചുകളയാന്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest