ആഴക്കടല്‍ എണ്ണ കൈമാറ്റം: സുരക്ഷ വര്‍ധിപ്പിക്കാന്‍ നിരീക്ഷണ നൗകയും

Posted on: November 26, 2014 12:19 am | Last updated: November 26, 2014 at 12:19 am

കൊച്ചി: ആഴക്കടല്‍ എണ്ണ കൈമാറ്റകേന്ദ്ര (സിംഗിള്‍ പോയിന്റ് മൂറിംഗ്) ത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി പി സി എല്‍) അതിവേഗ നിരീക്ഷണ നൗക നീറ്റിലിറക്കി. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടൂറിസ്റ്റ് ജെട്ടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല നൗക ഫഌഗ് ഓഫ്‌ചെയ്തു. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി ഐ എസ് എഫ്) യ്ക്കായാണ് നൗക വാങ്ങിയത്. ബിപിസിഎല്‍ കൊച്ചി എണ്ണ ശുദ്ധീകരണശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കരില്‍നിന്ന് ഏറ്റുവാങ്ങിയ നൗകയുടെ താക്കോല്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണിക്ക് ചെന്നിതല കൈമാറി.
തീരത്തുനിന്ന് 19.5 കിലോമീറ്റര്‍ അകലെയുള്ള എസ് പി എമ്മിന്റെ സുരക്ഷയ്ക്ക് നൗക സഹായകമാകുമെന്ന് ചെന്നിത്തല പറഞ്ഞു. സുരക്ഷക്കാണ് പ്രഥമ പരിഗണ നല്‍കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച എസ് ശര്‍മ എം എല്‍ എ പറഞ്ഞു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കഷ്ടപ്പെടുന്ന മത്സ്യമേഖലയെ സംരക്ഷിക്കുന്നതിന് പാക്കേജ് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ ഉടന്‍ ബി പി സി എല്‍ 5000 കോടി രൂപയുടെ പെട്രോനെറ്റ് കോംപ്ലക്‌സിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് പ്രസാദ് കെ പണിക്കര്‍ അറിയിച്ചു.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായി. എ ഡി ജിപി ബി എസ് മുഹമ്മദ് യാസിന്‍, തീരസംരക്ഷണ സേന ഡി ഐജി ടി കെ എസ് ചന്ദ്രന്‍, ദക്ഷിണ നാവിക കമാന്‍ഡ് നേവല്‍ ഒഫീസര്‍ ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ സൈമണ്‍ മത്തായി, പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് ടി എന്‍ നീലകണ്ഠന്‍, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് അനില്‍ ബാലി, ബി പി സി എല്‍ ഓപറേഷന്‍സ് മാനേജര്‍ സി കെ സോമന്‍, സിറ്റി പോലീസ് കമീഷണര്‍ കെ ജി ജയിംസ് എന്നിവര്‍ പങ്കെടുത്തു.
20 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള ആധുനിക നൗക സി ഐ എസ് എഫിന്റെ ദ്രുത പ്രതികരണ വിഭാഗത്തിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. അടിയന്തര ഘട്ടങ്ങളില്‍ സേനയുടെ കൊച്ചി ആസ്ഥനവുമായും പോര്‍ട് ട്രസ്റ്റ്, ബി പി സി എല്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളുമായും വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുംവിധം ആധുനിക ഉപകരണങ്ങളും നൗകയില്‍ സജ്ജമാക്കിയിട്ടുണ്ട്.