Connect with us

Articles

അഴിമതിയുടെ അഴിഞ്ഞാട്ടവും ഭരണ സംവിധാനങ്ങളും

Published

|

Last Updated

കോഴ വിവാദം-ബാറില്‍ നിന്നും പൊതുമരാമത്തിലേക്കു വളര്‍ന്നു കഴിഞ്ഞു. വിജിലന്‍സ് അല്ല സി ബി ഐ തന്നെ എത്ര അന്വേഷിച്ചാലും, ഒന്നും തെളിയിക്കാന്‍ പോകുന്നില്ല. ആദര്‍ശശുദ്ധിയും അഴിമതി നിരോധവും ഒന്നുമല്ല ഇതിനൊക്കെ പിന്നിലെന്ന് ആര്‍ക്കാണ് അറിയാത്തത്!. പക പോക്കലും തന്‍കാര്യം നേടലും ചെളിവാരി എറിയലും; എല്ലാം കഴിയുമ്പോള്‍ ഒരു ശുദ്ധികലശവും കെട്ടിപ്പിടിക്കലും. ഈ നാടകം നമ്മുടെ നാടെത്ര കണ്ടതാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാരുടെ കുഞ്ഞു കുഞ്ഞും ധനകാര്യ മന്ത്രി കെ എം മാണി പാലാക്കാരുടെ കുഞ്ഞുമാണിയുമാണ്. പുതുപ്പള്ളിയും പാലായും തമ്മില്‍ മലബാറുകാര്‍ കരുതുന്നതു പോലെ അത്ര കാര്യമായ ദൂരമൊന്നുമില്ല. കഷ്ടിച്ച് അരമണിക്കൂറിന്റെ വാഹനയാത്ര. അത്ര മാത്രം. പുതുപ്പള്ളിക്കാരും പാലാക്കാരും വംശീയമായി നസ്രാണികളെന്ന പെതു പരികല്പനയില്‍പ്പെടുമെങ്കിലും പുതുപ്പള്ളിക്കാര്‍ പുത്തന്‍ കൂറ്റുകാരും പാലാക്കാര്‍ പഴയകൂറ്റുകാരും ആണ്. എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം എന്ന് ചോദിച്ചാല്‍ വത്തിക്കാനും കോട്ടയവും തമ്മിലുള്ള വ്യത്യാസം തന്നെ വരും. പഴയകൂറ്റുകാരുടെ മാര്‍പ്പാപ്പാ അങ്ങ് വത്തിക്കാനിലെങ്കില്‍ ഞങ്ങള്‍ പുത്തന്‍ കൂറ്റുകാരുടെ മാര്‍പ്പാപ്പ പുതുപ്പള്ളിക്കടുത്തുള്ള കഞ്ഞിക്കുഴിയിലാണ്. പഴയകൂറ്റുകാര്‍ക്കു ലോകവ്യാപകമായി ധാരാളം പുണ്യവാളന്‍മാരുണ്ട്. പാലാക്കാര്‍ക്ക് സ്വന്തമായി രണ്ടു പുണ്യളവാന്‍മാരെ അങ്ങ് വത്തിക്കാനില്‍ നിന്നും വാഴിച്ചു നല്‍കിയിട്ടുണ്ട്. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയും ചവറാ കുര്യാക്കോസ് ഏലിയാസച്ചനുമാണ് ആ രണ്ടുപേര്‍. ജീവിച്ചിരിക്കുന്നവരെ പുണ്യവാളന്‍മാരക്കാന്‍ കത്തോലിക്കാ സഭയില്‍ വകുപ്പുകളില്ലാത്തതിനാല്‍ പാലാക്കാരുടെ കുഞ്ഞുമാണി എന്ന നമ്മുടെ ധനകാര്യ മന്ത്രി സാക്ഷാല്‍ ശ്രീ കെ എം മാണിക്കു മരണാനന്തരം ഒരുപുണ്യവാളപദവി കല്‍പ്പിച്ചനുവദിച്ചുകിട്ടാനുള്ള സാധ്യത ഉണ്ടെന്നാണ് പാലായിലെ തിരുസഭയുടെ കുഞ്ഞാടുകള്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നത്. അപ്പോഴാണ് ബിജു രമേശ് എന്ന ഒതു മദ്യമുതലാളി അവരുടെ തലയില്‍ ഇടിത്തീപോലെ ഒരു കോടിയുടെ കോഴയാരോപണവുമായി മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.
മാണിസാറിനെതിരായ ആരോപണത്തിനുപിന്നില്‍ മറ്റാരും അല്ലാ, ആ പുതുപ്പള്ളിയിലെ പുണ്യാവാളന്‍ തന്നെയാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടു തൊട്ടു പിന്നാലെ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രത്യക്ഷപ്പെട്ടു. നോക്കണേ ഓരോ വിനകള്‍! ഞങ്ങള്‍ പുത്തന്‍ കൂറ്റു ക്രിസ്ത്യാനികള്‍ക്ക് സ്വന്തമായി വളരെ കുറച്ചു പുണ്യാളന്‍മാരെയുള്ളൂ. പുതുപ്പള്ളിക്കാര്‍ അവരുടെ സ്വന്തമെന്നു കരുതിയിരുന്ന സാക്ഷാല്‍ ഗീവര്‍ഗീസ് പുണ്യാളന്‍ പഴയകൂറ്റുകാര്‍ക്കുകൂടെ അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ജന്‍മനാട് അങ്ങ് കപ്പദോക്യയിലാണെങ്കിലും ഇന്നു കേരളത്തില്‍ മാത്രമേ അദ്ദേഹത്തിന് ചെറിയ തോതിലെങ്കിലും സ്വീകാര്യതയുള്ളൂ. കുതിരപ്പുറത്തിരുന്ന കുന്തംകൊണ്ടു സര്‍പ്പത്തെക്കൊല്ലുന്ന ഗീവര്‍ഗീസ് പുണ്യവാളന്റെ ചിത്രം സാര്‍വത്രികമാണെങ്കിലും കക്ഷിയുടെ വിശദമായ ബയോഡാറ്റ ഒന്നും ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹത്തെ പുണ്യവാളന്‍മാാരുടെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാനും പുതിയ പുണ്യവാളന്‍മാരെ സൃഷ്ടിച്ച് ആ ഒഴിവുനികത്താനും ആണ് വത്തിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ തീരുമാനം. കാര്യമൊക്കെക്കൊള്ളാം, ഞങ്ങളുടെ ഗീവര്‍ഗീസിനെ തൊട്ടുകളിച്ചാല്‍ കളികാര്യമാകും. നസ്രാണകള്‍ ഒറ്റസ്വരത്തില്‍ ആക്രോശിച്ചു. റോമില്‍ നിന്ന് പരിഹാരനിര്‍ദേശമുണ്ടായി. ഗീവര്‍ഗീസിന്റെ നാമത്തില്‍ ഇപ്പോള്‍ നിലവില്‍ അത്ഭുതങ്ങള്‍ നടക്കുന്ന പള്ളികളില്‍ അദ്ദേഹം സ്വസ്ഥമായി ഇരുന്നുകൊള്ളട്ടെ. പുതിയ പള്ളികളൊന്നും ഈ പുണ്യാളച്ചന്റെ നാമത്തില്‍ സ്ഥാപിക്കേണ്ടതില്ല. തത്കാലം വെടിനിറുത്തലുണ്ടായി. ഗീവര്‍ഗീസ് സഹദാ ഒരുപട്ടാളക്കാരന്‍ കൂടി ആയിരുന്നതിനാലാകാം പുതുപ്പള്ളിയും ഈരാറ്റു പേട്ടയും ഉള്‍പ്പെടെയുള്ള സര്‍വമാന ഗീവര്‍ഗീസ് പള്ളികളിലും പെരുന്നാള്‍ നേര്‍ച്ച കള്ളും കോഴിയിറച്ചിയും ആണ്. വത്തിക്കാനെന്തൊക്കെപ്പറഞ്ഞാലും ഞങ്ങളുടെ കഞ്ഞിക്കുഴിയിലെ മാര്‍പ്പാപ്പ ഗീവര്‍ഗീസ് ആരാധനയെ സര്‍വാത്മനാ പ്രോത്സാഹിപ്പിച്ചുപോന്നു. അദ്ദേഹത്തിന്റെ സ്വന്തം ഗീവര്‍ഗീസ് പള്ളിയായ പുതുപ്പള്ളി പള്ളിയുടെ മുറ്റത്ത് കിളിത്തട്ടുകളിച്ചു ശീലിച്ച് കേരള രാഷ്ടീയത്തിലേക്ക് അടിവെച്ചു കയറിയ അതുല്യ പ്രതിഭയാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞു കുഞ്ഞായ ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി. പരുമല തിരുമേനിക്കു ശേഷം കേരളം കണ്ട ഏക പുത്തന്‍ കൂറ്റു പുണ്യാളനാണ് ഉമ്മന്‍ ചാണ്ടി എന്ന കാര്യത്തില്‍ കുറഞ്ഞപക്ഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കെങ്കിലും സംശയമില്ല.
ഹിന്ദുപുരാണത്തിലെ ദേവേന്ദ്രന്റെ അതേസ്വഭാവമാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ലീഡര്‍ ആയിരിക്കുന്നകാലം മുതല്‍ കുഞ്ഞു കുഞ്ഞിന്റെത്. ആരെങ്കിലും എവിടെയെങ്കിലും തപസ്സുതുടങ്ങിയാലുടന്‍ ദേവേന്ദ്രന്‍ വിചാരിക്കും അത് തനിക്കെതിരായ നീക്കമാണെന്ന് . സ്വന്തം അനുചരന്മാര്‍ അദ്ദേഹത്തിന്റെ കാതില്‍ മന്ത്രിക്കും. ജാഗ്രതൈ! ഏതെങ്കിലും തരത്തില്‍ ആ തപസ്സ് തടസ്സപ്പെടുത്താനുള്ള നീക്കമായിരിക്കും ദേവേന്ദ്രസദസ്സില്‍ ആസൂത്രണം ചെയ്യപ്പെടുക. അതിനായി സരിതയെങ്കില്‍ സരിത, ബിജു രമേശ് എങ്കില്‍ അത് ആരെയും എടുത്തുപയോഗിച്ചുകളയും ഇത്ര ബുദ്ധിശാലിയായ ഒരു രാഷ്ടീയ നേതാവിനെ രാഷ്ടീയ കേരളം കണ്ടിട്ടേയില്ല. ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്ഥാനത്തിനുപോലും സര്‍വഥായോഗ്യനായിരുന്ന സാക്ഷാല്‍ കെ കരുണാകരന്‍, പ്രധാനമന്ത്രിയോ എ ഐ സി സി അധ്യക്ഷനോ ആകാന്‍ പരിഗണിക്കപ്പെടാവുന്ന ശ്രീ എ കെ ആന്റണി ചുരുങ്ങിയ പക്ഷം മറ്റൊരു വി എം സുധീരനെങ്കിലും ആകാന്‍ സാധ്യതയുണ്ടായിരുന്ന ശ്രീ ചെറിയാന്‍ ഫിലിപ്പ്, ബഹിരാകാശ ഗവേഷണ രംഗത്ത് ചുരുങ്ങിയത് ഒരു നൊബേല്‍ സമ്മാനത്തിനെങ്കിലും പരിഗണിക്കാവുന്ന ശാസ്ത്രജ്ഞന്‍ ശ്രീ നമ്പി നാരായണന്‍… അങ്ങനെ എത്രയെത്ര വലിയ മനുഷ്യരെയാണ് പുതുപ്പള്ളിക്കാരുടെ ഈ കുഞ്ഞു കുഞ്ഞു ചരിത്രത്തില്‍ നിന്നും വെട്ടിമാറ്റിയത്!.
ഇത്രയൊക്കെ കഴിവുള്ള ഈ കുഞ്ഞു കുഞ്ഞുണ്ടോ വയസ്സുകാലത്ത് ഗാന്ധിയന്‍ കളിക്കുന്ന ശ്രീ വി എം. സുധീരനെയോ മാര്‍ക്‌സിസ്റ്റുകാരുടെ പിന്തുണയോടെ തന്റെ കസേര സ്വന്തമാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞുമാണിയെയോ ഭയപ്പെടുന്നു? അവര്‍ക്കെതിരെ എന്തായുധമെടുത്ത് എപ്പോള്‍ പ്രയോഗിക്കണമെന്ന് സന്ദേഹിച്ച് ഭാര്യ മറിയാമ്മയോടെപ്പം പുതുപ്പള്ളി പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന കണ്ടുകൊണ്ടുനില്‍ക്കുമ്പോഴാണ് മദ്യ കുപ്പികളുമായി ഗീവര്‍ഗീസ് സഹദാ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ആര്‍ക്കി മിഡീസ് പണ്ടു “യുറിക്കാ” എന്ന് വിളിച്ചു കൂവി തെരുവിലിറങ്ങി ഓടിയതുപോലെ നമ്മുടെ മുഖ്യമന്ത്രി പള്ളിയില്‍ നിന്നിറങ്ങി ഓടിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഈ ഓട്ടമാണ് പോലും കെ എം മാണിക്കെതിരെ ഗൂഡാലോചന നടത്താന്‍ ശ്രീമാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചതെന്നനുമാനിക്കാന്‍ പാകത്തിലാണ് ഏതു വിവാദത്തിനും അന്തിമ ഉത്തരം നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ചീഫ്‌വീപ്പ്് പി സി ജോര്‍ജിന്റെ പ്രസ്താവന.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിട്ടത്ര തുക മദ്യമുതലാളിമാര്‍ തളികയില്‍ വച്ച് കെ പി സി സി ഓഫീസില്‍ ഹാജരാക്കിയില്ലെന്നതായിരുന്നു ബാറുകളുടെ നിലവാരമില്ലായ്മയെക്കുറിച്ചാലോചിക്കാന്‍ പുതുതായി സ്ഥാനമേറ്റ കെ പി സി സി പ്രസിഡന്റിനെ നിര്‍ബന്ധിതനാക്കിയത്. ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് ഒരു വെടിക്കു രണ്ടു പക്ഷിയായിരുന്നു. ശിശു സഹജമായ നിഷ്‌കളങ്കതയോടെ മദ്യനിരോധനം എന്ന ആവശ്യവുമാ യി ദീര്‍ഘകാലമായി ബോധവത്കരണ രംഗത്തു പ്രവര്‍ത്തിക്കുന്ന പള്ളിമേധാവികളെ പാട്ടിലാക്കുക. മറ്റൊന്ന,് അഞ്ഞൂറുരൂപാ നോട്ടുകളിലും, തെരുവോരങ്ങളിലെ പ്രതിമകളിലുമായി കോണ്‍ഗ്രസ്സുകാര്‍ ഒതുക്കിക്കളഞ്ഞ ആ രാഷ്ട പിതാവിന്റെ ആദര്‍ശങ്ങളെ പിന്തുടരുന്ന ഒരു യഥാര്‍ഥ കോണ്‍ഗ്രസ്സുകാരന്‍ തെക്കേ ഇന്ത്യയില്‍ നിന്നുയര്‍ന്നു വരുന്നു എന്ന പ്രതീതി സൃഷ്ടിച്ച് കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വത്തെ ഞെട്ടിക്കുക: ഇതു രണ്ടും ഒറ്റയടിക്കു സാധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിലവാരമില്ലാത്ത ബാറുകള്‍ ഒറ്റയടിക്കു പൂട്ടുക എന്ന ആവശ്യത്തില്‍ വി എം സുധീരന്‍ പിടി മുറുക്കിയത്. ഇതു വല്ലതും മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി ഉണ്ടൊ നമ്മുടെ ഈ മദ്യവിരോധികളായ പള്ളീലച്ചന്‍മ്മാര്‍ക്ക്?. അവരൊറ്റ സ്വരത്തില്‍ വി എം സുധീരനെ കേരള ഗാന്ധിയായി അഭിഷേകം ചെയ്തു. അദ്ദേഹത്തിനായി പ്രത്യേക നൊവേന നടത്തി.
ഇതിന്റെ അപകടം ഉമ്മന്‍ചാണ്ടിക്ക് ആരെങ്കിലും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതുണ്ടോ. ഉമ്മന്‍ചാണ്ടി ആരാ മോന്‍? അദ്ദേഹം സകലരേയും ഞെട്ടിച്ചുകൊണ്ട് തന്റെ ക്യാമ്പിനറ്റിനെക്കൊണ്ട് ഒരു തീരുമാനം എടുപ്പിച്ചു. മദ്യത്തിന്റെ മണമുള്ള പണം ഈ സര്‍ക്കാരിനു വേണ്ട. കേരളത്തിലെ സര്‍വബാറുകളും പൂട്ടുക. അത്യാവശ്യം കൂടിച്ചേ തീരൂ എന്ന് നിര്‍ബന്ധമുള്ളവര്‍ ഫൈവ് സ്റ്റാറില്‍ പ്പോയി കൂടിച്ചോട്ടെ. സുധീരനെതിരെയുള്ള ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിപരമായ ഒരു കരുനീക്കമാണിതെന്നൊക്കെ അറിയാമെങ്കിലും കെ എം മാണി ഉള്‍പ്പെടെയുള്ള സകല സഖ്യകക്ഷി നേതാക്കള്‍ക്കും മദ്യത്തിന് അനുകൂലമായി ഒരക്ഷരം പറയാന്‍ ഉള്ള എല്ലാ പഴുതുകളും ഉമ്മന്‍ ചാണ്ടി അടച്ചു കളഞ്ഞു.
ബാറുകള്‍ പൂട്ടിയതാണ് കേരളത്തിലെ ഖജനാവ് ശോഷണത്തിനു കാരണമെന്ന് പ്രചരിപ്പിക്കാനും നിത്യോപയോഗവസ്തുക്കളിന്‍മേല്‍ വന്‍ നികുതിഭാരം ചുമത്തി മദ്യവിഷയത്തില്‍ കക്ഷികളേ അല്ലാത്ത കേരളത്തിലെ പാവപ്പെട്ട ജനസമൂഹത്തെ പരമാവധി പിഴിയാനും ധനകാര്യമന്ത്രി ഒട്ടും മടിച്ചില്ല. സാരമില്ല, സഹിച്ചേക്കാം എന്നുകരുതി സാമാന്യജനം ആശ്വസിച്ചു, ഇനിയെങ്കിലും ഈ മദ്യപന്മാരുടെ ശല്യമില്ലാതെ നാട്ടിലിറങ്ങി നടക്കാമല്ലോ എന്ന്. പക്ഷേ ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ ഖജനാവില്‍ ഒരു പൈസായുടെപോലും കുറവനുഭവപ്പെട്ടില്ലെന്നതായിരുന്നു സത്യം. ബീവറേജു കോര്‍പറേഷന്റെ വില്പനകേന്ദ്രങ്ങളില്‍ നിന്നുള്ള വരുമാനം മുമ്പെത്തേതിലും അധികമായി. കുടിയന്മാര്‍ക്കിഷ്ടാനുസരണം മദ്യം ലഭ്യമാക്കാന്‍ ഈ വില്പന കേന്ദ്രക്കാര്‍ക്കു കഴിഞ്ഞു. കുടിപ്രിയന്മാര്‍ക്ക് പഴയതിലും കുറഞ്ഞ ചെലവില്‍ തട്ടുകടകള്‍ക്കു പിന്നിലും നിറുത്തിയിട്ട വാഹനങ്ങളിലും സ്വന്തം വീടുകളിലും ഇരുന്ന് യഥേഷ്ടം കുടിച്ചു മറിയാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി. അപ്പോഴും പാവം നമ്മുടെ പള്ളീലച്ചമ്മാരും ഗാന്ധിയമ്മാരും മദ്യ രഹിതകേരളത്തെ വാഴ്ത്തിപ്പാടി. വി എം സുധീരനേയും ഉമ്മന്‍ ചാണ്ടിയേയും വാഴ്ത്തപ്പെട്ടവരാക്കാന്‍ നീക്കങ്ങള്‍ നടത്തി. സമ്പൂര്‍ണ മദ്യനിരോധം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ 2024 വരെ കാത്തിരിക്കണം എന്നു പറഞ്ഞതിന്റെ യുക്തി എന്തെന്നാരും ചോദിച്ചുമില്ല. ദേശീയപാതയോരത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ ശ്രീ വി എം സുധീരന്‍ പോലും അനുകൂലിച്ചില്ല. കോടതി ബാറുടമകള്‍ക്കനുകൂലമാണെന്നാണ് സുധീരന്റെ പ്രതികരണം. ഗവണ്‍മെന്റ് പൂട്ടിയ ബാറുകള്‍ കോടതികള്‍ മുഖേന തുറന്നു കിട്ടാന്‍ വേണ്ടതൊക്കെ ചെയ്തു തരാമെന്ന ഉറപ്പിലായിരിക്കണം കോടികള്‍ കൈമാറിയത്. ഇതൊക്കെ സുധീരനറിയാമെങ്കിലും പുറത്തു മിണ്ടാന്‍ പറ്റാത്ത വെട്ടിലാണ് ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ ചാടിച്ചിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കന്‍മാരുടെ ഇരട്ടമുഖമാണ് കേരളത്തിലെ ബാറുടമകളുടെ എല്ലാ അഴിഞ്ഞാട്ടത്തിനും ഒത്താശ ചെയ്തുകൊടുത്തത്. “ഒരേ സമയം അച്ഛന്റെ കൂടെ നടക്കുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം” എന്നു ശാഠ്യം പിടിക്കുന്ന കുട്ടിയുടെ അതേമനസ്സാണ് കേരളത്തിലെ ഭൂരിപക്ഷം വരുന്ന നമ്മുടെ രാഷ്ടീയ കക്ഷികളുടേതും. മദ്യ വിരോധികളുടെ വോട്ടും വേണം. മദ്യം വിറ്റുള്ള പണവും വേണം ഇതെങ്ങനെ സാധിക്കാനാണ്?
ഈ ഇരട്ടത്താപ്പ് അവസാനിക്കണം ബാര്‍മാഫിയായും രാഷ്ടീയ മാഫിയായും അടങ്ങിയ ജനവിരുന്ധസഖ്യം
അധികം ആരും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു കാര്യം- ബാറു പൂട്ടല്‍, രാഷ്ടീയ നേതാക്കളുടെ അവിഹിത വരുമാനത്തെയല്ലാതെ ഖജനാവിന്റ ആസ്തിയെ ഒരു കാലത്തും കാര്യമായി ബാധിച്ചിട്ടില്ലെന്ന വസ്തുതയാണ്. രണ്ടു തരം ബാറുകളാണ് നമുക്കുള്ളത്. ഒന്ന് നിയമം പഠിച്ച വക്കീലമ്മാരുടെ സംഘടനയായ ബാര്‍ അസോസിയേഷന്‍, മറ്റേതു മദ്യമുതലാളിമാരുടെ സംഘടന. ബാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം മറ എന്നാണ്. രണ്ടു ബാറുകളിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ സാധാരണക്കാര്‍ക്കത്രകണ്ടു ധാരണകളൊന്നും ഇല്ല. പൊതുജനത്തെ ഒളിച്ച് എന്തൊക്കെയോ ഈ രണ്ടിടങ്ങളിലും നടക്കുന്നു എന്ന് വ്യക്തം. ഇപ്പോള്‍ ബാറിന്റ അഥവാ മറയുടെ മറ്റൊരു രൂപമായി ആംഗലഭാഷയില്‍ രൂപപ്പെട്ട മറ്റൊരു വാക്കാണ് മാഫിയ. നമ്മുടെ മേല്‍പറഞ്ഞ രണ്ടു ബാര്‍ സംഘനകള്‍ക്കും മാഫിയാ വിശേഷണം ചേരുമെന്നുതോന്നുന്നു. കള്ളക്കടത്തിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മുഴുകുന്ന രഹസ്യ കുറ്റവാളി സംഘം-എന്നാണ് നിഘണ്ടു നല്‍കിയിരിക്കുന്ന മാഫിയായുടെ അര്‍ഥം. സുതാര്യമല്ലാത്ത ഏതിടപാടുകള്‍ക്കുചുറ്റും മാഫിയാ പരിവേഷം നിറഞ്ഞു നില്‍ക്കുന്നു. സിസിലിയിലാണ് ആദ്യം ഇതു രൂപപ്പെടുന്നത്. പിന്നീട് അമേരിക്കയിലേക്ക് വ്യാപിച്ചു. ഇപ്പോള്‍ ഏതാണ്ട് ആഗോള വ്യാപകമായി തീര്‍ന്നിട്ടുണ്ട്. ജനാധിപത്യം; ജനസേവനം ഇതൊക്കെ അര്‍ഥശൂന്യമായ വാക്കുകളായി മാറുന്നു. മദ്യമാഫിയ, സെക്‌സ് മാഫിയ, രാഷ്ട്രീയ മാഫിയ, ഇപ്പേള്‍ കേട്ടു തുടങ്ങിയിരിക്കുന്നു, മാധ്യമ മാഫിയകളും ഉണ്ടെന്ന്. ഇനി എന്തൊക്കെ മാഫിയകളായിരിക്കും ദൈവമേ വരാനിരിക്കുന്നത്?.

 

 

Latest