കല്‍ക്കരിപ്പാടം അഴിമതി;’മന്‍മോഹന്‍ സിംഗിനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല’

Posted on: November 26, 2014 6:00 am | Last updated: November 26, 2014 at 10:19 am

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് സി ബി ഐയോട് സുപ്രീം കോടതി. മന്‍മോഹന്‍ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്‍മോഹന്‍ സിംഗിനെ എന്തുകൊണ്ട് കേസ് അന്വേഷിച്ച സി ബി ഐ ചോദ്യം ചെയ്തില്ലെന്ന് പ്രത്യേക സി ബി ഐ കോടതി ജഡ്ജി ഭാരത് പരാസര്‍ ആരാഞ്ഞു. വന്‍കിട വ്യവസായി കെ എം ബിര്‍ള, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരേഖ് തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് ഈ കേസ്. ഈ കേസില്‍ അന്നത്തെ കല്‍ക്കരി മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കേണ്ടതുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേയെന്നും ഇടപാട് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ അദ്ദേഹത്തിന്റെ പ്രസ്താവന ആവശ്യമായിരുന്നില്ലേയെന്നും ജഡ്ജി ചോദിച്ചു.
കേസന്വേഷണ ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി എം ഒ) ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തതിനാല്‍ അന്നത്തെ കല്‍ക്കരി മന്ത്രിയുടെ പ്രസ്താവന ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കി. കോണ്‍ഗ്രസ് എം പി വിജയ് ദാര്‍ദയും മറ്റും ഉള്‍പ്പെട്ട കേസായതിനാല്‍ കല്‍ക്കരി കുംഭകോണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി സി ബി ഐയോട് ആവശ്യപ്പെട്ടു. എന്നാല്‍, അന്നത്തെ കല്‍ക്കരി മന്ത്രിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. 2005ല്‍ ഒഡീഷയിലെ തലാബിറ-11, 111 എന്നീ കല്‍ക്കരിപാടങ്ങള്‍ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കൊക്ക് അനുവദിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗായിരുന്നു കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്.
പി എം ഒയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ പ്രസ്താവന ഉള്ളതിനാല്‍ അന്നത്തെ കല്‍ക്കരി മന്ത്രിയെ ചോദ്യം ചെയ്തില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആവശ്യവുമില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേസ് ഡയറി കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ സി ബി ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. രേഖകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ വി കെ ശര്‍മ അഭ്യര്‍ഥിച്ചു. കേസ് ഡയറി ഫയല്‍, ക്രൈം ഫയല്‍ എന്നിവ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണം. കേസ് ഈ മാസം 27ലേക്ക് മാറ്റിവെച്ചു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ബിര്‍ളയും പരേഖും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, ക്രിമിനല്‍ പെരുമാറ്റ ദൂഷ്യം എന്നിവക്കാണ് ബിര്‍ളക്കും പരേഖിനും ഹിന്‍ഡാല്‍കോയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് എടുത്തത്.