പ്രകൃതി വിഭവങ്ങള്‍ കരുതലോടെ ഉപയോഗിക്കണം: മന്ത്രി ആര്യാടന്‍ മുഹമ്മദ്

Posted on: November 25, 2014 11:13 am | Last updated: November 25, 2014 at 11:13 am

ARYADANമലപ്പുറം: പ്രകൃതിയെ ഒട്ടും സ്‌നേഹിക്കാത്തതാണ് നാം ഇന്ന് അനുഭവിക്കുന്നതെന്നും നാം പ്രകൃതിയം നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കരുതല്‍ വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ ശുദ്ധമായ വായുവാണ് ഇല്ലാതാക്കുന്നത്. അതിലൂടെ മനുഷ്യന്റെ ഭാവി തലമുറയെയാണ് നാം നശിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രകൃതി വിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടത്തിയ നീര്‍ത്തടാസൂത്രണം-പ്രകൃതി വിഭവ സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരുതലോടെ ഉപയോഗിച്ചാലേ ഭാവി തലമുറക്ക് ജീവിക്കാന്‍ കഴിയൂ. മണ്ണെടുപ്പിനും വയല്‍ നികത്തലിനും നിയന്ത്രണമില്ലെങ്കില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ കുടിവെള്ളം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയണം.
സംസ്ഥാനത്ത് 44 നദികളുണ്ടെങ്കിലും വരള്‍ച്ച നേരിടുന്നു. വെള്ളം സംഭരിക്കാനും ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താനുമുള്ള നടപടികള്‍ ആവിഷ്‌കരിക്കണം. അനിയന്ത്രിതമായ ഇടപെടല്‍ മൂലം പരമ്പരാഗത ജലസ്രോതസ്സുകള്‍ നശിക്കുന്നതിനാല്‍ സംസ്ഥാനം ജലപ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ലാന്‍ഡ് യൂസ് കമ്മീഷനര്‍ ജോസ് ഐസക്, നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം സി മുഹമ്മദ് ഹാജി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ്, സെക്രട്ടറി സി കെ ജയദേവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ശശികുമാര്‍, അസി. ജിയോളജിസ്റ്റ് എസ് കുമരേശന്‍ പ്രസംഗിച്ചു.