Connect with us

Malappuram

മാരക്കാനയല്ല ഇത് മലപ്പുറം

Published

|

Last Updated

മലപ്പുറം: ഹോം ഗ്രൗണ്ടില്‍ ആതിഥേയരായ മലപ്പുറം എതിരാളികളായ പത്തനംതിട്ടയുടെ വലനിറക്കുന്നത് കാണാന്‍ കോട്ടപ്പടി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയ മലപ്പുറത്തിന്റെ താരങ്ങളോടൊപ്പമായിരുന്നു ആര്‍ത്ത് വിളിക്കുന്ന ഗ്യാലറി മുഴുവനും. ഗ്രൗണ്ട് സപ്പോര്‍ട്ട് നന്നായി ലഭിച്ച അവര്‍ അവസരം നന്നായി മുതലെടുക്കുകനും മറന്നില്ല. 2,32000 രൂപയുടെ വരുമാനമാണ് ഇന്നലെ ടിക്കറ്റ് വില്‍പനയിലൂടെ സംഘാടകര്‍ക്ക് ലഭിച്ചത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്റ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു.

സന്തോഷ് ട്രോഫി താരം ഏജീസിന്റെ കെ സലീലിന്റെ നേതൃത്വത്തിലാണ് മലപ്പുറം കളത്തിലിറങ്ങിയത്. കഴിഞ്ഞ തവണ നഷ്ടമായ കിരീടം സ്വന്തം തട്ടകത്തില്‍ തിരിച്ച് പിടിക്കാന്‍ ഉറപ്പിച്ച് ബൂട്ട്‌കെട്ടിയ മലപ്പുറം ആദ്യമത്സരം തന്നെ കെങ്കേമമാക്കി. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പത്തനംതിട്ടയെ മലപ്പുറം മലര്‍ത്തിയടിച്ചത്. കളിയിലുട നീളം പന്ത് കൈപ്പിടിയിലൊതുക്കിയ മലപ്പുറത്തിന് അവസരങ്ങള്‍ ഏറെ ലഭിച്ചു. ഏജീസിലെയും കേരള പോലീസിലെയും യുവതാരങ്ങളുടെ സാന്നിധ്യം മലപ്പുറത്തിന് കരുത്തായി. കളിയുടെ ആദ്യ പതിനഞ്ച് മിനിറ്റുകളില്‍ ശ്രദ്ധേയമായ നീക്കങ്ങളുണ്ടായെങ്കിലും അതൊന്നും ഗോളാക്കാന്‍ മലപ്പുറത്തിനായില്ല. 19-ാം മിനിറ്റില്‍ സെയ്ഫുദ്ദീന്‍ ഹെഡറിലൂടെ ആദ്യ ഗോള്‍ നേടിയതോടെ ഗ്യാലറിയില്‍ നിന്ന് ആര്‍പ്പുവിളകളുയര്‍ന്നു. വുവുസേലയുമായി കളികാണാനെത്തിയ കളിപ്രേമികള്‍ ബ്രസീലിലെ മാരക്കാനയെ ഓര്‍മിപ്പിച്ചു. മഞ്ഞ ജഴ്‌സിയണിഞ്ഞെത്തിയ മലപ്പുറത്തുകാര്‍ ബ്രസീലിനോടുള്ള ഇഷ്ടം ഒരിക്കല്‍ കൂടി കളിയിലൂടെ തെളിയിക്കുകയായിരുന്നു. നാല്‍പതാം മിനിറ്റില്‍ ഇര്‍ശാദ് പത്തനംതിട്ടയുടെ വലകുലുക്കി. ഇടവേളക്കു മുമ്പ് രണ്ടു ഗോളുകളാണ് മലപ്പുറം നേടിയത്. 54-ാം മിനിറ്റിലായിരുന്നു പത്തനംതിട്ടയുടെ ആദ്യ ഗോള്‍.
എം ആര്‍ അജിത്കുമാറാണ് ഹെഡറിലൂടെ ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍ പത്തനംതിട്ടയുടെ തുടര്‍ന്നുള്ള ശ്രമങ്ങളെല്ലാം പാളി. 57-ാം മിനിറ്റില്‍ വീണ്ടും ഇര്‍ശാദിലൂടെ മലപ്പുറം ലീഡ് ഉയര്‍ത്തി. ഇര്‍ശാദിന്റെ രണ്ടാംഗോളായിരുന്നു അത്. 83-ാം മിനിറ്റില്‍ പത്തനംതിട്ട ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാം സെല്‍ഫ് ഗോള്‍ വഴങ്ങി. 87-ാം മിനിറ്റില്‍ ഫിറോസ് മലപ്പുറത്തിന്റെ ആറാം ഗോള്‍ നേടിയതോടെ മലപ്പുറത്തിന്റെ തേരോട്ടം അവസാനിച്ചു. ഇനി സൈമിഫൈനലില്‍ എതിരാളികളെ കാത്തിരിക്കുകയാണ് മലപ്പുറം.