സംസ്ഥാന പാതയോരത്തെ ബോര്‍ഡുകള്‍; ഉന്നതരെ തൊടാന്‍ അധികാരികള്‍ക്ക് മടി

Posted on: November 25, 2014 11:06 am | Last updated: November 25, 2014 at 11:06 am

ചങ്ങരംകുളം: സംസ്ഥാനപാതയോരങ്ങളില്‍ ഇറക്കിക്കെട്ടിയ ഓടകളും ബോര്‍ഡുകളും അധികാരികള്‍ നീക്കിയെങ്കിലും ഉന്നതരുടെ സ്ഥാപനങ്ങള്‍ക്ക് നേരെ തിരിയാന്‍ അധികാരികള്‍ മടി കാണിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഉപജീവനത്തിനായി കാളാചാല്‍ പാതയോരങ്ങളില്‍ ഷെഡ്ഡ് കെട്ടി കച്ചവടം ആരംഭിച്ച ഒരു ഡസനോളം കച്ചവടക്കാരെയാണ് പി ഡബ്ല്യു ഡി അധികൃതര്‍ ഒഴിപ്പിച്ചത്. എന്നാല്‍ ഇതേ സ്ഥലത്ത് തന്നെ ഒരു ഉന്നതന്റെ ഹോട്ടലിന്റെ 15 അടിയോളം ഉയരത്തിലുള്ള കൂറ്റന്‍ബോര്‍ഡുകള്‍ നടപ്പാതയിലായി സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശത്തുമായി അഞ്ചോളം ബോര്‍ഡുകളാണ് ഹോട്ടല്‍ ഉടമ സ്ഥാപിച്ചിട്ടുള്ളത്. ഇതിനെതിരെ പൊതുമരാമത്തും പോലീസും നടപടിയെടുത്തതാണ് വിവാദമായിരിക്കുന്നത്. കോലോത്തുപാടം കോള്‍പടവിലെ വയല്‍നികത്തി നിര്‍മിച്ച പ്രസ്തുത ഹോട്ടലിനെതിരെ വ്യാപക പ്രതിഷേധം തുടക്കത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം പ്രതിഷേധങ്ങള്‍ ഇല്ലാതാകുകയായിരുന്നു.