Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ ജോലി ചെയ്യാതെ ശമ്പളം; അന്വേഷണം അട്ടിമറിക്കുന്നതായി പരാതി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ തൊഴിലാളി നേതാക്കള്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. കെ എസ് ആര്‍ ടി സിയില്‍ വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ ജോലി ചെയ്യാതെ രജിസ്റ്ററില്‍ ഒപ്പുവെച്ച് ശമ്പളം വാങ്ങുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കെ എസ് ആര്‍ ടി സിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ തന്നെയാണ് ഇതേക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണച്ചുമതലയുള്ള കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ കുറ്റക്കാരെ രക്ഷിക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്.
സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍പോകുന്ന നേതാക്കള്‍ അന്നേദിവസം രജിസ്റ്ററില്‍ ഒപ്പിട്ട് ശമ്പളം വാങ്ങുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇടതു- വലതു സംഘടനകളുടെ നേതാക്കള്‍ ഇത്തരത്തില്‍ അനധികൃതമായി രജിസ്റ്ററില്‍ ഒപ്പിട്ടതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സി എം ഡിയാണ് അന്വേഷണത്തിനുത്തരവിട്ടത്. അനധികൃതമായി ഒപ്പിട്ട രജിസ്റ്ററുകളടക്കം കൃത്യമായ തെളിവുകളോടെയാണ് അന്വേഷണം തുടങ്ങിയതെങ്കിലും സംഘടനാ നേതാക്കള്‍ക്ക് വേണ്ടി ദുര്‍ബലമായ തെളിവുകള്‍ മാത്രം പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
ആരോപണം നേരിടുന്ന സംഘടനാ നേതാക്കളുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ രഹസ്യമായി ചര്‍ച്ച നടത്തിയതായും ജീവനക്കാര്‍ ആരോപിക്കുന്നു. ഇടത് സംഘടനാ നേതാവ് രജിസ്റ്ററില്‍ ഒപ്പിട്ട ദിവസം പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ഫോട്ടോസഹിതമുള്ള പരാതിയാണ് അട്ടിമറിക്കുന്നത്. കെ എസ് ആര്‍ ടി സി വന്‍ നഷ്ടത്തില്‍ ഓടുന്ന സാഹചര്യത്തിലും ആവശ്യത്തിലധികം ജീവനക്കാരെയാണ് ഒരോ വിഭാഗത്തിലും നിയമിച്ചിരിക്കുന്നത്.